Connect with us

Kozhikode

കോഴിക്കോട് ജില്ല ഡെങ്കിപ്പനി ഭീതിയില്‍

Published

|

Last Updated

കോഴിക്കോട്: ജില്ലയില്‍ പനി പടരുന്നു. ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. മഴ കാരണം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ കഴിഞ്ഞാല്‍ കോഴിക്കോട് ജില്ലയിലാണ് ഡെങ്കി ബാധിതരുടെ എണ്ണം കൂടുതല്‍. കഴിഞ്ഞ മൂന്ന് ദിവസത്തിനകം ഡെങ്കിപ്പനിയെ തുടര്‍ന്ന് ജില്ലയില്‍ ചികിത്സ തേടിയത് 137 പേരാണ്. പനി ബാധിച്ച് 2511 പേര്‍ ചികിത്സ തേടി. ഈ സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡെങ്കിപ്പനി

ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. നാട്ടില്‍ കാണപ്പെടുന്ന വരയന്‍ കൊതുകുകള്‍ അഥവാ പുലിക്കൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ടു വളരുന്നത്. പകല്‍ സമയത്ത് മാത്രം കടിക്കുന്ന സ്വഭാവക്കാരാണ്ഇവ. ഇടവിട്ടുള്ള പനി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏത് പനിയും പകര്‍ച്ച പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ സ്വയം ചികിത്സിക്കാതെ തുടക്കത്തില്‍ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
പകരുന്നതെങ്ങനെ
കാലാവസ്ഥാ വ്യതിയാനമാണ് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി വിട്ടുമാറാത്തതിന്റെ പ്രധാന കാരണം. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി പകരുകയുള്ളൂ. നാല് തരത്തിലുള്ള വൈറസുകള്‍ ഉള്ളതുകാരണമാണ് ഒരിക്കല്‍ രോഗം വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ഈ രോഗം വരുന്നത്.

രോഗലക്ഷണങ്ങള്‍

മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണിത്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍പ്പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങള്‍ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്.

കൗണ്ട് കുറയുന്നത് കാരണം

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടന്ന് കുറഞ്ഞ് മരണത്തിലേക്ക് നീങ്ങും എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത. അതിനാല്‍ ആരംഭത്തില്‍ തന്നെ ഡെങ്കിപനിയാണെന്ന് കണ്ടുപിടിച്ച് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണം.
കടുത്ത രോഗമുള്ളവരില്‍ (ഡെങ്കുഷോക് സിന്‍ഡ്രോം) രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തില്‍ വരുന്ന കുറവുമൂലം മൂക്ക്, മലദ്വാരം തുടങ്ങിയവയില്‍ നിന്ന് രക്തസ്രാവമുണ്ടാകുകയോ, ത്വക്കിനടിയിലും കണ്ണിനുള്ളിലും രക്തം കിനിഞ്ഞ് കട്ട പിടിക്കുകയോ ചെയ്യാം (ഡെങ്കു ഹെമറാജിക് ഫീവര്‍). ഈ രണ്ട് പ്രത്യാഘാതങ്ങളും രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുകയോ, മരണത്തിലേക്ക് നയിക്കുകയോ ചെയ്യും.

വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക

ക്യത്യമായ ചികിത്സയില്ലാത്ത രോഗമാണ് ഡെങ്കിപ്പനി. അതിനാല്‍ തന്നെ പ്രതിരോധ നടപടികള്‍ക്ക് പ്രാധാന്യമുണ്ട്. രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മാലിന്യങ്ങള്‍ നീക്കം ചെയ്ത് വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ ഒഴിവാക്കണം. വീടിനു ചുറ്റുമുള്ള ചിരട്ട, ടിന്‍ തുടങ്ങിയ സാധനങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാതെ കമഴ്ത്തിയിടണം. വെള്ളം സൂക്ഷിക്കുന്ന സംഭരണികള്‍ എല്ലാം തന്നെ അടച്ചുവെക്കണം. കിണറുകള്‍ ക്ലോറിനേറ്റു ചെയ്യണം. ഇതുമൂലം ഈഡിസ് കൊതുകിന്റെ പ്രജനനം ഒഴിവാക്കുവാന്‍ കഴിയും.

കൊതുകിനെ തുരത്താം ജീവന്‍ രക്ഷിക്കാം

കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ വലിയ സംരക്ഷണ മാര്‍ഗം. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കൂട്ടിരുപ്പുകാരര്‍, ബന്ധുക്കള്‍ തുടങ്ങിയവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലക്കുള്ളില്‍ കിടത്തുവാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരിലേക്ക് രോഗം വ്യാപിപ്പിക്കുന്നത് തടയാനാകും.

കൊതുകുകടിയില്‍
നിന്നും രക്ഷനേടാന്‍

കൊതുകുവല ഉപയോഗിക്കുക. വീടിനുപുറത്തു കിടന്നുറങ്ങാതിരിക്കുക. കൈകാലുകള്‍ നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. കൊതുകുതിരികള്‍, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങള്‍, ഈതൈല്‍ ടൊളുവാമൈഡ് കലര്‍ന്ന ക്രീമുകള്‍ എന്നിവ കൊതുകു കടിയില്‍ നിന്നും ഒരു പരിധിവരെ സംരക്ഷിക്കും.

ധാരാളം വെള്ളം കുടിക്കുക

ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിനു ശേഷം ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക.

 

Latest