പാപമോചനത്തിന്റെ നാളുകളിലേക്ക്‌

Posted on: June 6, 2017 4:40 pm | Last updated: June 6, 2017 at 4:22 pm

മലപ്പുറം: കാരുണ്യത്തിന്റെ പവിത്രമായ പത്ത് ദിനങ്ങള്‍ പിന്നിട്ട് റമസാന്‍ പാപമോചനത്തിലെ നാളുകളിലേക്ക്. ദൈവത്തിന്റെ കാരുണ്യത്തിനായി പ്രാര്‍ഥിച്ച് സായൂജ്യമടങ്ങിയ വിശ്വാസികള്‍ക്ക് ജീവിതത്തില്‍ സംഭവിച്ചുപോയ പാപക്കറകള്‍ മായ്ക്കാനുള്ളതാണ് ഇനിയുള്ള പത്ത് രാപകലുകള്‍. കഴിഞ്ഞ കാലങ്ങളില്‍ അറിഞ്ഞും അറിയാതെയുമുണ്ടായ പാകപ്പിഴകള്‍ പൊറുത്ത് സംശുദ്ധമായ ജീവിതത്തിന് വേണ്ടി കേണപേക്ഷിക്കുന്ന ദിനങ്ങളാണിത്.

പാപമോചനം നേടി ഭാവി ജീവിതം സൃഷ്ടാവിന്റെ ആജ്ഞാനുസരണം പ്രവര്‍ത്തിച്ച് സ്വര്‍ഗീയ ലോകം നേടുക എന്നതാണ് ഓരോ വിശ്വാസിയുടെയും അന്തിമ ലക്ഷ്യം. രാത്രിയില്‍ ഉറക്കമൊഴിച്ച് ഈ സാക്ഷാത്കാരത്തിനായി സൃഷ്ടാവിലേക്ക് കരങ്ങളുയര്‍ത്തി കണ്ണുനീര്‍ വാര്‍ത്ത് ഖേദിച്ച് മടങ്ങാനുള്ള അസുലഭമായ അവസരമാണ് കൈവന്നിരിക്കുന്നത്. ഓരോ നമസ്‌കാരങ്ങള്‍ക്കു ശേഷവും ഇനി ഇതിനു വേണ്ടിയുള്ള പ്രാര്‍ഥനകളായിരിക്കും കണ്ഠങ്ങളില്‍ നിന്ന് ഉയരുക. സൃഷ്ടാവ് അവന്റെ അടിമകള്‍ക്കായി കനിഞ്ഞേകിയ വിശുദ്ധ മാസത്തെ ആരാധനകളാല്‍ സമ്പന്നമാക്കിയെങ്കില്‍ മാത്രമേ ആത്മീയമായ മുന്നേറ്റവും ജീവിത വിജയവും സാധ്യമാകുകയുള്ളു. എത്ര വലിയ തെറ്റു ചെയ്തവനും സൃഷ്ടാവിലേക്ക് പശ്ചാതാപിച്ച് മടങ്ങുന്നത് വഴി മാപ്പ് നല്‍കപ്പെടും. കോടിക്കണക്കിന് ആളുകള്‍ക്ക് പാപമോചനം നല്‍കുന്ന മാസത്തില്‍ ഇവരില്‍ ഉള്‍പ്പെടാനുള്ള പ്രയത്‌നങ്ങളാണ് വിശ്വാസിയില്‍ നിന്നുണ്ടാകേണ്ടത്.