വനങ്ങള്‍ നാടിന്റെ നിലനില്‍പ്പിന് ആവശ്യം: മന്ത്രി

Posted on: June 5, 2017 10:46 pm | Last updated: June 5, 2017 at 10:48 pm

തൃക്കരിപ്പൂര്‍: പൂര്‍വികര്‍ വെച്ചു പിടിപ്പിച്ച മരങ്ങളും വനങ്ങളും ഉണ്ടായത് കൊണ്ടാണ് നാം ഇന്ന് പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകുന്നതെന്നും വനങ്ങള്‍ നാടിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്‌കൂളില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഭാവി തലമുറക്ക് സുഗമമായ വായുവും വെളളവും ലഭിക്കാനാണ് ഹരിത കേരളം പദ്ധതിയില്‍ ഒരു കോടി വൃക്ഷ തൈനട്ട് സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതി സംരക്ഷണമേറ്റടുത്തതെന്ന് മന്ത്രി പറഞ്ഞു.
എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

സ്‌കൂളില്‍ ഒരുക്കിയ ജൈവ വൈവിധ്യ പാര്‍ക്ക് ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. വനമിത്ര പുരസ്‌കാര ജേതാവ് കടിഞ്ഞിമൂല പി വി ദിവാകരന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു ഉപഹാരം വിതരണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ കെ സുരേഷ്‌കുമാര്‍ പരിസ്ഥിതി സന്ദേശം നല്‍കി. എം രാജീവന്‍, കെ വി ബിന്ദു, ഒ ബീന, പി വിനു, വി ചന്ദ്രിക, പി പി കുഞ്ഞികൃഷ്ണന്‍, പി സുരേഷ് കുമാര്‍, എം വി കുഞ്ഞികോരന്‍, കെ എന്‍ വാസുദേവന്‍ നായര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി ബിജു, ദാമു കാര്യത്ത് എന്നിവര്‍ പ്രസംഗിച്ചു.

ഹരിത കേരളം മാലിന്യ മുക്ത സന്ദേശത്തിന്റെ ഭാഗമായി ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ സൈക്കിള്‍ റാലി തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സി ഫൗസിയ ഫഌഗ് ഓഫ് ചെയ്തു.