Connect with us

Editorial

മലപ്പുറത്തെ ദൈവം വീണ്ടും രക്ഷിച്ചു

Published

|

Last Updated

നിലമ്പൂര്‍ പൂക്കോട്ടുംപാടം വില്ലത്ത് ക്ഷേത്ര വിഗ്രഹങ്ങള്‍ തകര്‍ത്ത കേസിലെ പ്രതി പിടിയിലായതോടെ ഇതുമായി ബന്ധപ്പെട്ടു സംഘ്പരിവാര്‍ നടത്തിവന്ന നുണപ്രചാരണം പൊളിയുകയും വര്‍ഗീയ സംഘര്‍ഷത്തിനുള്ള ശ്രമം പരാജയപ്പെട്ടിരിക്കുകയുമാണ്. സംഭവം മലപ്പുറത്തും റമസാനാലുമായതിനാല്‍, പിന്നില്‍ മുസ്‌ലിംകള്‍ തന്നെയെന്നായിരുന്നു സംഘ്പരിവാര്‍ പ്രചാരണം. സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും ബി ജെ പി, ഹിന്ദു ഐക്യവേദി നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയുമുണ്ടായി. സ്ഥലം സന്ദര്‍ശിക്കാനെത്തിയ ആര്യാടന്‍ മുഹമ്മദിനെ ഹിന്ദു ഐക്യവേദിക്കാര്‍ തടഞ്ഞു. എം എല്‍ എ, പി വി അന്‍വര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം അലങ്കോലപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ മലപ്പുറം ജില്ലയിലെ വാണിയമ്പലം ബാണാപുരം ദേവീക്ഷേത്രത്തിലും അക്രമം നടന്നിരുന്നു. രണ്ട് സംഭവങ്ങളും കൂട്ടി ച്ചേര്‍ത്ത് മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് രക്ഷയില്ലെന്നും പ്രചരിപ്പിക്കപ്പെടുകയുണ്ടായി.
ശനിയാഴ്ച രാത്രിയായിരുന്നു വില്ലത്ത് ശിവക്ഷേത്രത്തിലെ അക്രമം. ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാര്‍ രണ്ട് ശ്രീകോവിലിന്റെയും വാതില്‍ തകര്‍ത്തതായും ഓടിളക്കിയതായും കണ്ടതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് പരിശോധനയില്‍ രണ്ട് വിഗ്രങ്ങള്‍ തകര്‍ക്കപ്പെട്ടതായി കണ്ടെത്തി. വര്‍ഗീയ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങള്‍ തിരിച്ചറിഞ്ഞ പോലീസ് കാണിച്ച ജാഗ്രതയാണ് അന്ന് ഉച്ചക്ക് തന്നെ പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

വിഗ്രഹം തകര്‍ത്ത രാജാറാം മോഹന്‍ദാസ് പോറ്റി എന്ന ഈശ്വരന്‍ ഉണ്ണി തിരുവനന്തപുരം കവടിയാര്‍ സ്വദേശിയാണ്. 2006ല്‍ കിളിമാനൂരില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തി അമ്പലക്കുളത്തില്‍ എറിഞ്ഞ കേസില്‍ പ്രതിയായ ഇയാള്‍ ജന്മദേശം വിട്ടു മാറിമാറിത്താമസിച്ച ശേഷം ഒമ്പതു വര്‍ഷമായി മമ്പാട് പഞ്ചായത്തിലാണു താമസം. തന്റെ അധോഗതിക്ക് കാരണം ദുര്‍മന്ത്രവാദികളാണെന്നാണ് പോറ്റി വിശ്വസിക്കുന്നത്. വിഗ്രാഹാരാധനയില്‍ അയാള്‍ക്ക് വിശ്വാസം നഷ്ടപ്പെടുകയും ചെയ്തിരുന്നുവത്രെ. ഇതാണ് വിഗ്രഹങ്ങള്‍ തകര്‍ക്കാനുള്ള പ്രചോദനമായി ഇയാള്‍ പോലീസിനോട് പറഞ്ഞത്.

മലപ്പുറത്ത് മുസ്‌ലിംകളുടെ തേര്‍വാഴ്ചയാണെന്നും ക്ഷേത്രങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെടുന്നതായും ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ നിരന്തരം പ്രചാരണം അഴിച്ചു വിടുന്നതിനിടെ, രാത്രിയുടെ മറവില്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതിന് പിന്നില്‍ അപകടകരമായ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്നന്വേഷിക്കേണ്ടതുണ്ട്. 1993 സെപ്റ്റംബര്‍ ആറിന് ജില്ലയിലെ താനൂരില്‍ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് നേരെ ബോംബെറിഞ്ഞു കലാപം സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍ നിയോഗിച്ച ബോംബ് നിര്‍മാണ വിദഗ്ധന്‍ ശ്രീകാന്ത് തിരുവനന്തപുരത്തുകാരനായിരുന്നു. അതുപോലെ സംഘ്പരിവാറിനാല്‍ നിയോഗിതനായ ആളാണോ രാജാറാം മോഹന്‍ദാസ് പോറ്റി യെന്ന് സന്ദേഹിക്കുന്നവരുണ്ട്. താനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ അബദ്ധത്തില്‍ അത് പൊട്ടി ശ്രീകാന്ത് മരണപ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലയെ കലാപ ഭൂമിയാക്കാനുള്ള സംഘ്പരിവാറിന്റെ ഗൂഢപദ്ധതി അന്ന് പരാജയപ്പെട്ടത്. മലപ്പുറത്തെ ദൈവം രക്ഷിച്ചെന്നായിരുന്നു സംഘ്പരിവാറിന് നേരെ പരോക്ഷമായി വിരല്‍ചൂണ്ടി പ്രസ്തുത കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞത്. രാജാറാം മോഹന്‍ദാസ് പോറ്റിയുടെ അറസ്റ്റോടെ ജില്ല മറ്റൊരു ദുരന്തത്തില്‍ നിന്നു കൂടി രക്ഷപ്പെട്ടിരിക്കയാണ്.

അറസ്റ്റിന് ശേഷം സംഘ്പരിവാര്‍ നടത്തുന്ന പ്രസ്താവനകളും പ്രചാരണങ്ങളും ക്ഷേത്രധ്വംസനം കലാപം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയാണെന്ന സന്ദേഹം ബലപ്പെടുത്തുന്നതാണ്. മോഹന്‍ദാസ് പോറ്റി സി പി എം അനുഭാവിയാണെന്നും മതതീവ്രവാദ സംഘടനകള്‍ക്കു വേണ്ടിയാണ് അയാള്‍ വിഗ്രഹം തകര്‍ത്തതെന്നുമാണ് ഇപ്പോഴത്തെ പ്രചാരണം. ഹൈന്ദവ ക്ഷേത്രങ്ങളില്‍ എന്തുസംഭവിച്ചാലും തലക്ക് സുഖമില്ലാത്ത ഒരു ഹിന്ദുവിനെ എവിടെ നിന്നോ പിടിച്ചുകൊണ്ട് വന്ന് കുറ്റം അയാളുടെ പേരില്‍ ചുമത്തുകയാണ് പോലീസ് പതിവെന്നാണ് ഹിന്ദുഐക്യ വേദി നേതാവ് ശശികലയുടെ കണ്ടെത്തല്‍. ജില്ലയില്‍ ഒരു സംഘര്‍ഷത്തിനുള്ള സാധ്യത കെട്ടടങ്ങിയതില്‍ ആശ്വാസം കൊള്ളേണ്ടതിന് പകരം കലാപത്തിനുള്ള അവസരം നഷ്ടമായതിലുള്ള ഈര്‍ഷ്യതയല്ലേ ഈ പ്രസ്താവനയില്‍ നിഴലിക്കുന്നത്?

മലപ്പുറത്തിനെതിരെ ബി ജെ പി നേതാവ് സുബ്രഹ്മണ്യ സ്വാമിയും സംഘ്പരിവാര്‍ ആചാര്യന്‍ ഗോപാലകൃഷ്ണനും രാജഗോപാലുമെല്ലാം നടത്തിയ വിഷം വമിക്കുന്ന പ്രചാരണങ്ങള്‍ മറക്കാറായിട്ടില്ല. സംഘ്പരിവാര്‍ എത്ര വിഷം ചീറ്റിയാലും മലപ്പുറത്തെ മുസ്‌ലിംകളുടെ സഹിഷ്ണുതയും ഇതരമതസ്ഥരോടുള്ള ഹൃദ്യമായ സൗഹൃദവും ജില്ലക്കകത്തുള്ളവര്‍ മാത്രമല്ല, പുറത്തുള്ളവരും മനസ്സിലാക്കുകയും അനുഭവിച്ചറിയുകയും ചെയ്തിട്ടുണ്ട്. സ്വാത്വികരായ പണ്ഡിത മഹത്തുക്കളുടെയും സൂഫീവര്യന്മാരുടെയും ശിക്ഷണത്തില്‍ വളര്‍ന്ന മുസ്‌ലിംകള്‍ക്ക് വര്‍ഗീയവാദികളോ തീവ്രവാദികളോ കലാപകാരികളോ ആകാനാകില്ല. അവര്‍ എക്കാലത്തും സമാധാനത്തിന്റെ വക്താക്കളാണ്. ജില്ലയില്‍ വിദ്വേഷ രാഷ്ട്രീയം വളര്‍ത്താനും സമാധാനാന്തരീക്ഷം കലുഷിതമാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുമുള്ള സംഘ്പരിവാരത്തിന്റെ നീക്കത്തിനെതിരെ മതേതര വിശ്വാസികളൊന്നടങ്കം ജാഗ്രത്താകേണ്ടതുണ്ട്.

---- facebook comment plugin here -----

Latest