ജൈവ പച്ചക്കറികളും ആദിവാസി ഉത്പന്നങ്ങളും ഇനി ഓണ്‍ലൈന്‍ വഴി

Posted on: June 6, 2017 4:58 pm | Last updated: June 6, 2017 at 4:27 pm

മലപ്പുറം: ജൈവ പച്ചക്കറികളും ആദിവാസി ഉത്പന്നങ്ങളും ചെറുകിട സംരഭകരുടെ ഉത്പന്നങ്ങളും ഇനി ഓണ്‍ലൈന്‍ വഴി ലഭിക്കും. കനറാ ബേങ്കിന്റെ കീഴിലുള്ള സുബ്ബ റാവു പൈ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രൈനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവരുടെ കൂട്ടായ്മയാണ് പുതിയ ഷോപ്പിംഗ് സൈറ്റ് തുടങ്ങുന്നത്.
നബാര്‍ഡിന്റെ സഹായത്തോടെയാണ് സൈറ്റ് നിര്‍മിച്ചത്. സൈറ്റിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് മൂന്നിന് ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍വഹിക്കും. നബാര്‍ഡ് ജി എം പി ബാലചന്ദ്രന്‍ പങ്കെടുക്കും. ആദിവാസികളുടെയും, ജൈവ കര്‍ഷകരുടെയും ചെറുകിട സംരംഭകരുടെയും, കുടുംബശ്രീ പ്രവര്‍ത്തകരുടെയും ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കും.

ഓരോ പഞ്ചായത്തിലും വരുന്ന ഓണ്‍ലൈന്‍ സെന്റര്‍ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സെന്ററിന് കീഴില്‍ ടാബുമായി വീടുകളിലെത്തി സൈറ്റും ഉല്‍പന്നങ്ങളും പരിചയപ്പെടുത്തി വില്‍പന നടത്തുന്ന രീതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്, ഓണ്‍ലൈന്‍ സെന്ററുകള്‍ നിത്യ ജീവിതത്തിനാവശ്യമായ എല്ലാ സേവനങ്ങളും ലഭിക്കുന്ന ഒരു കേന്ദ്രവും കൂടിയായിരിക്കും, വിഷരഹിത പച്ചക്കറികള്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ കണ്ടെത്തി ഓരോ കൃഷി ഭവനുകള്‍ക്ക് കീഴിലും കര്‍ഷകരെ സജ്ജരാക്കി ഇവര്‍ക്കുള്ള ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ഉപഭോക്താക്കളുടെയും കര്‍ഷകരുടെയും രജിസ്‌ട്രേഷന്‍ നടന്നു വരികയാണ്. കര്‍ഷകരും സംരംഭകരും ഉള്‍പ്പെടുന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി രൂപവത്കരണവും നടന്നു വരുന്നു.
ഗ്രീന്‍ ആര്‍മിയുടെ സഹായത്തോടെ ടെറസും മുറ്റവും ഉപയോഗപ്പെടുത്തി ജൈവ കൃഷി ചെയ്തു കൊടുക്കുക. വീട്ടമ്മമാര്‍ക്ക് വണ്ടൂര്‍ സൗജന്യ കൈത്തൊഴില്‍ പരിശീലനം നല്‍കി ഉത്പന്നങ്ങള്‍ ഉത്പാദിപ്പിച്ചു ഓണ്‍ലൈന്‍ വഴി വില്‍പനയാക്കുന്ന പദ്ധതികളും പരിപാടിയിലുണ്ട. ഇതോടൊപ്പം വലിയൊരു തൊഴിലവസരവും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഓണ്‍ലൈന്‍ സെന്ററുകള്‍ നടത്തുന്നതിനും ഫീല്‍ഡ് ഓഫീസേഴ്‌സീനും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ബന്ധപ്പെടാം. 9544601104, 9544701104