Connect with us

Kerala

കശാപ്പ് നിരോധന ഉത്തരവിനെതിരെ പു.ക.സയുടെ സര്‍ഗ്ഗ പ്രതിരോധം

Published

|

Last Updated

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ കശാപ്പ് നിരോധന ഉത്തരവിനെതിരെ പുരോഗമന കലാസാഹിതൃ സംഘം ജില്ലാ കമ്മിറ്റി സര്‍ഗ പ്രതിരോധം നടത്തി. പ്രശസ്ത ചിത്രകാരന്‍ പോള്‍ കല്ലനോട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തെ പൗരന്മാര്‍ എന്തു കഴിക്കണമെന്ന് ഒരു സര്‍ക്കാര്‍ തീരുമാനിക്കുന്നത് പൗരന്മാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഇതിലൂടെ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തമായ കോര്‍പ്പറേറ്റ് അജണ്ടകളും കശാപ്പ് നിരോധന ഉത്തരവിന്റെ പിന്നിലുണ്ടെന്നത് ഗൗരവപൂര്‍വ്വം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
കശാപ്പു നിരോധനത്തിന്റെ മറവില്‍ നടക്കാനിരിക്കുന്ന ഫാസിസ്റ്റ് അജണ്ടകളുടെ അടിച്ചേല്‍പ്പിക്കലുകളെ തുറന്ന് കാണിച്ച് കാലികൂത്ത് എന്ന പേരില്‍ മാവൂര്‍വിജയന്റെ ചാക്യാര്‍ കൂത്തോടെയാണ് സംഗമം ആരംഭിച്ചത്. കശാപ്പ് നിരോധന ഉത്തരവ് വേദിയില്‍ പരസ്യമായി കത്തിച്ചുകൊണ്ടും പ്രതിഷേധിച്ചു.

പു.ക.സ ജില്ലാ പ്രസിഡന്റ് വിന്‍സന്റ് സാമുവല്‍ ചടങ്ങിന് അദ്യക്ഷത വഹിച്ചു. പി.കെ. പോക്കര്‍, പ്രൊഫ. വി. സുകുമാരന്‍, എ.കെ. രമേശ്, ജാനമ്മ കുഞ്ഞുണ്ണി, ജീവന്‍ തോമസ്, വി.പി. സൗദാമിനി തുടങ്ങിയവര്‍ സംസാരിച്ചു.