Connect with us

Ongoing News

ഫിഫ അണ്ടര്‍ 20 ലോകകപ്പ്: ജര്‍മനിയെ കീഴടക്കി സാംബിയ ഫൈനലില്‍

Published

|

Last Updated

  • സ്യോവിപോ: ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ ജര്‍മനിയെ അട്ടിമറിച്ച് സാംബിയ ക്വാര്‍ട്ടര്‍ ഫൈനലില്‍. കോസ്റ്ററിക്കയെ മറികടന്ന് ഇംഗ്ലണ്ടും ജപ്പാനെ കീഴടക്കി വെനിസ്വെലയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. പോര്‍ച്ചുഗലും ഉറുഗ്വെയുമാണ് ക്വാര്‍ട്ടറിലെത്തിയ മറ്റ് ടീമുകള്‍.

    രാജ്യാന്തര ഫുട്‌ബോളില്‍ ചരിത്രപരമായ നേട്ടമാണ് സാംബിയ ടീം കൈവരിച്ചത്. ആവേശകരമായ പ്രീക്വാര്‍ട്ടറില്‍ അധിക സമയത്ത് 4-3നാണ് ജര്‍മനിയെ കീഴടക്കിയത്. ഗോളുകള്‍ മാറി മറിഞ്ഞ മത്സരത്തില്‍ രണ്ട് തവണ പിറകിലായ ജര്‍മനി ഇഞ്ചുറി ടൈമിലെ നാലാം മിനുട്ടില്‍ സമനില ഗോള്‍ നേടിയതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. നൂറ്റിയേഴാം മിനുട്ടില്‍ മെയെംബെ സാംബിയയുടെ വിജയ ഗോള്‍ നേടി.
    മുപ്പത്തേഴാം മിനുട്ടില്‍ ഫിലിപ് ഒഹ്‌സിലൂടെ ജര്‍മനിയാണ് ആദ്യം മുന്നിലെത്തിയത്. ഈ ഗോളിന് ആദ്യപകുതിയില്‍ ജര്‍മനി മുന്നിട്ട് നിന്നു.
    അമ്പതാം മിനുട്ടില്‍ ഇമ്മാനുവല്‍ ബാന്‍ഡയാണ് സാംബിയക്ക് ആദ്യ സമനില ഗോള്‍ നേടുന്നത് (1-1). അറുപത്തെട്ടാം മിനുട്ടില്‍ ഫാഷന്‍ സകാലയും എണ്‍പത്താറാം മിനുട്ടില്‍ എനോക് വെപുവും ആഫ്രിക്കന്‍ ടീമിനെ അനിഷേധ്യമായ ലീഡിലേക്ക് ഉയര്‍ത്തി (3-1).
    എന്നാല്‍ ജര്‍മനി കീഴടങ്ങാന്‍ ഒരുക്കമല്ലായിരുന്നു. എണ്‍പത്തൊമ്പതാം മിനുട്ടില്‍ സോറ്റ് സെര്‍ഡാറിലൂടെ രണ്ടാം ഗോള്‍ നേടി, (3-2). ഇതോടെ, ജര്‍മന്‍ ടീം വര്‍ധിത ആത്മവിശ്വാസത്തോടെ ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. ഇഞ്ചുറി ടൈമില്‍ മത്സരം തീര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍, നാലാം മിനുട്ടില്‍ ജോനസ് അര്‍വീലറുടെ ഗോളില്‍ ജര്‍മനി നാടകീയമായി സമനില പിടിച്ചു. എന്നാല്‍, അധിക സമയത്തേക്ക് നീട്ടിയെടുത്ത ആയൂസ് ജര്‍മനിക്ക് നിലനിര്‍ത്താനായില്ല. പൊരുതിക്കളിച്ച സാംബിയ ഷെമ്മി മെയംബെയിലൂടെ ടൂര്‍ണമെന്റിലെ വലിയ അട്ടിമറി സൃഷ്ടിച്ച് ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു.
    ആദ്യപകുതിയില്‍ ജര്‍മനിയായിരുന്നു മികച്ച കളി കാഴ്ചവെച്ചത്. മുപ്പത്തഞ്ച് വാര അകലെ നിന്ന് ഫിലിപ് നേടിയ ഫ്രീകിക്ക് ഗോള്‍ ജര്‍മനി അര്‍ഹിക്കുന്നതായിരുന്നു. രണ്ടാം പകുതിയില്‍ സാംബിയ മത്സരം പൂര്‍ണമായും വരുതിയിലാക്കുന്ന കാഴ്ചയായിരുന്നു. ജര്‍മനി നടത്തിയ തിരിച്ചുവരവാണ് മത്സരത്തെ ആവേശകരമാക്കിയത്. തുടരെ രണ്ടാം തവണയാണ് ജര്‍മനി ആഫ്രിക്കന്‍ ടീമിനോട് തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന്നത്. രണ്ട് വര്‍ഷം മുമ്പ് ന്യൂസിലാന്‍ഡില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മാലിയായിരുന്നു ജര്‍മനിയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താക്കിയത്.
    ഫ്രാന്‍സ്-ഇറ്റലി പ്രീക്വാര്‍ട്ടര്‍ വിജയികളുമായിട്ടാണ് സാംബിയക്ക് ക്വാര്‍ട്ടര്‍.
    കോസ്റ്ററിക്കക്കെതിരെ നേടിയ വിജയത്തിന് ഇംഗ്ലണ്ട് കടപ്പെട്ടിരിക്കുന്നത് എവര്‍ട്ടന്‍ സ്‌ട്രൈക്കര്‍ അഡെമോല ലുക്മാനോടാണ്. 35, 63 മിനുട്ടുകളില്‍ ലുക്മാന്‍ നേടിയ ഗോളുകളാണ് ഇംഗ്ലണ്ടിനെ കുതിപ്പിച്ചത്. എണ്‍പത്തൊമ്പതാം മിനുട്ടില്‍ റന്‍ഡാല്‍ ലീലിന്റെ ഗോളില്‍ കോസ്റ്ററിക്ക തിരിച്ചുവരവിന് കോപ്പ ്കൂട്ടിയെങ്കിലും ഇംഗ്ലണ്ട് മികച്ച പ്രതിരോധമൊരുക്കി ജയം ഉറപ്പാക്കി.
    റന്‍ഡാല്‍ ലീലെടുത്ത പെനാല്‍റ്റി ഇംഗ്ലണ്ടിന്റെ ഗോളി ഫ്രെഡി വുഡ്മാന്‍ തട്ടിയിട്ടെങ്കിലും രണ്ടാം അവസരത്തില്‍ കോസ്റ്ററിക്കന്‍ താരം പന്ത് വലയിലെത്തിക്കുകയായിരുന്നു.1-0ന് പിറകില്‍ നില്‍ക്കുമ്പോള്‍ കോസ്റ്ററിക്ക നേടിയ ഗോള്‍ വീഡിയോ അസിസ്റ്ററന്റ് റഫറിയുടെ ഇടപെടലിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
    ഓഫ്‌സൈഡാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണിത്.1993ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടറിലെത്തുന്നത്. മെക്‌സിക്കോ-സെനഗല്‍ പ്രീക്വാര്‍ട്ടര്‍ മത്സരവിജയികളെ ക്വാര്‍ട്ടറില്‍ നേരിടും.

    വെനിസ്വെല-ജപ്പാന്‍ മത്സരം നിശ്ചിത സമയത്ത് ഗോള്‍ രഹിതം. അധിക സമയത്ത് ഹെറേറയുടെ ഗോളില്‍ വെനിസ്വെലെ മുന്നേറി. പോര്‍ച്ചുഗല്‍ 3-1ന് ദക്ഷിണകൊറിയയെ തകര്‍ത്തു.
    സഡാസ് ഡബിള്‍ നേടിയപ്പോള്‍ ബ്രൂണോ കോസ്റ്റ ഒരു ഗോള്‍ നേടി പോര്‍ച്ചുഗല്‍ ജയം ഗംഭീരമാക്കി. ഉറുഗ്വെ ഏകപക്ഷീയമായ ഒരു ഗോളിന് സഊദി അറേബ്യയെ പരാജയപ്പെടുത്തി. ഡി ല ക്രൂസിന്റെ പെനാല്‍റ്റി ഗോളിലാണ് ജയം.