Connect with us

National

കരുണാനിധിയുടെ പിറന്നാള്‍ ആഘോഷം പ്രതിപക്ഷ സംഗമ വേദിയായി

Published

|

Last Updated

ചെന്നൈ: തമിഴക രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായ കലൈഞ്ജര്‍ കരുണാനിധിക്ക് 94ാം പിറന്നാള്‍. തമിഴകത്തിന്റെ പള്‍സറിഞ്ഞ ഈ “പ്രാദേശിക” നേതാവിന്റെ പിറന്നാള്‍ ആഘോഷം ദേശീയ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമ വേദി കൂടിയായി. ദ്രാവിഡ പാര്‍ട്ടികളെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച ബി ജെ പിയെ അകറ്റി നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ പിറന്നാളാഘോഷം വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ കൊണ്ടാടിയത്.

അണ്ണാ ഡി എം കെയെ വിഴുങ്ങി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്കുള്ള കനത്ത താക്കീതു കൂടിയായിരുന്നു ഈ കൂടിച്ചേരല്‍. കോണ്ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, സി പി എം നേതാവ് സീതാറാം യെച്ചൂരി, എന്‍ സി പി നേതാവ് ശരത് പവാര്‍ തുടങ്ങിയ നേതാക്കളാണ് കരുണാനിധിയെ ആശീര്‍വദിക്കാനെത്തിയത്. ബി ജെ പി നേതാക്കളെ ആഘോഷ പരിപാടികള്‍ക്ക് ക്ഷണിച്ചിരുന്നില്ല. അസുഖബാധിതനായി കഴിയുന്ന കരുണാനിധി ആഘോഷ പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. വിവിധ പാര്‍ട്ടി നേതാക്കള്‍ക്ക് ഡി എം കെ വര്‍ക്കിംഗ് പ്രസിഡന്റും കരുണാനിധിയുടെ മകനുമായ എം കെ സ്റ്റാലിന്‍ വിരുന്ന്ഒരുക്കിയിരുന്നു. ജൂലൈയില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ബി ജെ പി നീക്കങ്ങള്‍ക്കിടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് കൂടിയത്. എന്നാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ആഘോഷ പരിപാടികള്‍ക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ സ്റ്റാലിനും സഹോദരി കനിമൊഴിയും നിഷേധിച്ചു. ” ഇത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിശേഷപ്പെട്ട ദിവസമാണ്.
സാമൂഹിക നീതി പിതാവ് എപ്പോഴും ഊന്നിപ്പറയുന്ന കാര്യമാ”ണെന്ന് കനിമൊഴി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കരുണാനിധിയുടെ ഗോപാലപുരത്തെ വസതി പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. വസതിയിലെത്തിയ മുഴുവന്‍ പേര്‍ക്കും മധുരം വിതരണം ചെയ്തു. 1957ല്‍ കുളിത്തലയില്‍ നിന്ന് നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട കരുണാനിധി കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലം പരാജയം അറിഞ്ഞിട്ടില്ല.

Latest