ബി ജെ പി ഉന്നം വെക്കുന്ന കേരളം

Posted on: June 5, 2017 11:43 am | Last updated: June 5, 2017 at 11:43 am

കേരളത്തെക്കുറിച്ചു ബി ജെ പിക്ക് ഒരു പാട് സ്വപ്‌നങ്ങളുണ്ട്. അത് പൂവണിയിക്കാനാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടിക്കടി സംസ്ഥാനം സന്ദര്‍ശിക്കുന്നതും പുരോഹിതന്മാരെ കാണുന്നതും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം. സി പി എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയെയും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യ മുന്നണിയെയും കേന്ദ്രീകരിച്ചാണ് മുഖ്യമായും കേരള രാഷ്ട്രീയം കറങ്ങുന്നത്. ബി ജെ പിക്ക് സംസ്ഥാനത്ത് ദശാബ്ദങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുണ്ടെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേത് പോലുള്ള വളര്‍ച്ചയില്ല. ആദ്യമായി കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് അവര്‍ക്ക് ഒരംഗത്തെ നിയമസഭയിലെത്തിക്കാനായത്. അതും ബി ഡി ജെ എസിനെയും പി സി തോമസിന്റെ കേരള കോണ്‍ഗ്രസിനെയും സി കെ ജാനുവിന്റെ ആദിവാസി വിഭാഗത്തെയും കൂട്ടുപിടിച്ചും അതിലപ്പുറം യു ഡി എഫിലെ ചിലരുമായി ഒത്തുകളിച്ചും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ എല്ലാ തന്ത്രവും പയറ്റിയിട്ടും ഫലപ്പെട്ടില്ല.

ഹിന്ദു സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനമാണ് കേരളമെങ്കിലും ബഹുഭൂരിപക്ഷവും മതേതര അനുഭാവികളാണെന്നതാണ് ബി ജെ പിയുടെ വളച്ചക്ക് തടസ്സം. ഉത്തരേന്ത്യയിലെ അനുഭവം വെച്ചു ഇവിടെയും വര്‍ഗീയത ആളിക്കത്തിക്കാന്‍ ശശികലയെയും സുരേന്ദ്രനെയും പോലുള്ളവര്‍ വിഷലിപ്ത പ്രസ്താവനകളിലൂടെ ആവുന്നത്ര ശ്രമിച്ചിട്ടും വിലപ്പോകുന്നില്ല. വര്‍ഗീയ സംഘര്‍ഷം ലക്ഷ്യംവെച്ചു ആസൂത്രണം ചെയ്ത കൊലപാതകങ്ങള്‍ പോലും ഉദ്ദേശിച്ച ഫലമുണ്ടാക്കിയതുമില്ല. മറ്റു സംസ്ഥാനങ്ങളിലേത് പോലെ നയിക്കാനാളില്ലാത്ത കേവല ആള്‍ക്കൂട്ടമല്ല കേരളത്തിലെ മുസ്‌ലിംകള്‍. അവരെ ഉപദേശിക്കാനും നിയന്ത്രിക്കാനും ശക്തമായ പണ്ഡിത നേതൃത്വമുണ്ടിവിടെ. മുസ്‌ലിം ലേബലില്‍ തന്നെ ചിലര്‍ സംസ്ഥാനത്ത് തീവ്രവാദം വളര്‍ത്താന്‍ ശ്രമിച്ചിട്ടും വിജയിക്കാത്തത് പണ്ഡിത നേതൃത്വത്തിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണമാണ്. സംസ്ഥാനത്തെ ക്രൈസ്തവരും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരും വിവേകപൂര്‍വം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരുമാണ്. തങ്ങളുടെ സാമുദായിക, കാര്‍ഷിക താത്പര്യങ്ങളെ അടിസ്ഥാനമാക്കി ഇടത് മുന്നണിയെയോ വലതുമുന്നണിയെയോ പിന്താങ്ങുന്നതിലുപരിയുള്ള രാഷ്ട്രീയ ബന്ധം അവര്‍ക്കില്ല. അതിന്റെ അപകടത്തെക്കുറിച്ചു അവര്‍ ബോധവാന്മാരുമാണ്. ഇതുകൊണ്ടാണ് ക്രിസ്തീയ സമൂഹത്തിന് സ്വാധീനമുള്ള മധ്യകേരളത്തില്‍ ബി ജെ പിക്ക് പ്രതീക്ഷിച്ച വളര്‍ച്ച നേടാനാകാത്തത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ട് വര്‍ഷത്തില്‍ താഴെയേ ഉള്ളൂ. സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തു നിന്നും തെക്കെ അറ്റത്തു നിന്നുമായി രണ്ട് പ്രതിനിധികളെയെങ്കിലും പാര്‍ലിമെന്റില്‍ എത്തിക്കേണ്ടത് അഭിമാന പ്രശ്‌നമായാണ് ബി ജെ പി നേതൃത്വം കാണുന്നത്. ഇത് പക്ഷേ, പാര്‍ട്ടിയുടെ ശക്തി കൊണ്ട് മാത്രം നേടാനാകില്ല. പാര്‍ട്ടി അധ്യക്ഷന്‍ കാലേക്കൂട്ടി പര്യടനം ആരംഭിച്ചതും സഭാമേലധ്യക്ഷന്മാരെ കണ്ടതും ഈ ബോധമുള്‍ക്കൊണ്ടാണ്. വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ഈഴവ സമുദായത്തില്‍ സ്വാധീനം നന്നേ കുറവാണെന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബോധ്യപ്പെട്ടു. ഇനി മതന്യൂനപക്ഷങ്ങളുടെ സഹായത്തിലാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ കണ്ണ്. എന്നാല്‍ മതപരിവര്‍ത്തനം ആരോപിച്ചു കന്യാസ്ത്രീകളെയും മിഷണറി പ്രവര്‍ത്തകരെയും അക്രമിക്കുകയും കൊലപ്പെടുത്തുകയും ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരികാസ്തിത്വത്തെ അപകടപ്പെടുത്തുന്ന ആര്‍ എസ് എസ് അജന്‍ഡകള്‍ ഒന്നൊന്നായി നടപ്പാക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ രാഷ്ട്രീയത്തില്‍ പുരോഹിതന്മാര്‍ വിശ്വാസമര്‍പ്പിക്കാനുള്ള സാധ്യത വിദൂരമാണ്.

പാര്‍ട്ടിക്ക് വളര്‍ച്ചയുണ്ടെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയാല്‍ പോരാ, ദളിത്, ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താന്‍ കര്‍മപദ്ധതി തയ്യാറാക്കി സജീവമായി രംഗത്തിറങ്ങണമെന്നാണ് ശനിയാഴ്ച നടന്ന ബി ജെ പി നേതൃയോഗത്തില്‍ ദേശീയ അധ്യക്ഷന്‍ മുന്നോട്ടുവെച്ച ഉത്തരവ്. മതന്യൂനപക്ഷങ്ങളുടെ സഹായമില്ലാതെ കേരളത്തില്‍ മുന്നേറുക സാധ്യമല്ലെന്ന തിരിച്ചറിവ് പാര്‍ട്ടി നേതൃത്വത്തിനുണ്ടായല്ലോ, നല്ലത്. എന്നാല്‍, എന്തെങ്കിലും പൊടിക്കൈകള്‍ കൊണ്ട് അവരെ പാട്ടിലാക്കാമെന്ന മോഹം വ്യര്‍ഥമാണ്. വര്‍ഗീയ അജന്‍ഡകള്‍ കൈവെടിഞ്ഞ്, മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയാണ് അതിനുള്ള വഴി. ഭരണഘടന ഉറപ്പു നല്‍കുന്ന വിധം തങ്ങളുടെ വിശ്വാസാചാരങ്ങള്‍ മുറുകെപിടിച്ചു ജീവിക്കാനുള്ള അവകാശവും സാഹചര്യവുമാണ് മതന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം മറ്റെന്തിനേക്കാളും മുഖ്യം. ഇക്കാര്യം ഉറപ്പ് നല്‍കാനും ആര്‍ എസ് എസിന്റെ അജന്‍ഡകള്‍ മാറ്റിവെച്ചു മതേതര ഇന്ത്യയുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കാനും ബി ജെ പിക്കാകുമോ ?