ഇയര്‍ഫോണില്‍ സംസാരിച്ച് പാളം മുറിച്ച് കടക്കവേ ട്രെയിനിനടിയില്‍ വീണു; 19 കാരിയുടെ അത്ഭുതകരമായ രക്ഷപ്പെട്ടു

Posted on: June 6, 2017 3:48 pm | Last updated: June 6, 2017 at 3:48 pm

മുംബൈ: ഇയര്‍ഫോണില്‍ സംസാരിച്ച് അശ്രദ്ധമായി പാളത്തിലൂടെ നടക്കവെ ട്രെയിന്‍ ഇടിച്ച് പാളത്തിനുള്ളില്‍ വീണിട്ടും 19 കാരി അത്ഭുതകരമായി രക്ഷപെട്ടു. മുംബൈ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിന്‍ പാഞ്ഞടുക്കുന്നത് കണ്ട് പരിഭ്രാന്തിയിലായ ബാണ്ടൂപ് സ്വദേശി പ്രതീക്ഷ നടേക്കര്‍ എന്ന പെണ്‍കുട്ടി ട്രെയിനിനടിയില്‍ പെടുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

പ്ലാറ്റ്‌ഫോമില്‍ നിരവധി ആളുകളുടെ കണ്‍മുന്നിലായിരുന്നു അപകടം. ഇയര്‍ഫോണ്‍ വെച്ചിരുന്നതിനാല്‍ ട്രെയിന്‍ വരുന്ന ശബ്ദം പെണ്‍കുട്ടി കേട്ടില്ല. ഇതാണ് അപകടകാരണെന്ന് കുര്‍ള സ്‌റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അശോക് ബൊരാഡെ പറഞ്ഞു.

ട്രാക്കിലൂടെ ചരക്കുതീവണ്ടി വരുന്നത് കണ്ട് പരിഭ്രാന്തയാവുകയായിരുന്നു. ആദ്യം പ്ലാറ്റ്‌ഫോമിലേക്ക് കേറാന്‍ ശ്രമിച്ചെങ്കിലും ട്രെയിന്‍ തൊട്ടടുത്ത് എത്തിയപ്പോള്‍ ട്രെയിനിന് മുന്നിലേക്ക് തന്നെ ഓടി.
പെണ്‍കുട്ടിയുടെ ദേഹത്ത് തട്ടിയശേഷം ട്രെയിന്‍ മുന്നോട്ട് നീങ്ങി. പാളത്തിനടിയില്‍ പെട്ട ഇവരെ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ആളുകള്‍ പുറത്തേക്ക് വലിച്ചെടുത്തു. പ്രതീക്ഷ നടേക്കര്‍ മരിച്ചെന്നാണ് ആളുകള്‍ കരുതിയത്. എന്നാല്‍ ദേഹത്ത് ചെറിയ പോറലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നെ ഇവരെ രജവാഡി ആശുപത്രിയിലേക്ക് കൊണ്ടുപോയി വിശദമായ പരിശോധിച്ച ശേഷം വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.