ചന്ദ്രബോസ് വധം: നിഷാമിന്റെ മോചനത്തിനായി പൊതുയോഗം സംഘടിപ്പിക്കുന്നു

Posted on: June 1, 2017 9:43 am | Last updated: June 1, 2017 at 1:06 pm

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാമിന്റെ മോചനത്തിനായി പൊതുയോഗം സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് അന്തിക്കാടിനു സമീപം മുറ്റിച്ചൂരിലാണ് യോഗം.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കി നോട്ടീസ് പ്രചാരണവുമുണ്ട്. നിഷാം കാരുണ്യവാനും ധനസഹായിയുമാണെന്നും കായിക സംരംഭക പ്രവര്‍ത്തകനുമാണെന്നും
ചന്ദ്രബോസിന്റെ മരണം യാദൃശ്ചികമാണന്നും നോട്ടീസില്‍ പറയുന്നു. മാധ്യമങ്ങള്‍ കാര്യങ്ങള്‍ പെരുപ്പിച്ചു നിഷാമിനെ കൊടുംഭീകരനാക്കിയെന്നും നിഷാം ജയിലില്‍ കിടക്കുന്നത് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലെ ആയിരക്കണക്കിനു തൊഴിലാളി കുടുംബങ്ങളെ ബാധിക്കുമെന്നും നോട്ടീസിലുണ്ട്. നിഷാമിന്റെ സുഹൃത്തുക്കളും തൊഴിലാളികളുമാണ് പൊതുയോഗത്തിന്റെ സംഘാടകര്‍.

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബരവാഹനം ഇടിച്ചും മര്‍ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് നിഷാം ജീവപര്യന്തം കഠിനതടവിനു ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ജയിലില്‍ നിഷാമിന് ഫോണ്‍ അടക്കം എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

2015 ജനുവരി 29നാണ് സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടശാംകടവ് കാരമുക്ക് കാട്ടുങ്ങല്‍ ചന്ദ്രബോസിനെ നിസാം കൊലപ്പെടുത്തിയത്. ശോഭാ സിറ്റിയിലേക്കെത്തിയ നിസാമിന്റെ ഹമ്മര്‍ കാറിന് കടന്നു പോകാന്‍ ഗേറ്റ് തുറക്കാന്‍ വൈകിയതിന് ചന്ദ്രബോസിനെ നിസാം ക്രൂരമായി മര്‍ദിക്കുകയായിരുന്നു.