Connect with us

Gulf

ഖത്തര്‍: ബന്ധവിച്ഛേദനത്തിന്റെ മണിക്കൂറുകള്‍

Published

|

Last Updated

ദുബൈ: ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ തീരുമാനം വന്നത് ഇങ്ങനെ:

രാവിലെ 6.50

ആദ്യം ബന്ധം വിച്ഛദിച്ച് ബഹ്‌റൈന്‍

ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചതായി ബഹ്‌റൈന്‍ പ്രഖ്യാപിക്കുന്നു. 48 മണിക്കൂറിനകം ഖത്തറിലുള്ള എല്ലാ ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥരും രാജ്യം വിടണമെന്ന് നിര്‍ദേശം. രാജ്യത്തുള്ള ഖത്തര്‍ പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.

7.00

സഊദിയും ഖത്തര്‍ ബന്ധം വിച്ഛേദിച്ചു

ബഹ്‌റൈനു പിന്നാലെ സഊദിയും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിക്കുന്നു. യെമനില്‍ നടക്കുന്ന യുദ്ധത്തില്‍ പങ്കെടുക്കുന്ന ഖത്തര്‍ സൈനികരെ പിന്‍വലിക്കുന്നു. സഊദി പ്രസ് ഏജന്‍സിയാണ് നയതന്ത്ര ബന്ധം വിച്ഛേദിച്ച വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

7.10

യുഎഇയും ഈജിപ്തും ഖത്തറിന് എതിരെ

ഖത്തറുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ചതായി യുഎഇയുടെയും ഈജിപ്തിന്റെയും പ്രഖ്യാപനം. രണ്ട് രാജ്യങ്ങളുടെയും പ്രഖ്യാപനം വന്നത് മിനുട്ടുകളുടെ വ്യത്യാസത്തില്‍.

9.48

ഇത്തിഹാദ് എയര്‍വേസ് സര്‍വീസ് നിര്‍ത്തി

അബൂദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേസ് ഖത്തറിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കുന്നു.

10.30

ഉംറ തിര്‍ഥാടകരെ ബാധിക്കില്ലെന്ന് സഊദി

സഊദി അറേബ്യയിലുള്ള ഉംറ തീര്‍ഥാടകരെ നിലവിലെ സംഭവ വികാസങ്ങള്‍ ബാധിക്കില്ലെന്ന് സഊദിയുടെ അറിയിപ്പ്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കുമെന്നും സഊദി വ്യക്തമാക്കി.

11.00

ഖത്തര്‍ പൗരന്മാര്‍ രാജ്യം വിടണമെന്ന് യുഎഇ

രാജ്യത്തുള്ള മുഴുവന്‍ ഖത്തര്‍ പൗരന്മാരോടും രാജ്യം വിടാന്‍ യുഎഇയുടെ നിര്‍ദേശം. ഇതിനായി അവര്‍ക്ക് 14 ദിവസത്തെ സമയം അനുവദിച്ചു. ഖത്തറിന്റെ നയതന്ത്ര ഉദ്യോഗസ്ഥര്‍ 48 മണിക്കൂറിനകം രാജ്യം വിടണമെന്നും നിര്‍ദേശം. യുഎഇ പൗരന്മാര്‍ ഖത്തറിലേക്ക് പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നു.

11.15

ഫ്‌ളൈ ദുബൈയും ഖത്തര്‍ സര്‍വീസ് നിര്‍ത്തി

ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌െൈള ദുബൈ ഖത്തറിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തലാക്കുന്നു.

11.30

ബന്ധം വിച്ഛേദിച്ച് യെമനും

യെമനും ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതായി പ്രഖ്യാപിക്കുന്നു.

11.59

ഖത്തരി ഡോളറിന്റെ മൂല്യമിടിഞ്ഞു

അറബ് രാഷ്ട്രങ്ങളുടെ തീരുമാനത്തിന് പിന്നാലെ ഖത്തര്‍ കറന്‍സിയായായ ഖത്തറി ഡോളറിന്റെ മൂല്യം ഇടിയുന്നു.

1.52

ദോഹ വിമാനത്താവളത്തില്‍ പ്രതിസന്ധി

ഖത്തറിലേക്ക് വരുന്നതും പോകുന്നതുമായ വിമാനങ്ങള്‍ വിവിധ രാജ്യങ്ങള്‍ റദ്ദാക്കിയതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി.

2.00

ഖത്തര്‍ വിമാനങ്ങള്‍ക്ക് സഊദിയുടെ വിലക്ക്

ഖത്തര്‍ വിമാനങ്ങള്‍ക്ക് സഊദി അറേബ്യ വിലക്കേര്‍പ്പെടുത്തുന്നു. ഖത്തറില്‍ നിന്നുള്ള ഒരു വിമാനത്തെയും സഊദിയില്‍ ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി.

2.15

ലിബിയയും ഖത്തര്‍ ബന്ധം ഉപേക്ഷിച്ചു

ലിബിയയും ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുന്നു. ഇതോടെ ഖത്തറുമായി ബന്ധം അവസാനിപ്പിക്കുന്ന രാജ്യങ്ങളുടെ എണ്ണം ആറാകുന്നു.

3.46

സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് സര്‍വീസ് റദ്ദാക്കി

ഖത്തറിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയതായി സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്രാ സ്ഥലം മാറ്റുകയോ ടിക്കറ്റ് തുക തിരിച്ചുവാങ്ങുകയോ ചെയ്യാമെന്നും അധികൃതര്‍.

3.50

ഗള്‍ഫ് എയര്‍ സര്‍വീസുകളും നിലച്ചു

ബഹ്‌റൈന്‍ വിമാനക്കമ്പനിയായ ഗള്‍ഫ് എയറും ഖത്തറിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കി.

4.50

ഖത്തര്‍ അംബാസഡര്‍ക്ക് രാജ്യം വിടാന്‍ നിര്‍ദേശം

ഈജിപ്തിലെ ഖത്തര്‍ അംബാസഡറോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം. അംബാസഡറെ വിളിച്ചുവരുത്തിയ ശേഷമാണ് ഈ നിര്‍ദേശം നല്‍കിയത്.

4.58

മാലിദ്വീപും ബന്ധം മുറിച്ചു

ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതായി മാലിദ്വീപും അറിയിച്ചു. ഇതോടെ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുന്ന രാജ്യങ്ങളുടെ എണ്ണം ഏഴായി.

5.45

പഞ്ചസാര കയറ്റുമതി നിര്‍ത്തി

യുഎഇ, സഊദി അറേബ്യ രാജ്യങ്ങള്‍ ഖത്തറിലേക്കുള്ള പഞ്ചസാര കയറ്റുമതി നിര്‍ത്തിവെച്ചു. വര്‍ഷത്തില്‍ ഒരു ലക്ഷം ടണ്‍ പഞ്ചസാരയാണ് കയറ്റുമതി ചെയ്തിരുന്നത്.

Latest