സമ്പദ് മേഖലയുടെ തകര്‍ച്ച

Posted on: June 4, 2017 6:37 am | Last updated: June 3, 2017 at 11:39 pm

നോട്ട് നിരോധം തത്വദീക്ഷയില്ലാത്ത നടപടിയാണെന്ന സാമ്പത്തിക വിദഗ്ധരുടെ വീക്ഷണത്തെ സാധൂകരിക്കുന്നതാണ് രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് സംബന്ധിച്ച പുതിയ കണക്ക്. വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായി കുറഞ്ഞുവെന്നാണ് ബുധനാഴ്ച പുറത്തു വിട്ട അവസാന പാദ കണക്കുകള്‍ കാണിക്കുന്നത്. 2015-16ല്‍ എട്ട് ശതമാനവും അവസാന പാദത്തിന് തൊട്ടു മുമ്പുള്ള മൂന്ന് മാസങ്ങളില്‍ ഏഴ് ശതമാനവുമായിരുന്നു വളര്‍ച്ച. നോട്ട് നിരോധത്തിന്റെ ആഘാതമാണിതെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന പദവി ഇതോടെ ഇന്ത്യക്ക് ന്ഷ്ടമായി. ഇന്ത്യയെ പിന്തള്ളി ചൈന മുന്നേറുകയും ചെയ്തു. 6.9 ശതമാനമാണ് അവരുടെ വളര്‍ച്ച. ഈ തകര്‍ച്ച പാര്‍ലിമെന്റില്‍ നടന്ന നോട്ട് നിരോധന ചര്‍ച്ചയില്‍ മുന്‍ പ്രധാനന്ത്രി മന്‍മോഹന്‍ സിംഗും മറ്റു സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയപ്പോള്‍, ഹാര്‍വാഡിലും മറ്റും പഠിച്ച വിദ്വാന്മാര്‍ അങ്ങനെ പലതും പറയുമെന്ന പരിഹാസമായിരുന്നു മോദി നടത്തിയത്. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടടിക്കുകയും ചൈന ഇന്ത്യയെ കടത്തി വെട്ടി മുന്നേറുകയും ചെയ്യവെ ചൈനയുടെ രൂക്ഷമായ പരിഹാസത്തിന് വിധേയനായിക്കൊണ്ടിരിക്കുകയാണ് മോദി. വ്യാളിയുമായുള്ള പോരാട്ടത്തില്‍ ആന പരാജയപ്പെട്ടുവെന്നാണ് ഇന്ത്യയുടെ സാമ്പത്തിക തളര്‍ച്ചയെക്കുറിച്ച് ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടൈംസ് എഴുതിയത്.

നോട്ടുകള്‍ പിന്‍വലിച്ച നടപടി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് നിരോധം പ്രഖ്യാപിച്ച ഉടനെ ലോകബേങ്കും അന്താരാഷ്ട്ര നാണയനിധിയും വിലയിരുത്തിയതാണ്. വളര്‍ച്ചാ നിരക്ക് 7.6 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറയുമെന്നായിരുന്നു ലോകബേങ്കിന്റെ നിഗമനം. അതിനേക്കാള്‍ കൂടുതലാണ് ഇപ്പോഴത്തെ താഴ്ച. സമ്പദ്‌വ്യവസ്ഥയെ മാറ്റത്തിന്റെ പാതയിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും നോട്ട് നിരോധം ദേശീയ വരുമാനത്തില്‍ വര്‍ധന സൃഷ്ടിക്കുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ അവകാശ വാദം. സാമ്പത്തിക വളര്‍ച്ചയെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ബോധ്യമായപ്പോള്‍ കറന്‍സി രഹിത വ്യവസ്ഥയാണ് ലക്ഷ്യമെന്നായി. അമേരിക്ക ഉള്‍പ്പെടെ സാങ്കേതികവിദ്യയില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങളില്‍ പോലും പൂര്‍ണമായി നടപ്പാക്കാനാകാത്തതാണ് കറന്‍സിരഹിത ഇടപാട്. സാങ്കേതികവിദ്യയില്‍ പിറകിലായ ഇന്ത്യയില്‍ സമീപഭാവിയിലൊന്നും ഇത് നടപ്പാക്കാനാകില്ലെന്നും മറിച്ചുള്ള വാദം വിഡ്ഢിത്തമാണെന്നുമാണ് വിദഗ്ധ പക്ഷം.

സാമ്പത്തിക വളര്‍ച്ച കൈവരിച്ചില്ലെന്നു മാത്രമല്ല, കള്ളപ്പണം തടയല്‍, അഴിമതി നിര്‍മാര്‍ജനം, അതിര്‍ത്തിയിലെ ഭീകര പ്രവര്‍ത്തനം ഇല്ലായ്മ ചെയ്യല്‍ തുടങ്ങി നോട്ട് നിരോധം കൊണ്ട് കൈവരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ട കാര്യങ്ങളിലൊന്നു പോലും നേടാനായിട്ടില്ല. റദ്ദാക്കപ്പെട്ട നോട്ടുകള്‍ എത്രത്തോളം തിരിച്ചെത്തിയെന്ന് വെളിപ്പെടുത്തുന്നതില്‍ റിസര്‍വ് ബേങ്ക് അധികൃതര്‍ പ്രകടിപ്പിക്കുന്ന വൈമുഖ്യം സര്‍ക്കാര്‍ നടപടിയുടെ പരാജയം വ്യക്തമാക്കുന്നുണ്ട്. കൃത്യമായൊരു പഠനം നടത്താതെ ആരുടെയോ ഉപദേശം ചെവികൊണ്ട് ഒറ്റരാത്രി കൊണ്ട് നിരോധം പ്രഖ്യാപിച്ചതാണ് സര്‍ക്കാറിന് സംഭവിച്ച അബദ്ധം. കള്ളപ്പണം രാജ്യത്ത് വരുത്തുന്ന കോട്ടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി ജനങ്ങളുടെ മാനസികാവസ്ഥ പരിവര്‍ത്തിപ്പിക്കുന്നതിലൂടെയല്ലാതെ, ഇത്തരം തത്വദീക്ഷയില്ലാത്ത പരിഷ്‌കരണം കൊണ്ട് കള്ളപ്പണം തടയാന്‍ കഴിയില്ലെന്ന് ലോക ബേങ്കിന്റെ പ്രധാന സാമ്പത്തിക വിദഗ്ധനും ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന കൗഷിക് ബസു ചൂണ്ടിക്കാട്ടിയതാണ്. നിരോധന തീരുമാനം കൊണ്ടുണ്ടാകുന്ന നേട്ടങ്ങളുടെ പതിന്മടങ്ങായിരിക്കും രാജ്യത്തിന് അത് വരുത്തി വെക്കുന്ന നഷ്ടമെന്നും അദ്ദേഹം ഉണര്‍ത്തിയിരുന്നു. കള്ളപ്പണവും അഴിമതിയും തടയാന്‍ നോട്ട് നിരോധം നടപ്പാക്കിയ റഷ്യ, ഉത്തര കൊറിയ, ഘാന തുടങ്ങിയ രാജ്യങ്ങളിലെല്ലാം അത് പരാജയമായിരുന്നു.
ഉത്പാദനക്ഷമതയെയും കാര്‍ഷിക മേഖലയെയും നോട്ട് നിരോധം ആഴത്തില്‍ ബാധിച്ചിട്ടുണ്ട്. പയറുത്പന്നങ്ങള്‍ ഉള്‍പ്പെടെ പല കാര്‍ഷിക വിഭവങ്ങളുടെയും വില ഇടിഞ്ഞു. കറന്‍സി ക്ഷാമം മൂലം ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറഞ്ഞത് മൂലം കര്‍ഷകര്‍ വില കുറച്ചു വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. അടുത്ത സീസണില്‍ വിളകള്‍ ഇറക്കുന്നതിന് കര്‍ഷകര്‍ വിമുഖത കാണിക്കുകയും കാര്‍ഷിക മേഖലയുടെ പിന്നോട്ടടി രൂക്ഷമാകുകയും ചെയ്യുമെന്നതാണ് ഇതിന്റെ പരിണതി. മഴ നന്നായി ലഭിച്ചിട്ടും റാബി വിളകള്‍ ഇത്തവണ കുറവാണെന്ന് റിപ്പോര്‍ട്ട് അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വര്‍ഷം തോറും രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ മോദി സര്‍ക്കാറിന് ആ വാഗ്ദാനവും നിറവേറ്റാനായില്ല. നോട്ട് നിരോധത്തെ തുടര്‍ന്നുളവായ മാന്ദ്യം തൊഴില്‍ അന്വേഷകരും തൊഴിലവസരങ്ങളും തമ്മിലുള്ള വിടവ് കൂടുതല്‍ വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തളര്‍ച്ച താത്കാലികമാണെന്നും സമീപ ഭാവിയില്‍ അത് മെച്ചപ്പെടുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആശ്വസിപ്പിക്കുന്നതെങ്കിലും നോട്ട് നിരോധത്തിന്റെ ആഘാതം അഞ്ച് വര്‍ഷമെങ്കിലും നിലനില്‍ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.