Connect with us

Gulf

ഇറാന്റെ എതിര്‍പ്പും അമേരിക്കന്‍ ദുഃഖവും

Published

|

Last Updated

വാഷിംഗ്ടണ്‍: ആറംഗ ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ മൂന്ന് രാജ്യങ്ങളും ഈജിപ്തും ഖത്വറുമായുള്ള നയതന്ത്രം വിച്ഛേദിച്ചതിനോട് പ്രതികരിച്ച് ലോക നേതാക്കളും കമ്പോളവും. ഒരിക്കലും നീതീകരിക്കാനാകാത്ത തീരുമാനമെന്ന് ഖത്വര്‍ വിശേഷിപ്പിച്ച നടപടി മധ്യപൗരസ്ത്യ ദേശത്തിന്റെ സുസ്ഥിതിയെ ഒരു നിലക്കും പരിപോഷിപ്പിക്കില്ലെന്ന് ഇറാനും പ്രതികരിച്ചു. അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് ഒന്നിച്ച് നില്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സാധിക്കണമെന്നായിരുന്നു യു എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലര്‍സന്റെ പ്രതികരണം. ജി സി സി ഒറ്റക്കെട്ടായി നില്‍ക്കുകയെന്നത് അനിവാര്യമാണെന്ന് ടില്ലര്‍സണ്‍ സിഡ്‌നിയില്‍ പ്രതികരിച്ചു. ഇപ്പോഴത്തെ ഭിന്നത തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ എന്തെങ്കിലും പ്രത്യാഘാതമുണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസില്‍ തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്ന് ഈയിടെ നടന്ന റിയാദ് ഉച്ചകോടിയില്‍ വ്യക്തമായതാണെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനത്തെ സൂചിപ്പിച്ച് ടില്ലര്‍സണ്‍ പറഞ്ഞു. തന്റെ സന്ദര്‍ശനവേളയില്‍ ഇറാനെ മാത്രം ആക്രമിക്കുന്ന സമീപനമാണ് ട്രംപ് എടുത്തിരുന്നത്.
അതിനിടെ, ഖത്വറിനെ പിന്തുണച്ച് ഇറാന്‍ രംഗത്തെത്തി. നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതിന്റെയും അതിര്‍ത്തിയടക്കുന്നതിന്റെയും കാലം കഴിഞ്ഞിരിക്കുന്നു. പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗം ഇതല്ല. ചര്‍ച്ചകള്‍ തുടങ്ങുകയും തുടരുകയുമല്ലാതെ ഒരു വഴിയും രാജ്യങ്ങള്‍ക്ക് മുമ്പിലില്ല- ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ മുഖ്യ ഉപദേശകന്‍ ഹാമിദ് അബീത്വലൈബി ട്വീറ്റ് ചെയ്തു. വാള്‍ നൃത്തത്തിന്റെ പ്രാഥമിക ഫലമാണ് കാണുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ അദ്ദേഹം ആഥിതേയരുമൊത്ത് പരമ്പരാഗത നൃത്തം ചെയ്യുന്നതിന്റെ ദൃശ്യം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിനെ പരാമര്‍ശിച്ചായിരുന്നു ഹാമിദിന്റെ വാള്‍ നൃത്തം പ്രയോഗം. എല്ലാ പ്രതിസന്ധിക്കും പിന്നില്‍ അമേരിക്കയാണെന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ ദുഃഖമുണ്ടെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത്ത് കവുസോഗ്‌ലു പറഞ്ഞു. രാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അവ എങ്ങനെ മറികടക്കുന്നുവെന്നതാണ് ചോദ്യമെന്ന് അദ്ദേഹം പ്രതികരിച്ചു. പുതിയ സംഭവങ്ങള്‍ അന്താരാഷ്ട്ര തീവ്രവാദത്തിനെതിരായ യോജിച്ച പോരാട്ടത്തെ ബാധിക്കില്ലെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഈ സംഭവവികാസങ്ങള്‍ ഖത്വറുമായുള്ള തങ്ങളുടെ ബന്ധത്തെ ബാധിക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഖത്വറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാക്കിസ്ഥാനും വ്യക്തമാക്കി. പുതിയ പ്രതിസന്ധികള്‍ ലോകകപ്പ് ഒരുക്കങ്ങലെ ബാധിക്കുമോയെന്ന് ഫിഫാ അധികാരികള്‍ ഖത്വര്‍ പ്രതിനിധികളോട് ആരാഞ്ഞു. 2022 ഫുട്‌ബോള്‍ ലോകകപ്പ് നടക്കാനിരിക്കുന്നത് ഖത്വറിലാണ്.

ഖത്വറുമായുള്ള ബന്ധ വിച്ഛേദനത്തിന് പിന്നാലെ എണ്ണ വില കുതിച്ചുയര്‍ന്നു. ഖത്വരി ഓഹരി സൂചിക 7.6 ശതമാനം ഇടിഞ്ഞു. ജി സി സി സ്റ്റോക്ക് മാര്‍ക്കറ്റിലും മാന്ദ്യം ദൃശ്യമായി. ദുബൈയില്‍ 0.8 ശതമാനവും സഊദിയില്‍ 0.2 ശതമാനവും ഇടിവ് രേഖപ്പെടുത്തി.