വേനലിന് നിറം നല്‍കാന്‍ ഇത്തവണ വന്‍ സമ്മര്‍ ഫെസ്റ്റിവല്‍

Posted on: June 6, 2017 6:05 pm | Last updated: June 6, 2017 at 6:05 pm

ദോഹ: അത്യുഷ്ണം പെയ്തിറങ്ങുന്ന വേനലിന് നിറം പകരാന്‍ ഇത്തവണ ഏറ്റവും വലിയ ഖത്വര്‍ സമ്മര്‍ ഫെസ്റ്റിവല്‍ (ക്യു എസ് എഫ്). ഷോപ്പിംഗ്്, ഹോട്ടല്‍ പ്രമോഷനുകള്‍, തത്സമയ വിനോദ പരിപാടികള്‍, സവാരികള്‍, ഗെയിമുകള്‍ തുടങ്ങി നിരവധി ആഘോഷപരിപാടികള്‍ ഉള്‍പ്പെടുത്തി എഴുപതിലധികം ദിവസം നീളുന്ന ഫെസ്റ്റിവലിന് ജൂണ്‍ 22ന് തുടക്കമാകും. മേളക്കിടെ ഈദുല്‍ ഫിത്വറും ഈദ് അല്‍ അദ്ഹയും കൂടി എത്തുന്നതോടെ മേളക്ക് കൂടുതല്‍ തിളക്കമേറുമെന്ന് മാത്രമല്ല പ്രാദേശിക വിപണി സജീവമാകും.

രാജ്യത്തെ ചെറുകിട വിപണി മുതല്‍ ഹോട്ടല്‍ മേഖലയിലും ടൂറിസം രംഗത്തുമെല്ലാം ഉണര്‍വ് നല്‍കുന്ന ദേശീയ തലത്തിലുള്ള ആഘോഷമാണ് വേനല്‍ക്കാല ആഘോഷം. ‘നിങ്ങളുടെ വേനലിന് നിറം നല്‍കൂ’ എന്ന പ്രമേയത്തിലാണ് നാലാമത് ക്യു എസ് എഫ് അരങ്ങേറുന്നത്. ജൂണ്‍ 22ന് ആരംഭിക്കുന്ന മേള സെപ്തംബര്‍ അഞ്ച് വരെ നീളുമെന്ന് മേളക്ക് ചുക്കാന്‍ പിടിക്കുന്ന ഖത്വര്‍ ടൂറിസം അതോറിറ്റി (ക്യു ടി എ) അറിയിച്ചു. ഈദ് ആഘോഷവും വേനല്‍ ആഘോഷവും ഒരുമിച്ചായതിനാല്‍ വിനോദവും ഷോപ്പിംഗും ഹോട്ടല്‍ ഓഫറുകളുമെല്ലാം രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന് ക്യു ടി എ ഫെസ്റ്റിവല്‍ഇവന്റ് ഡയറക്ടര്‍ മശാല്‍ ശഹബിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷോപ്പിംഗ് പ്രമോഷനുകള്‍ മേളയുടെ ആദ്യ ദിനമായ ജൂണ്‍ 22ന് തുടങ്ങുമെങ്കിലും ആഘോഷ പരിപാടികള്‍ ജൂണ്‍ 26 മുതല്‍ക്കാണ്. ഈദുല്‍ ഫിത്വറിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഇത് വളരെയധികം സഹായകമാകും. ക്യു ടി എയുടെ പിന്തുണയിലും മാര്‍ഗനിര്‍ദേശത്തിലും സ്വകാര്യമേഖലയാണ് മേള നടത്തുന്നത്. നിരവധി വിനോദ പരിപാടികളും കുടുംബ സൗഹൃദ പരിപാടികളുമെല്ലാം അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെയും ആകര്‍ഷിക്കും.ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍, വേനല്‍ക്കാല വിനോദ നഗരം എന്നിവിടങ്ങളിലായി നൂറിലധികം വ്യത്യസ്ത വിനോദ, കായിക പരിപാടികള്‍ നടക്കും. രാജ്യം ഇതുവരെ കാണാത്ത നൂതന ഗെയിമുകളാകും ഇത്തവണ സജ്ജമാക്കുകയെന്ന് ക്യു സ്‌പോര്‍ട്‌സ് ഡെപ്യൂട്ടി ചെയര്‍മാന്‍ ഗാനിം അല്‍ മുഹന്നദി പറഞ്ഞു.

തല്‍സമയ വിനോദ പരിപാടികള്‍, മുപ്പതോളം അമ്യൂസ്‌മെന്റ് പാര്‍ക്ക് സവാരി, വ്യത്യസ്ത രുചിക്കൂട്ടുകളുമായി ഭക്ഷണശാലകള്‍ എന്നിവയെല്ലാം മേളക്ക് ജനപങ്കാളിത്തം വര്‍ധിപ്പിക്കും. ദോഹ കോമഡി ഫെസ്റ്റിവലിന്റെ ഭാഗമായി ഹോളിവുഡ് ഹാസ്യ താരം മാര്‍ലോണ്‍ വയന്‍സ് ഇതാദ്യമായി ദോഹയിലെത്തും. നൗവല്‍ അല്‍ കുവൈത്തിയ, സഊദി സൂപ്പര്‍താരം മുഹമ്മദ് അബ്ദു, റൊട്ടാന ഗ്രൂപ്പ് എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്ന് ആഗസ്ത് 18ന് നടക്കും. ആഗസ്ത് 19 മുതല്‍ 27 വരെ നാലാമത് മൈന്‍ഡ് സ്‌പോര്‍ട്‌സ് ലോക ചാമ്പ്യന്‍ഷിപ്പ് ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 40 രാജ്യങ്ങളില്‍ നിന്നായി 1,500 മൈന്‍ഡ്‌സ്‌പോര്‍ട്‌സ് പ്രേമികളെയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പകുതിയിലധികം ഹോട്ടല്‍ ശൃംഖലകളും മേളയില്‍ പങ്കാളികളാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 35 ശതമാനമാണ് വര്‍ധന. 77 ഹോട്ടലുകളിലും ഹോട്ടല്‍ അപ്പാര്‍ട്‌മെന്റുകളിലും പ്രത്യേക പാക്കേജായിരിക്കും സന്ദര്‍ശകര്‍ക്ക് ലഭിക്കുക. രണ്ട് രാത്രികള്‍ക്കുള്ള പണം നല്‍കിയാല്‍ ഒരു രാത്രി സൗജന്യമായി താമസിക്കാം. അഞ്ച് രാത്രിക്കുള്ള പണം നല്‍കിയാല്‍ ആറ് ദിവസം താമസിക്കാം. തിരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകള്‍ ഹമദ് വിമാനത്താവളത്തിലേക്ക് സൗജന്യമായി യാത്ര തുടങ്ങി നിരവധി ഓഫറുകളാണുള്ളത്. ഡിസ്‌കവര്‍ ഖത്വര്‍, ഖത്വര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സ് കമ്പനി എന്നിവരുടെ യാത്രാ പാക്കേജിലും നിരവധി ഓഫറുകളുണ്ട്. കൂടാതെ ഖത്വര്‍ എയര്‍വേയ്‌സിന്റെ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ദോഹയില്‍ ആഡംബര ഹോട്ടലില്‍ സൗജന്യ താമസവും നല്‍കും. വേനല്‍ക്കാലം മുഴുവന്‍ ഈ ഓഫര്‍ ഉണ്ടാകും. അമ്പത് ശതമാനം വരെ ഷോപ്പിംഗ് ഓഫറുകളാണ് ഷോപ്പിംഗ് കേന്ദ്രങ്ങളിലുള്ളത്. 200 റിയാലില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. ആഡംബര കാറുകളും ക്യാഷ് പ്രൈസുകളുമാണ് സമ്മാനം.