വാചകക്കസര്‍ത്ത് നിര്‍ത്തൂ; അര്‍ണാബിനോട് ഡല്‍ഹി ഹൈക്കോടതി

Posted on: May 29, 2017 5:26 pm | Last updated: May 29, 2017 at 7:16 pm

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപി നല്‍കിയ മാനനഷ്ടക്കേസില്‍ റിപ്പബ്ലിക് ചാനല്‍ എംഡിയും വാര്‍ത്താ അവതാരകനുമായ അര്‍ണബ് ഗോസ്വാമിക്ക് തിരിച്ചടി. കേസില്‍ അര്‍ണാബിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന തരൂരിന്റെ പരാതിയില്‍ ആഗസ്റ്റ് 16നകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

നിങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കാം. വസ്തുതകള്‍ നിരത്താം. എന്നാല്‍ ഒരാളെക്കുറിച്ച് എന്തും വിളിച്ചുപറയുന്നത് ശരിയല്ല- നോട്ടീസ് അയക്കാനുള്ള ഉത്തരവിട്ടുകൊണ്ട് ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞു.

രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അര്‍ണബിനും ചാനലിനുമെതിരെ തരൂര്‍ ഹൈക്കോടതിയില്‍ അപകീര്‍ത്തിക്കേസ് നല്‍കിയത്. കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ സല്‍മാന്‍ ഖുര്‍ഷിദാണ് തരൂരിന് വേണ്ടി ഹാജരായത്.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ചില ഫോണ്‍ സംഭാഷണങ്ങള്‍ ചാനല്‍ പുറത്ത് വിട്ടിരുന്നു. മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് അര്‍ണബ് ഗോസാമി പ്രചരിപ്പിച്ചുവെന്നാണ് തരൂരിന്റെ ആരോപണം.