തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരാതിപ്പെട്ടി നിര്‍ബന്ധമാക്കും: മന്ത്രി കെ ടി ജലീല്‍

Posted on: June 6, 2017 4:34 pm | Last updated: June 6, 2017 at 4:34 pm

കല്‍പ്പറ്റ: എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പരാതിപ്പെട്ടി നിര്‍ബന്ധമാക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരുടേയും സെക്രട്ടറിമാരുടേയും അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ 15 ന് ശേഷം ഏതെങ്കിലും സ്ഥാനപത്തില്‍ പരാതിപ്പെട്ടി ഇല്ലാതിരുന്നാല്‍ അത് സെക്രട്ടറിമാരുടെ മാത്രം കുറ്റമായിരിക്കും. പൊതുജനങ്ങള്‍ക്ക് പരാതി വെള്ളക്കടലാസില്‍ ഇവിടെ എഴുതി ഇടാം. ഇതിന്റെ പരിശോധന പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തിനായിരിക്കും. തുടര്‍ന്ന് ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ പരാതികള്‍ ചര്‍ച്ച ചെയ്യും. അഴിമതി കുറച്ചു കൊണ്ടുവരാന്‍ ശക്തമായ നടപടി സ്വീകരിക്കും. ജില്ലയിലെ 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കിയ ജില്ലാ പഞ്ചായത്തുള്‍പ്പെടെയുളള എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും മന്ത്രി അഭിനന്ദിച്ചു. കെട്ടിട നിര്‍മാണ ചട്ടങ്ങല്‍ ഭേദഗതി ചെയ്യും.

കെട്ടിടനിര്‍മാണത്തിന് അനുമതി നിഷേധിക്കുന്ന പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്ന നോട്ടീസ് ഒരു തവണ മാത്രം നല്‍കാവുന്ന വിധത്തില്‍ ചട്ടത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് നേരത്തെ പോകുന്നത് തൊഴിലാക്കിയവരെ അതിന് അനുവദിക്കില്ല. നന്നായി ജോലിചെയ്യുന്നവരെ അനുമോദിക്കും. എല്ലാ പഞ്ചായത്തിലും ഒരു എ.ഇ, രണ്ട് ഓവര്‍സിയര്‍മാര്‍ എന്നത് തത്വത്തില്‍ അംഗീകരിച്ചതാണ്. എന്‍ജിനിയര്‍മാരുടെ ഒഴിവ് എംപ്ലോയ്‌മെന്റില്‍ നിന്ന് നികത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ ഒന്നുമുതല്‍ എന്‍ജിനിയര്‍മാരുടെ ശമ്പളം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നാകും. അതോടെ ഇവര്‍ അതിന്റെ ഭാഗമാകും. ആര്‍ദ്രം പദ്ധതിയുടെ വിജയത്തിനായി എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ഉച്ചയ്ക്ക് ശേഷം ആറുമണിവരെ പ്രവര്‍ത്തിക്കാനായി ഒരു ഡോക്ടറെയും ഒരു പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ രണ്ടുഡോക്ടര്‍മാരെയും രണ്ടുപാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സേവന മേഖലയ്ക്ക് നീക്കിവയ്ക്കുന്ന പ്ലാന്‍ ഫണ്ടില്‍ നിന്ന് ഇതിനുള്ള തുക നല്‍കാനാണ് തീരുമാനം. ഇതോടെ രണ്ടുമണിക്കുശേഷവും നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും ഡോക്ടര്‍മാരാകും. പദ്ധതി നിര്‍വഹണം സെപ്‌ററമ്പറോടെതന്നെ സക്രീയമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒരോ നാലുമാസം കൂടുമ്പോഴും നിശ്ചിത ശതമാനം ചെലവ് ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യും. പിന്നീട് സോഫ്റ്റ്‌വെയറുകളില്‍ മാറ്റം വരുത്താന്‍ കഴിയില്ല. മാര്‍ച്ച് മാസത്തില്‍ 15 ശതമാനത്തിലധികം ചെലവ് ഒരു തരത്തിലും അനുവദിക്കില്ലെന്നും മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. പദ്ധതി നിര്‍വഹണത്തില്‍ പുതിയ അധ്യായം കുറിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ,ഒ.ര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിണ്ടന്റ് ടി.ഉഷാകുമാരി, എ.ഡി.എം കെ.എം രാജു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി ജോസഫ്,അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.