കശാപ്പ് നിരോധനം : കേന്ദ്ര സര്‍ക്കാറിനെ അനുകൂലിച്ച് ഹൈക്കോടതി

Posted on: May 31, 2017 2:24 pm | Last updated: May 31, 2017 at 7:12 pm

കൊച്ചി: കന്നുകാലി കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നിയമത്തിനെതിരെ നല്‍കി ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിന്റെ നിയമത്തെ അനുകൂലിച്ച കോടതി വിജ്ഞാപനം വായിക്കുക പോലും ചെയ്യാതെയാണ് ആളുകള്‍ പ്രതിഷേധവുമായി ഇറങ്ങുന്നതെന്ന് നിരീക്ഷിച്ചു.

കന്നുകാലിച്ചന്തകളില്‍ മാടുകളെ കശാപ്പിനായി വില്‍ക്കുന്നത് മാത്രമാണ് വിജ്ഞാപനത്തിലൂടെ നിരോധിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആളുകള്‍ക്ക് വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിന് തടസ്സമില്ല.ഇതില്‍ എവിടെയാണ് മൗലികാവകാശങ്ങളുടെ ലംഘനം, എവിടെയാണ് തൊഴിലെടുക്കാനുള്ള അവകാശം ഇല്ലാതാവുന്നത്.

ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് ചോദിച്ചു. കേന്ദ്രവിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടിഎസ് സജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പരമാര്‍ശങ്ങളുണ്ടായത്. ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തെ തുടര്‍ന്ന് സജി തന്റെ ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിന് വിജ്ഞാപനത്തില്‍ തടസ്സമില്ല. കന്നുകാലികളെ കൂട്ടത്തോടെ ചന്തയിലെത്തിച്ച് വില്‍ക്കുന്നതാണ് വിജ്ഞാപനത്തിലൂടെ തടഞ്ഞിരിക്കുന്നത്. ഇക്കാര്യം മനസ്സിലാക്കാതെയാണ് ഇവിടെ പ്രതിഷേധം അരങ്ങേറുന്നത് കോടതി പറഞ്ഞു.