അമേരിക്ക ഒറ്റപ്പെടുമെന്ന് ഇറാന്‍

Posted on: June 5, 2017 1:26 pm | Last updated: June 5, 2017 at 1:26 pm

ടെഹ്‌റാന്‍ : പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍നിന്ന് പിന്‍മാറാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ വിമര്‍ശവുമായി ഇറാനും. ട്രംപിന്റെ തീരുമാനം അമേരിക്കയെ കൂടുതല്‍ ഒറ്റപ്പെടുത്തുമെന്ന് ഇറാന്‍ വ്യക്തമാക്കി. ആഗോള സമൂഹത്തോട് അമേരിക്കന്‍ സര്‍ക്കാറിനുള്ള ഉത്തരവാദിത്വമില്ലായ്മയാണ് പാരീസ് ഉടമ്പടിയില്‍നിന്നുള്ള പിന്‍മാറ്റത്തിലൂടെ സൂചിപ്പിക്കുന്നതെന്നും ഇത് അവരെ കൂടുതല്‍ ഒറ്റപ്പെടുത്തുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ബഹ്‌റാം ഗസേമി പറഞ്ഞതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

2015ലെ കാലാവസ്ഥാ മാറ്റം സംബന്ധിച്ച് പാരീസ് ഉടമ്പടിയില്‍നിന്നും അമേരിക്ക പിന്‍മാറുന്നതായി വ്യാഴാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. സിറിയ , നിക്കരാഗ്വ എന്നീ രാജ്യങ്ങള്‍ മാത്രമാണ് പാരീസ് ഉടമ്പടിയില്‍ ഇതുവരെ ഒപ്പ് വെക്കാത്ത രാജ്യങ്ങള്‍.. അന്താരാഷ്ട്ര ചുമതലകള്‍ അങ്ങിനെത്തന്നെ പൂര്‍ണമായി നടപ്പിലാക്കാന്‍ ആഗോള സമൂഹം അമേരിക്കക്ക് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ഗസേമി പറഞ്ഞു.