കശാപ്പ് നിരോധന ഉത്തരവില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍

Posted on: June 4, 2017 1:16 pm | Last updated: June 5, 2017 at 11:17 am

ന്യൂഡല്‍ഹി: വിവാദമായ കശാപ്പ് നിയന്ത്രണ ഉത്തരവില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍.കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനോ മാട്ടിറച്ചി കഴിക്കുന്നതിനോ ഒരു തരത്തിലുള്ള നിയന്ത്രണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കശാപ്പ് നിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കന്നുകാലികളെ ചന്തയില്‍ കൊണ്ടു പോയി വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിരോധനം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ മൃഗങ്ങളോടുള്ള ക്രൂരത തടയണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും ഒരു മാസത്തോളമായി ഈ വിജ്ഞാപനം വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുണ്ടായിരുന്നു.

എന്നാല്‍ പിന്നീട് ചിലര്‍ വിജ്ഞാപനം തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് ഇത് വിവാദമായത്. അതേസമയം ഇതുമായി നിലനില്‍ക്കുന്ന തെറ്റിദ്ധാരണയും ആശങ്കയും കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.