ബഷീറിന്റെ ഉപദേശവും മുറിച്ചുമാറ്റപ്പെട്ട പുല്ലിംഗവും

Posted on: June 2, 2017 6:50 am | Last updated: June 3, 2017 at 5:47 pm

സന്യാസിവര്യന്റെ മുറിച്ചുമാറ്റപ്പെട്ട പുല്ലിംഗത്തിന് എന്തു സംഭവിച്ചു എന്നറിയുന്നില്ല. മുസ്‌ലിംകള്‍ വൃതാനുഷ്ഠാനത്തിന് തയ്യാറെടുക്കുന്നതിന്റെ തലേ രാത്രി തന്നെ ഇനി അങ്ങനെ ബീഫ് കഴിച്ച് നോമ്പ് മുറിക്കേണ്ട എന്ന ദുഷ്ടബുദ്ധിയോടെ പാവപ്പെട്ട മനുഷ്യരുടെ പോഷകാഹാരമായ ബീഫിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രത്തിന്റെ വിവാദ ഉത്തരവ് ഉയര്‍ത്തിയ അങ്കലാപ്പു മൂലമാകാം; സ്വാമിയുടെ ലിംഗവിഷയം സാമാന്യജനം വിസ്മരിച്ചോ എന്ന് സംശയം. ഒരു തൊണ്ടി മുതല്‍ എന്ന നിലയില്‍ പോലീസിന് അത് കോടതിയില്‍ ഹാജരാക്കേണ്ടി വരും. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു വാര്‍ത്തയെന്ന നിലയില്‍ ഇത് ഗിന്നസ്ബുക്കില്‍ പോലും ഇടംപിടിക്കാം. ആയതിനാല്‍ അത്രവേഗം ഇതു വിസ്മരിക്കപ്പെട്ടു കൂടാ. വാളും വടിയും ശൂലവും മാത്രമല്ല ലിംഗവും ഒരായുധമായി കൊണ്ടുനടക്കുന്ന എല്ലാ പുരുഷന്മാര്‍ക്കുമുള്ള മുന്നറിയിപ്പാണീ വാര്‍ത്ത. പണ്ട് ബഷീര്‍ ഈ ആയുധത്തെ പെണ്ണുകെട്ട് യന്ത്രം എന്ന് വിശേഷിപ്പിച്ചതും ബലാല്‍സംഗ വീരന്മാരുടെ ഈ യന്ത്രം അടിയോടെ മുറിച്ചു കളയണമെന്നു സ്ത്രീകളെ ഉപദേശിച്ചതും ഓര്‍മ വരുന്നു. ബഷീറിന്റെ ഈ ഉപദേശം കൃത്യമായി പാലിച്ച ഒരു കോട്ടയംകാരി പെണ്‍കുട്ടിയുടെ കഥ പറയുന്ന സിനിമയാണ് 22 ഫീമെയില്‍ കോട്ടയം. പണ്ടൊക്കെ ജീവിതത്തില്‍ നിന്നാണ് സിനിമയും സാഹിത്യവുമൊക്കെ സൃഷ്ടിക്കപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ സിനിമയില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ജീവിതം ഉണ്ടാകുകയാണെന്നു തോന്നുന്നു.

കഥാനായകന്‍ സന്യാസിയാണെന്നത് മോദിയുടെ ഇന്ത്യയില്‍ ഇനിയെന്തൊക്കെ നടക്കാനിരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് സന്യാസിമാര്‍ മന്ത്രി മന്ദിരങ്ങളുടെ അടുക്കള ഭാഗത്ത് മാത്രമാണ് പ്രത്യക്ഷപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പാര്‍ലിമെന്റിലും നിയമ സഭകളിലും എന്തിന് മന്ത്രിസഭകളില്‍ പോലും പിടിമുറുക്കിയിരിക്കുന്നു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒരു സന്യാസിയാണല്ലോ. മാംസവര്‍ജനം ഉള്‍പ്പെടെയുള്ള സവര്‍ണമൂല്യങ്ങള്‍ക്കു പൊതുസമ്മതി നേടിക്കൊടുക്കുന്നതാണ് പുതിയ ഇന്ത്യ പഴയ ഹിന്ദുസ്ഥാനാക്കാനുള്ള എളുപ്പവഴി എന്നു നാഗപ്പൂര്‍ ഗുരുക്കന്മാര്‍ മോദിയെ ഉപദേശിച്ചു തുടങ്ങിയിട്ടുകാലം കുറെ ആയി. പശുക്കളെ മാത്രമല്ല സന്യാസ വേഷധാരികളെയും ഭക്തജനം വര്‍ധിച്ച ആദരവോടെ കണ്ടു തുടങ്ങിയപ്പോഴാണ് കേരളത്തിലെ ഒരു ധീരവനിത ഒരു സന്യാസിയുടെ നേരെ കത്തി വീശിയത്. ലോകം ഏറെ കൗതുകത്തോടെയാണ് ഈ വാര്‍ത്തക്കു ചെവി കൊടുത്തത്.
ആള് നിസ്സാരനല്ല, ഗംഗേശാനന്ദ ശ്രീഹരി, കേശവാനന്ദ തീര്‍ത്ഥപാദര്‍, എത്ര നല്ല പേര്! ആശ്രമത്തിലെ അന്തേവാസി. ചട്ടമ്പിസ്വാമികളുടെ ജന്മഗൃഹവുമായി ബന്ധപ്പെട്ടു നടന്ന സമരത്തിലെ മുന്‍നിരക്കാരന്‍. ബി ജെ പിയുടെ സംസ്ഥാന നേതാക്കന്മാരോടൊപ്പം മാധ്യമങ്ങളില്‍ മുഖം കാണിച്ചിട്ടുള്ളയാള്‍. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി തനിക്കു പൂര്‍ണ സ്വാതന്ത്യം അനുവദിച്ചിരുന്ന ഒരു വീട്ടിലെ, സ്വന്തം പുത്രിയാകാന്‍ മാത്രം പ്രായമുള്ള പെണ്‍കുട്ടിയില്‍ നിന്ന് ഇത്ര ഭീകരമായ ഒരാക്രമണം ഒരിക്കലും ഇയാള്‍ പ്രതീക്ഷിച്ചിരുന്നിട്ടുണ്ടാകില്ല. ഇന്ത്യന്‍ നിയമവ്യവസ്ഥ ഇത്തരം ഒരു സംഭവത്തെ എങ്ങനെ ആയിരിക്കും കൈകാര്യം ചെയ്യുക?

മുഖ്യമന്ത്രി സംഭവത്തില്‍ പെണ്‍കുട്ടിയെ ഉള്ളു തുറന്ന് അഭിനന്ദിച്ചപ്പോള്‍ തിരുവനന്തപുരത്തിന്റെ ജനപ്രതിനിധി വിശ്വസാഹിത്യകാരന്‍ ശശിതരൂര്‍ നടപടിയെ അപലപിക്കുകയായിരുന്നു. തരൂരിന് നിയമവാഴ്ചയില്‍ അത്രകണ്ട് വിശ്വാസമാണ്. മറ്റെന്തൊക്കെ കൈയിലെടുത്താലും നിയമം മാത്രം ആരും കൈയിലെടുത്തു കൂടല്ലോ. അവകാശമില്ലാത്തിടത്ത് അതിക്രമിച്ചു കടന്നു വേലി പൊളിച്ചു മേയുന്ന എല്ലാ കാളക്കൂറ്റന്മാരെയും ഭയപ്പെടുത്താന്‍ മതിയായ ഒരു മാതൃകയാണ് യുവതി സൃഷ്ടിച്ചിരിക്കുന്നത്. കിടപ്പറയില്‍ മാരകായുധങ്ങളൊന്നും ഒളിപ്പിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ടേ അവിഹിത വേഴ്ചക്ക് മുതിരുന്ന പുരുഷന്മാര്‍ ഇനി മുറിയുടെ വാതിലടച്ചു കുറ്റിയിടുകയുള്ളൂ. ഭര്‍ത്താവിനെ ചികിത്സിക്കാനും വീട്ടില്‍ പൂജകള്‍ നടത്താനും ആത്മീയോപദേശങ്ങള്‍ സ്വീകരിക്കാനും ഈ തീര്‍ത്ഥപാദരെ വീട്ടിലേക്കു ക്ഷണിച്ചു വരുത്തി ആതിഥ്യം നല്‍കി പോന്ന ആ വീട്ടമ്മയെ വേണം ഈ കേസില്‍ ഒന്നാം പ്രതിയാക്കാന്‍. ഇതിനകം അവര്‍ സ്വന്തം മകളെ തള്ളിപ്പറഞ്ഞ് സ്വാമി പക്ഷത്തേക്ക് കൂറുമാറിയെന്നാണ് വാര്‍ത്ത.
ആത്മീയതയുടെ ആവരണത്തിനുള്ളില്‍ അഭയം തേടി മനുഷ്യരെ കബളിപ്പിക്കുന്ന ആത്മീയാചാര്യന്മാര്‍ കേരളത്തില്‍ അരങ്ങടക്കി വാഴുകയാണ്. എല്ലാ ധ്യാനപന്തലുകളിലും സദസ്യരില്‍ നല്ല പങ്കും സ്ത്രീകളാണെന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. നമ്മുടെ സ്ത്രീകള്‍ക്കെന്താണ് പറ്റിയതെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ആരോഗ്യകരമായ ദാമ്പത്യബന്ധത്തിന്റെ അഭാവം പുരുഷന്മാരെ മദ്യത്തിനും മയക്കുമരുന്നിനും പിന്നാലെ പായിക്കുമ്പോള്‍ സ്ത്രീകളെ ‘ആത്മീയ’ ഗുരുക്കന്മാരിലേക്കു ആകര്‍ഷിക്കുന്നു എന്ന് നിരീക്ഷിക്കാവുന്നതാണ്.
ലൈംഗികതയെ ഒരു പാപമായി ചിത്രീകരിക്കുന്ന, ബ്രഹ്മചര്യമാണ് ജീവിതത്തിന്റെ സമുന്നത മാതൃകയെന്നു വിളിച്ചു കൂവുന്നവര്‍ സ്ത്രീകളുടെ സാമീപ്യം ഇഷ്ടപ്പെടുന്നു. മാതാവ്, സഹോദരി, മകള്‍ എന്നൊക്കെ ഭാവിച്ച് അടുപ്പം സ്ഥാപിച്ചെടുക്കുന്നത് ഒരടവാണ്. ഇതൊരു തരം ഇരയിട്ടു മീന്‍ പിടിക്കലാണ്. ഈ ദിവ്യ പുരുഷന്മാരുടെ ചൂണ്ടയില്‍ ഒരിക്കല്‍ കൊത്തിക്കഴിഞ്ഞാല്‍ പിന്നെ രക്ഷപ്പെടുക ഒറ്റ മത്സ്യകന്യകമാര്‍ക്കും സാധ്യമല്ല. അതാണല്ലോ പണ്ട് പരാശര മുനിയില്‍ നിന്നും സത്യവതി എന്ന പാണ്ഡവന്മാരുടെ മുത്തശ്ശിക്കുണ്ടായ അനുഭവം. ഏതു മത്സ്യഗന്ധിയേയും കസ്തൂരിഗന്ധിയാക്കി മാറ്റാനുള്ള ശേഷി പരാശരന്മാര്‍ക്കുണ്ട്. ആ പരമ്പരയിലായിരിക്കണം ഈ സ്വാമിയും.
സന്യാസം എന്നത് തികച്ചും ഭാരതീയമായ ഒരു പദമാണ്. മങ്ക്, നണ്‍, മൊണാസ്റ്ററി, കോണ്‍വെന്റെ ഇതൊക്കെയാണ് സന്ന്യാസത്തെ സൂചിപ്പിക്കുന്ന പാശ്ചാത്യ ഭാഷാപദങ്ങള്‍. ഏറെക്കുറെ എല്ലാ ലോകമതങ്ങളിലും സന്യാസ പ്രസ്ഥാനങ്ങളുടെ വിവിധ മതഭേദങ്ങളെ പരിചയപ്പെടാന്‍ കഴിയും. സമ്യക്ക്+ ന്ന്യാസം= സന്ന്യാസം. അതായത് പൂര്‍ണമായുള്ള സ്വയം ത്യജിക്കല്‍, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ഇവയൊന്നും സന്യാസി സ്വയം സ്വരൂപിക്കേണ്ടവയല്ല. അവയെല്ലാം ഉചിതമായ സ്ഥലത്ത് ഉചിതമായ രീതിയില്‍ പ്രകൃതി/ ഈശ്വരന്‍ സന്ന്യാസിക്കു നല്‍കിക്കൊള്ളും എന്നാണ് സങ്കല്പം. എന്നാല്‍ ഇന്നു നമ്മള്‍ കാണുന്ന അവസ്ഥ എന്താണ്? ഇന്ത്യയില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ വസ്തുവകകളുടെ ഉടമസ്ഥരായി നമ്മുടെ സബ്‌റജിസ്ട്രാര്‍ ഓഫീസുകളില്‍ പേര്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ടാവുക ഹൈന്ദവ, ക്രൈസ്തവ വിഭാഗങ്ങളില്‍ പെട്ട സന്ന്യാസികളുടെ പേരുകളായിരിക്കും. ഇവരുടെ കാലശേഷം ഇവര്‍ വാരിക്കൂട്ടിയ സ്വത്തുക്കളുടെ പിന്തുടര്‍ച്ചാവകാശത്ത ചൊല്ലി നൂറുക്കണക്കിന് കേസുകളാണ് നമ്മുടെ സിവില്‍ കോടതികളില്‍ തുടരുന്നത്. അഹംഭാവത്തിന്റെ സമ്യക്കായ നിരാസം അഹങ്കാരത്തിന്റെയും അതിന്റെ സന്തതിയായ സംസാരദുഃഖങ്ങളുടേയും പൂര്‍ണമായ നിരാസം. ഞാനെന്നും എന്റേതെന്നും ഉള്ള ബോധമാണ് സകല സംസാര ദുഃഖങ്ങളുടെയും ഹേതു. ഈ വക യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ടു കഴിഞ്ഞാല്‍ പിന്നെ എന്തു സുഖം. എന്തു ദുഃഖം!. സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ എന്ന ഒരേ ഒരാശംസയല്ലാതെ സന്ന്യാസിയുടെ മനസ്സില്‍ മറ്റൊരു ചിന്തക്കിടം ലഭിക്കരുതെന്നാണ് പ്രമാണം. ഗ്രീക്കു ഭാഷയില്‍ ഈ അര്‍ഥം വരുന്ന ഒരു വാക്കുണ്ട്. അതാണ് “ASCETIC മൗലികമായി ഏകാന്തവാസം ഇഷ്ടപ്പെടുന്നവന്‍, എന്നാണ്“ASCETIC” വാക്കിന്റെ പ്രാഥമികാര്‍ഥം. ഹെര്‍മിറ് എന്ന വാക്കിന്റെ സംസ്‌കൃത രൂപമാണ് മഹര്‍ഷി. ഒരു സന്ന്യാസി അയാളില്‍ തന്നെ ഒരു സവിശേഷഘടമാണ്. മറ്റുള്ളവരോടൊപ്പം താമസിക്കുമ്പോള്‍ തന്നെ അയാള്‍ അയാളുടെ ലോകത്തില്‍ തനിച്ചാണ്. എല്ലാ മതപാരമ്പര്യങ്ങളിലും നമുക്കിത്തരക്കാരെ കാണാം. മതേതര ലോകത്തും ഇവരുടെ സാന്നിധ്യം പ്രകടമാണ്. ഇത്തരക്കാരില്‍പ്പെട്ടവരാണ് പൊതുവേ എഴത്തുകാരും ചിന്തകരും സോഷ്യല്‍ ആക്ടിവിസ്റ്റുകളും. അവര്‍ ഈ ലോകത്തായിരിക്കുമ്പോള്‍ തന്നെ ഈ ലോകത്തോടൊപ്പം അല്ല എന്നവരുടെ മുഖഭാഷ വിളിച്ചു പറയുന്നു. സര്‍ഗാത്മകമായ ലൈംഗിക ബന്ധങ്ങളൊന്നും ഇവര്‍ നിഷിദ്ധമായി കരുതുന്നില്ല.

ഭാരതീയ പാരമ്പര്യത്തില്‍ പൊതുവേ അഞ്ചു തരം സന്ന്യാസിവര്യന്മാണുള്ളത് 1. പരിവ്രാജകന്‍: എല്ലാം പരിത്യജിച്ച് യാതൊരു വാസസ്ഥലവും ഇല്ലാതെ ഭിക്ഷാംദേഹിയായി സകലര്‍ക്കും ആത്മജ്ഞാനം ഉപദേശിച്ചു കൊണ്ട് എല്ലായിടത്തും സഞ്ചരിക്കുന്ന ഭക്തനാണ് പരിവ്രാജകന്‍. 2. ഭിക്ഷു. ഭിക്ഷയെടുത്തു ജീവിക്കുന്ന സന്യാസി. പരമേശ്വര്‍ അഥവാ ശിവന്റെ ജീവനോപാധി ഭിക്ഷാടനം ആണല്ലോ, അദ്ദേഹമാണ് ഇന്ത്യന്‍ സന്യാസ പാരമ്പര്യത്തിന്റെ മൂല മാതൃക. 3. യതി- സ്വന്തം വികാരങ്ങളെ നിയന്ത്രണാധീനമാക്കിയവന്‍ എന്നേ ഈ പദത്തിനര്‍ഥമുള്ളു.
4. ശ്രമണ-കഠിനമായ ജീവിത നിഷ്ഠകളിലൂടെ ഇന്ദ്രീയ നിഗ്രഹം സാധിച്ച സന്ന്യാസിയാണ് ഈ പേരില്‍ അറിയപ്പെടുക. 5. സാധു.- ശരിയായ രീതിയില്‍ ജീവിക്കുന്നവന്‍, വഞ്ചനയറിയാത്തവന്‍, മൂടുപടം അണിയാത്തവന്‍, അസാധുവായ സകലത്തില്‍ നിന്നും ദൂരവര്‍ത്തിക്കുന്നവന്‍ ഇതൊക്കെയാണ് ഈ പദത്തിനര്‍ഥം. പറഞ്ഞു പറഞ്ഞ് ഇന്ന് ആ വാക്കിനു വന്നു ഭവിച്ച അര്‍ഥം എന്താണ്?, ഒന്നിനും കൊള്ളാത്തവന്‍, പാവം ആര്‍ക്കും ഒരുപകാരത്തിനും പറ്റാത്തവന്‍ എന്നൊക്കെയല്ലേ, മേല്‍ പറഞ്ഞ അഞ്ച് വിഭാഗങ്ങളില്‍പ്പെടുന്ന സന്യാസിമാരെയും ഭക്തജനം സ്വാമി എന്നു ചുരുക്കപ്പേരില്‍ വിളിക്കുന്നു. (കര്‍ത്താവ്-എന്നൊക്കെയാണ് വ്യാചാര്‍ഥം).
തീര്‍ന്നില്ല. ഇനിയുമുണ്ട് ഭാരതീയ ഭാഷകളില്‍ സന്ന്യാസിമാര്‍ക്കായി റിസര്‍വ്വ് ചെയ്തിരിക്കുന്ന പ്രത്യേക പദങ്ങള്‍. മുനി(മാനവി) ഋഷി-ദൃശ്- അഥവാ ദര്‍ശിക്കുന്നവന്‍- ദാര്‍ശനികന്‍ എന്നൊക്കെ അര്‍ഥം പറയാം. സിദ്ധന്‍ – സ്വന്തം ജീവിത ശുദ്ധിയുടെ ഫലമായി ദൈവിക സിദ്ധികള്‍ ലഭിച്ചവന്‍ ജീവന്‍ മുക്തന്‍(ജീവനോടിരിക്കുമ്പോള്‍ തന്നെ മുക്തി പഥം ലഭിച്ചവന്‍, വൈരാഗി- ലൗകീകമായ സകലതില്‍ നിന്നും അകന്നു നില്‍ക്കുന്നവന്‍, അവധൂതന്‍, ദൈവത്തില്‍ പൂര്‍ണമായും ലയിച്ചു കഴിഞ്ഞവന്‍, പരമവും മഹത്വവുമായ ആത്മീയനേട്ടങ്ങള്‍ കൈവരിച്ചവന്‍, തപോധനന്‍, തപസ്സിനെ സമ്പത്തായി കരുതുന്നവന്‍, ത്രിദണ്ഡി വാക്ക്, വിചാരം പ്രവര്‍ത്തി എന്നിവകൊണ്ടുള്ള പുകഴ്ത്തലിനെ വകവയ്ക്കാത്തവന്‍, സ്ഥിരപ്രജ്ഞന്‍ സദാ ബ്രഹ്മധ്യാനനിരതനായിരിക്കുന്നവന്‍ എന്നിങ്ങനെ മറ്റൊരു ഒമ്പതു സ്ഥാനഭേദങ്ങളും ഇന്ത്യന്‍ തത്വചിന്ത ഇവിടുത്തെ സന്യാസിമാര്‍ക്ക് കല്‍പ്പിച്ചു നല്‍കിയിരിക്കുന്നു.
ഇതിലേത് വിഭാഗത്തിലാണ് ഇപ്പോള്‍ ലിംഗഛേദിതനായി ചികിത്സയില്‍ കഴിയുന്ന സ്വാമി ഗേഗേശാനന്ദ തീര്‍ത്ഥപാദര്‍ ഉള്‍പ്പെടുന്നതെന്ന് പത്രം വായിക്കുന്ന സമൂഹം സ്വബുദ്ധിയെ ആശ്രയിച്ചു തീരുമാനിക്കട്ടെ. ലിംഗം ഛേദിക്കപ്പെട്ട സന്യാസി ഹിന്ദുത്വവാദിയാണെന്നൊരു കൂട്ടര്‍. അല്ല. ഇയാളെ ഞങ്ങളറിയില്ലെന്ന് ഒരു പറ്റം ഹിന്ദുത്വവാദികള്‍. സ്ത്രീകളെ വശീകരിക്കല്‍, ബാലപീഡനം, സ്വവര്‍ഗരതി ഈ വക വിഷയങ്ങളില്‍ പി എച്ച് ഡി എടുത്ത ഇതര വിഭഗാക്കാരും ഉണ്ടെന്ന് ചൂണ്ടിക്കാണിക്കാന്‍ വേറൊരു കൂട്ടര്‍. ഞങ്ങള്‍ ഹിന്ദുവും അല്ല ക്രിസ്ത്യാനിയുമല്ല, മുസ്‌ലിംകളുമല്ലാത്തതിനാല്‍ ഞങ്ങള്‍ക്കെന്തുമാകാമെന്നും അതൊന്നും ചൂണ്ടിക്കാണിച്ച് ഞങ്ങളെ ഭീഷണിപ്പെടുത്തേണ്ടെന്നും ശുദ്ധഭൗതികവാദികളും യുക്തിവാദികളും. ആകെക്കൂടി രംഗമാകെ ചൂടുപിടിച്ചിരിക്കുകയാണ്. എല്ലാറ്റിലും ഒറിജിനലും വ്യാജനും ഉണ്ടെന്നും വ്യാജന്റെ പേരില്‍ ഒറിജിനലുകളെ കുറ്റപ്പെടുത്തരുതെന്നും ചില ശുദ്ധാത്മാക്കള്‍. അവര്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് പലര്‍ക്കും തോന്നാം. പക്ഷേ പ്രശ്‌നം അതല്ല. ഒറിജനലുകളെക്കാളധികം വ്യാജന്മാരെക്കൊണ്ടു നിറഞ്ഞ ഒരു നാട്ടില്‍ എങ്ങനെ നമ്മള്‍ സാധാരണ മനുഷ്യര്‍ രണ്ടും തമ്മില്‍ തിരിച്ചറിയും? തത്കാലം കാഷായ വസ്ത്രം, ക്ഷൗരക്കത്തിക്കു വിധേയമാകാത്ത താടി, മുടി കഴുത്തിലെ രുദ്രാക്ഷം, കൈയിലെ ചരട്, നെറ്റിയിലെ നിറക്കൂട്ടുകള്‍ എല്ലാത്തിനെയും നമ്മള്‍ക്ക് അവിശ്വസിക്കാം. ഇത്തരം വേഷം കെട്ടലുകളുടെ കാലം കഴിഞ്ഞിരിക്കുന്നു. ഇതാണ് തിരുവനന്തപുരത്തെ യുവതി കേരള ജനതക്കു നല്‍കുന്ന സന്ദേശം.
കെ സി വര്‍ഗീസ് 9446268581