Connect with us

Ramzan

നിങ്ങള്‍ ആരുടെ സ്വാധീനത്തിലാണ്?

Published

|

Last Updated

മനുഷ്യമനസ്സിന് രണ്ട് ശക്തികളുടെ സ്വാധീനമുണ്ട്. ഒന്ന് മാലാഖകളുടെ സ്വാധീനം. രണ്ട് പൈശാചിക സ്വാധീനം. തികച്ചും വിരുദ്ധ സ്വഭാവത്തിന്റെ ഉടമകളാണിരുവരും. മലക്ക് നന്മയുടെയും സുകൃതത്തിന്റെയും പ്രതിനിധിയാണ്. മനുഷ്യനെ നന്‍മയിലേക്ക് പ്രേരിപ്പിക്കുകയും അതിനാവശ്യമായ സഹായങ്ങള്‍ ചെയ്യലുമാണ് മലക്കുകളുടെ ദൗത്യം. പിശാചാകട്ടെ, അവനെ തിന്‍മയിലേക്ക് ക്ഷണിക്കുകയും നന്‍മയില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നു. ഇരുവരും അല്ലാഹു നല്‍കിയ കഴിവുപയോഗിച്ച് മാത്രമാണ് വര്‍ത്തിക്കുന്നത്.
ദുഷിച്ച സാഹചര്യത്തില്‍ വളരുന്നവര്‍ പിശാചിന്റെ ദുര്‍ബോധനത്തില്‍ പെട്ട് വഴിതെറ്റിപ്പോകുന്നു. മനുഷ്യത്വത്തിന് നിരക്കാത്ത ദുഷ്‌ചെയ്തികളുടെ വക്താവായിത്തീരുന്നു. പിശാചിന്റെ സ്വാധീന വലയത്തില്‍ നിന്ന് മുക്തരാകാന്‍ കഴിയാത്ത വിധം ഇവര്‍ മൃഗതുല്യരായി ജീവിക്കുന്നു.

ഇമാം ഗസ്സാലി (റ)യെ ഉദ്ധരിക്കട്ടെ. “പ്രകൃതിപരമായി തന്നെ നാല് സഹജ സ്വഭാവങ്ങള്‍ മനുഷ്യനില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഹിംസാത്മകത, മൃഗീയത, പൈശാചികത, പുണ്യാത്മകത എന്നിവയാണത്. മനുഷ്യന്‍ കോപത്തിനടിപ്പെടുമ്പോള്‍ അവനില്‍ ഹിംസ ജന്തുവിന്റെ സ്വഭാവം പ്രകടമാകും. ശത്രുത, കോപം, മര്‍ദനം, അക്രമവാഞ്ഛ, അസഭ്യം പറച്ചില്‍ തുടങ്ങിയ നീച വൃത്തികള്‍ അവനിലുണ്ടാകും. കാമവികാരങ്ങള്‍ക്ക് അടിപ്പെടുമ്പോള്‍ ആര്‍ത്തിയും സുഖഭോഗാദികളിലുള്ള അമിതാസക്തിയും പ്രകടമാകും. ആധിപത്യ മനോഭാവം, അധികാര മോഹം, സ്വാര്‍ഥ താത്പര്യം, എല്ലാം അറിയുന്നവനും തികഞ്ഞവനുമാണെന്ന ഭാവം തുടങ്ങി തിന്‍മയുടെ വഴികള്‍ അന്വേഷിക്കുകയും വൈകാരികാസക്തിയും ക്ഷോഭവും പ്രകടമാക്കുകയും ചെയ്യുന്നത് പൈശാചിക സ്വാധീനത്തിന്റെ ഫലമാണ്. അങ്ങനെ ചതി, വഞ്ചന, കുതന്ത്രങ്ങള്‍, തിന്‍മ പ്രചരിപ്പിക്കുക നടപ്പാക്കുക തുടങ്ങിയവക്ക് അവന്‍ നിരന്തരം ശ്രമിക്കും.
ഹൃദയം ഒരു കണ്ണാടിയാണ്. തിന്‍മകള്‍ ആ കണ്ണാടിയുടെ മുകളില്‍ അടിഞ്ഞ് കൂടുന്നു. അഴുക്കുകളും. കണ്ണാടിയുടെ തിളക്കം മങ്ങാനും അത് ഉപയോഗശൂന്യമാകാനും നിമിത്തമാകുന്ന അഴുക്കുകളെ ഒഴുക്കി കളയുന്ന പുണ്യ തീര്‍ഥമാണ് വിശുദ്ധ റമസാന്‍. “നിശ്ചയം ഹൃദയശുദ്ധി ലഭിച്ചവര്‍ വിജയിച്ചു”. (വിശുദ്ധ ഖുര്‍ആന്‍)

Latest