Kerala
ആദ്യാക്ഷരം നുകരാന്‍ മൂന്നരലക്ഷം കുരുന്നുകള്‍


കളിചിരിയുടെ അവധിക്കാലത്തിന് വിട… ഇനി അറിവിന്റെ തിരുമുറ്റത്തേക്ക്… ഫോട്ടോ: ഷെമീര്‍ ഊര്‍പ്പള്ളി
തിരുവനന്തപുരം: രണ്ട് മാസത്തെ വേനലവധിക്ക് ശേഷം അറിവിന്റെ അക്ഷയ ഖനിയുമായി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. മൂന്നര ലക്ഷത്തോളം കുരുന്നുകളാണ് ഇക്കുറി ഒന്നാം ക്ലാസിലേക്ക് ചുവടുവെക്കുന്നത്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലായി 34 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് എത്തുക. ഹയര്‍ സെക്കന്‍ഡറി കൂടി ചേര്‍ത്താല്‍ ഇത് 43 ലക്ഷമാകും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഊരൂട്ടമ്പലം ഗവ. യു പി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
വിദ്യാലയങ്ങളില്‍ ഹരിതനയം കര്‍ശനമായി പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദ വിദ്യാലയ പരിസരം സൃഷ്ടിക്കുക, ജൈവവൈവിധ്യ ഉദ്യാനം നിര്‍മിക്കുക, മഴക്കുഴി നിര്‍മാണം, വൃക്ഷത്തൈ നടല്‍, കംപോസ്റ്റ് യൂനിറ്റ് സ്ഥാപിക്കല്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് പകരം സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുക, പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുക, ഫഌക്‌സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് തോരണങ്ങള്‍ എന്നിവ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും നല്‍കിയിട്ടുണ്ട്.