ഇനി പ്ലാസ്റ്റിക് ഗ്രോബാഗില്ല, പകരം കയര്‍ കൂട് വരുന്നു

Posted on: June 5, 2017 8:55 am | Last updated: June 5, 2017 at 10:56 am
SHARE

കണ്ണൂര്‍: സംസ്ഥാനത്ത് കാര്‍ഷിക നഴ്‌സറികളിലും വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ വൃക്ഷത്തെ ഉത്പാദന കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം നിയന്ത്രിച്ച് കയര്‍കൂടുകള്‍ നടപ്പാക്കാന്‍ ആലോചന. പ്ലാസ്റ്റിക് നിരോധം നടപ്പായിട്ടും സംസ്ഥാനത്തെ മിക്കയിടങ്ങളിലും ഫലവൃക്ഷത്തെകളും പച്ചക്കറിത്തൈകളുമെല്ലാം വിതരണം ചെയ്യുന്ന പ്ലാസ്റ്റിക്ക് കൂടുകള്‍ സമ്പൂര്‍ണമായി ഒഴിവാക്കുന്നതിനാണ് കയര്‍കൂടുകളുടെ വ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇതിന്റെ ഉത്പാദനവും ഉപയോഗവും ആദ്യഘട്ടം കണ്ണൂരില്‍ നടപ്പാക്കും.
വൃക്ഷത്തൈകളും മറ്റും നടാനുപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ ഉപയോഗത്തിന് ശേഷം മണ്ണില്‍ ഉപേക്ഷിക്കുന്നത് കനത്ത പരിസ്ഥിതി പ്രശ്‌നം ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിന്റെ കൂടി ഭാഗമായാണ് ഇത്തരമൊരു ആലോചന.പരിസ്ഥിതി ദിനാചരണത്തിന്റെയും മറ്റും ഭാഗമായി ഒരോ വര്‍ഷവും ലക്ഷണക്കണക്കിന് വൃക്ഷത്തൈകള്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്നത് മണ്ണും വളവും നിറച്ച പ്ലാസ്റ്റിക് സഞ്ചിയില്‍ നട്ടു പിടിപ്പിച്ചാണ്. നാടിന്റെ മുക്കിലും മൂലയിലും ഇത്തരം വൃക്ഷത്തൈകള്‍ എത്തിക്കുകയും ചെയ്യും.
മരത്തെകള്‍ മണ്ണിലേക്ക് നട്ടു പിടിപ്പിക്കുമ്പോള്‍ ഇതിനൊപ്പമുണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ അലക്ഷ്യമയായി വലിച്ചെറിയുകയാണ് പലപ്പോഴും ചെയ്യുന്നത്. സര്‍ക്കാര്‍ ചിലവില്‍ത്തന്നെ ഇത്തരത്തില്‍ വലിയൊരു തോതില്‍ പ്ലാസ്റ്റിക് ശേഖരം മണ്ണിലെത്തുകയും ചെയ്യും. ജൈവ കൃഷിയുടെ പരിശുദ്ധിയില്‍ അഭിമാനിച്ച് കൊണ്ട് കൃഷി ചെയ്യാന്‍ നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഗ്രോബാഗും മണ്ണിന് ഒരു ബാധ്യതയായാണ് മാറുന്നത്. മണ്ണില്‍ അലിഞ്ഞു ചേരാത്ത ചെറുതും വലുതുമായ പ്ലാസ്റ്റിക് കവറുകളുപയോഗിച്ചാണ് കൃഷിവകുപ്പും നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യുന്നത്.

ഗ്രോബാഗിലെ കൃഷി രീതി നിര്‍ത്തലാക്കി പകരം മണ്‍ചട്ടി വ്യാപകമാക്കണമെന്ന നിര്‍ദേശം നേരത്തെ കൃഷിവകുപ്പ് മുന്നോട്ട് വച്ചിരുന്നെങ്കിലും നടപ്പിലായിരുന്നില്ല.തുച്ഛമായ വിലക്ക് ലഭിക്കുന്ന ഗ്രോബാഗിന് പകരം മണ്‍ചട്ടി ഉപയോഗിക്കുമ്പോള്‍ കൃഷി കൂടുതല്‍ ചെലവേറുമെന്നതാണ് ഇതിന് തടയിടാന്‍ കാരണമായത്.എന്നാല്‍ പ്ലാസ്റ്റിക്ക് ഉയര്‍ത്തുന്ന പരിസ്ഥിതി മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് നടീല്‍ വസ്തുക്കളുടെ വിതരണത്തിനായി തയ്യാറാക്കുന്ന പ്ലാസ്റ്റിക് കൂടിനു പകരം കയര്‍കൂടുകള്‍ എന്ന ആശയം നിര്‍ദേശിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here