നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് തിരിച്ചടിയായി: മന്‍മോഹന്‍ സിങ്

Posted on: June 6, 2017 7:54 pm | Last updated: June 6, 2017 at 9:38 pm

ന്യൂഡല്‍ഹി: നോട്ടു നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാജ്യത്തെ സാമ്പത്തിക രംഗത്തിന് തിരിച്ചടിയായെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ. മന്‍മോഹന്‍ സിംഗ് ആരോപിച്ചു. നമ്മുടെ സാമ്പത്തിക വ്യവസ്ഥ നിലനില്‍ക്കുന്നത് ജനങ്ങളുടെ ചിലവഴിക്കല്‍ ശേഷിയെ മാത്രം ആശ്രയിച്ചാണെന്നും ഇത് സ്വകാര്യ മേഖലയിലെ നിക്ഷേപത്തെ കുറച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ കൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ടു നിരോധനത്തിന് ശേഷം ആളുകളുടെ കൈവശം പണമില്ലാതെ വന്നതോടെ സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങള്‍ തകര്‍ന്നടിഞ്ഞു. വ്യവസായ മേഖലയില്‍ 2016 മാര്‍ച്ചിലെ 10.7 ശതമാനം വളര്‍ച്ചയില്‍ നിന്ന് 2017 മാര്‍ച്ചില്‍ 3.8 ശതമാനമായി കുറഞ്ഞു.
ഇതിന്റെയെല്ലാം പ്രതിഫലനം രാജ്യത്ത് ജോലികള്‍ സൃഷ്ടിക്കുന്നതില്‍ പ്രതിഫലിക്കുമെന്നും രാജ്യത്തെ യുവാക്കള്‍ക്ക് ജോലി ലഭിക്കുക എന്നത് ദുഷ്‌കരമായി തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിന് മുമ്പും കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധധത്തിനെതിരെ മന്‍മോഹന്‍ സിംഗ് രംഗത്തു വന്നിട്ടുണ്ട്. നോട്ട് നിരോധനത്തെ ചരിത്രപരപമായ അബദ്ധം എന്ന് വിശേഷിപ്പിച്ച മന്‍മോഹന്‍, ഇത് സംഘടിതവും നിയമപരവുമായ കൊള്ളയടിക്കലാണെന്നും പറഞ്ഞിരുന്നു. നോട്ട് നിരോധനത്തിന്റെ പരിണിത ഫലം എന്താവുമെന്ന് ആര്‍ക്കും ഒരു തിട്ടവുമില്ല. എന്നാലിത് കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്ന കാര്യം ഉറപ്പാണ്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (ജി.ഡി.പി) രണ്ട് ശതമാനത്തിന്റെ കുറവുണ്ടാവുമെന്നും കഴിഞ്ഞ വര്‍ഷം മന്‍മോഹന്‍ പറഞ്ഞിരുന്നു.