ഖത്തറിൽ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍തിരക്ക്; ഉത്പന്നങ്ങള്‍ വിറ്റു തീര്‍ന്നു

Posted on: June 5, 2017 11:29 pm | Last updated: June 6, 2017 at 11:27 am

ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഖത്വറിന് ഉപരോധമേര്‍്‌പ്പെടുത്താനുള്ള തീരുമാനം പുറത്തുവന്നതോടെ ഖത്വറില്‍ സാധാരണക്കാരുള്‍പ്പെടെയുള്ളവരുടെ ജീവിതത്തില്‍ ഉദ്വേഗം. ഭക്ഷ്യവസ്തുക്കളും അവശ്യവസ്തുക്കളും തീരുമെന്ന ഭീതി പടര്‍ന്നതോടെ ഇന്നലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. പ്രവാസികളും സ്വദേശികളും സാധനങ്ങള്‍ വാങ്ങി വെക്കാനായി മാര്‍ക്കറ്റുകളിലെത്തി.

പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം നിത്യോപയോഗ സാധനങ്ങള്‍ വിറ്റു തീര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രിസഭ പ്രസ്താവന നടത്തിയെങ്കിലും ജനം വിപണയിലേക്കൊഴുകി. റോഡുകളില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. അതിനിടെ ഖത്വറലേക്ക് ഭക്ഷ്യവിഭവങ്ങളുമായുള്ള കണ്ടെയ്‌നറുകള്‍ പുറപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 12 മണിക്കൂറിനുള്ളില്‍ അവ ഖത്വറിലെത്തുമെന്നും രാജ്യത്ത് ഒരു തരത്തിലുള്ള ക്ഷാമവും ഉണ്ടാകില്ലെന്നുമാണ് വാര്‍ത്ത.