Connect with us

Articles

ഇതാണ് കശാപ്പ്

Published

|

Last Updated

കന്നുകാലികളുടെ അറവ് നിരോധിച്ചിട്ടുണ്ടോ? ഇല്ല. കന്നുകാലികളുടെ വില്‍പ്പന നിരോധിച്ചിട്ടുണ്ടോ? ഇല്ല. കാളയുടെയോ പോത്തിന്റെയോ ഇറച്ചി ഭക്ഷിക്കുന്നത് നിരോധിച്ചിട്ടുണ്ടോ? ഇല്ല. കാലിച്ചന്തകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുകയും അറവ് ലക്ഷ്യമിട്ടുള്ള വില്‍പ്പന കാലിച്ചന്തകളില്‍ നിരോധിക്കുകയും ചെയ്യുന്നതില്‍ എവിടെയാണ് തെറ്റ്? ഗുണങ്ങളുണ്ട് താനും. രോഗം ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന കൂടാതെ കാലികളെ വാങ്ങി അറുത്ത് മാംസം വില്‍ക്കുന്ന അപകടകരമായ പതിവ് ഇതോടെ ഇല്ലാതാകും. കുറേക്കൂടി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതിലൂടെ കന്നുകാലികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും. അവയോട് നിലവില്‍ പ്രകടിപ്പിക്കപ്പെടുന്ന ക്രൂരത നിയന്ത്രിക്കപ്പെടും.

കന്നുകാലികളുടെ പോലും ക്ഷേമം നോക്കുന്ന ഒരു സര്‍ക്കാര്‍ മുന്‍കാലത്ത് ഇന്ത്യന്‍ യൂണിയന്‍ ഭരിച്ചിട്ടുണ്ടോ? മിണ്ടാപ്രാണികളായതുകൊണ്ട്, വോട്ടവകാശമില്ലാത്തതുകൊണ്ട് അവയുടെ ക്ഷേമം നോക്കേണ്ട ബാധ്യതയുണ്ടായിരുന്നില്ല ഭരണകൂടങ്ങള്‍ക്ക്. അതിലൊരു മാറ്റമുണ്ടാകുകയാണ്. പശു, കാള, പോത്ത്, എരുമ, ഒട്ടകം എന്നിവയുടെ കാര്യത്തിലേ ഇപ്പോള്‍ തീര്‍പ്പുണ്ടാക്കാനായിട്ടുള്ളൂ. ആട്, കോഴി, താറാവ്, കാട തുടങ്ങി ഭക്ഷണാവശ്യങ്ങള്‍ക്കായി മനുഷ്യന്‍ ഇല്ലാതാക്കുന്നവയുടെ അവകാശ സംരക്ഷണത്തിനുള്ള നടപടികള്‍ വരുമെന്ന് പ്രതീക്ഷിക്കണം. വന്യമൃഗങ്ങളുടെ സംരക്ഷണത്തിന് നിയമമുണ്ട്, അത് ലംഘിച്ചാല്‍ കര്‍ശന ശിക്ഷകളുണ്ട്. പോറ്റിവളര്‍ത്തുന്നുവെന്ന് മനുഷ്യന്‍ അവകാശപ്പെടുകയും തരംകിട്ടിയാല്‍ കൊല്ലാന്‍ കൊടുക്കുകയോ കൊന്നു തിന്നുകയോ ചെയ്യുന്ന വളര്‍ത്തുമൃഗങ്ങളുടെ കണ്ണീരുകാണാന്‍ ഇവിടെ ആരുമുണ്ടായിരുന്നില്ല. പശുക്കളുടെ കാര്യത്തില്‍ ചില സംസ്ഥാനങ്ങളില്‍ നിയമമുണ്ട്. പാല്‍ തരുന്ന പശുവിനെപ്പോലും കണ്ണില്‍ച്ചോരയില്ലാതെ കൊല്ലുന്നതിന് അനുവാദം ചില സംസ്ഥാനങ്ങളില്‍ തുടരുന്നു. ചന്തയില്‍ക്കൊണ്ടുവരുന്ന കാലികളെ അറവിന് വേണ്ടി വില്‍ക്കരുതെന്ന് വ്യവസ്ഥവെക്കുമ്പോള്‍ അതിനൊക്കെയൊരു നിയന്ത്രണമാകുകയാണ്. ഗോവധം നിയമവിരുദ്ധമല്ലാത്ത സംസ്ഥാനങ്ങളില്‍ക്കൂടി ഇനിയുള്ള കാലത്ത് പശുക്കള്‍ ഒരു പരിധിവരെ സംരക്ഷിക്കപ്പെടും.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമെന്ന് ഒന്നും രണ്ടും യു പി എ സര്‍ക്കാറുകളില്‍ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞപ്പോള്‍ അതില്‍ ഈ മിണ്ടാപ്രാണികള്‍ ഉള്‍ക്കൊണ്ടിരുന്നില്ല. അവരെക്കൂടി ഉള്‍ക്കൊള്ളുന്ന വികസനമാണ് നരേന്ദ്ര മോദിയുടെ സ്വപ്‌നം. അതങ്ങനെ വേണമെന്ന നിര്‍ബന്ധബുദ്ധിയാലാണ് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സര്‍ സംഘചാലക് മോഹന്‍ ഭഗവത്, ഒരു തുടക്കമെന്ന നിലയില്‍, രാജ്യത്താകെ ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. അത് നടപ്പാക്കിയെടുക്കാനാണ് ഗോരക്ഷകന്‍മാര്‍ തങ്ങളാല്‍ കഴിയും വിധം ശ്രമിച്ചതും. കാലികളെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ വിഘാതം സൃഷ്ടിച്ചവരെ തല്ലിയിട്ടുണ്ട്, തല്ലുകൊണ്ടവരില്‍ ചിലര്‍ മരിച്ചിട്ടുമുണ്ട്. വിലക്ക് ലംഘിച്ച് പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വീടുകളില്‍ കയറിയിട്ടുണ്ട്. അതിനെ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിക്കേണ്ടിവന്നു. അങ്ങനെയാണ് ദാദ്രിയില്‍ ഒരു മധ്യവയസ്‌കന്റെ ജീവന്‍ നഷ്ടമായത്. ഗോ സംരക്ഷണം, അതിലൂടെ രാജ്യത്തെ കാലി സമ്പത്ത് വര്‍ധിപ്പിക്കല്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന രാജ്യ താത്പര്യം പരിഗണിക്കുമ്പോള്‍ ഇതൊക്കെ വിഗണീയമായ കാര്യങ്ങള്‍ മാത്രം.

ഇതിനെല്ലാം പുറമെയാണ് പരമോന്നത കോടതിയുടെ നിര്‍ദേശം. ലോകത്തെ ഏക ഹൈന്ദവ രാഷ്ട്രമെന്ന് പുകള്‍പെറ്റ നേപ്പാളില്‍ ഗാന്ധിമായി ഉത്സവത്തോടനുബന്ധിച്ച് മൃഗബലിയുണ്ട്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവത്തിന് ബലി നല്‍കാന്‍ പാകത്തിലുള്ള കാലി സമ്പത്ത് നേപ്പാളിലില്ല. അതിരുപങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നൊക്കെ അവര്‍ കാലികളെ കടത്തും. ഇത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിച്ച സുപ്രീം കോടതി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ബിഹാര്‍, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാന സര്‍ക്കാറുകളുമായി ആലോചിച്ച്, കടത്ത് തടയാന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു നിര്‍ദേശം. നേപ്പാളിലേക്കുള്ള കടത്തില്‍ മാത്രമല്ലല്ലോ പ്രശ്‌നം, അതില്‍ മാത്രമല്ലല്ലോ മൃഗങ്ങളോടുള്ള ക്രൂരത എന്ന് വിശാലമായി ചിന്തിച്ചു നരേന്ദ്ര മോദി സര്‍ക്കാര്‍. അങ്ങനെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമെന്ന പേരില്‍ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം മൃഗസ്‌നേഹം വഴിഞ്ഞൊഴുകുന്ന സവിശേഷ വിജ്ഞാപനം പ്രത്യേകമായി പുറത്തിറക്കിയത്.

അപ്പോഴും കാലിച്ചന്തകളിലൂടെയുള്ള വില്‍പ്പന അറവിനാകരുത് എന്നേ വ്യവസ്ഥവെച്ചിട്ടുള്ളൂ. കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്ന കാലികളെ മാംസാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വിലക്കില്ല. അറവുശാലകളുടെ നടത്തിപ്പുകാര്‍ക്ക് കര്‍ഷകരുടെ വീടുകളില്‍ ചെന്ന് കാലികളെ വാങ്ങിക്കൊണ്ടുവരാം. ഇല്ലെങ്കില്‍ ഇതിനായി ഫാമുകള്‍ ആരംഭിക്കാം. അത്തരം സ്വാതന്ത്ര്യങ്ങളുള്ളതുകൊണ്ട് മാട്ടിറച്ചി കിട്ടാതിരിക്കുന്ന സാഹചര്യമില്ല. മാട്ടിറച്ചി കഴിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ ഭരണകൂടം ഇടപെടുന്നുമില്ല. ഈ സ്വാതന്ത്ര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, ഭരണഘടന പ്രദാനം ചെയ്യുന്ന ഉപജീവനത്തിനുള്ള അവകാശം പരമിതപ്പെടുന്നില്ല. രാജ്യത്ത് നിലവിലുള്ള ചെറുകിട – ഇടത്തരം അറവുശാലകള്‍ക്കും മാംസവ്യാപാര ശാലകള്‍ക്കും കര്‍ഷകരില്‍ നിന്ന് കാലികളെ നേരിട്ട് വാങ്ങി അറവും വ്യാപാരവും നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ചെയ്യാന്‍ സമ്പത്തുള്ളവര്‍ വരും. കാലികളെ സംഭരിക്കാനും അറവിന് വേണ്ടി മാത്രം കാലികളെ വളര്‍ത്താനുമുള്ള സംവിധാനം അവരൊരുക്കും. അംബാനിയാണോ അദാനിയാണോ അത് ചെയ്യുക എന്നത് വഴിയേ അറിയാം. നരേന്ദ്ര മോദി അനുസ്യൂതം നടത്തിയ വിദേശയാത്രകള്‍ക്കിടെ ഇത്തരത്തിലൊരു സംവിധാനമൊരുക്കാമെന്ന വാഗ്ദാനം ഏതെങ്കിലും കമ്പനികള്‍ നല്‍കിയിട്ടുണ്ടോ എന്നറിയില്ല. അതുണ്ടെങ്കില്‍ പിന്നെ അംബാനിക്കോ അദാനിക്കോ സംയുക്ത സംരംഭത്തിന് വേണമെങ്കില്‍ ശ്രമിക്കാം.

ചന്തകളിലെത്തിക്കുന്ന കാലികളെ ശേഖരിച്ച് വിതരണം ചെയ്യല്‍, അവയുടെ കശാപ്പ്, മാംസ വ്യാപാരം എന്നിവയിലായി ഒരു കോടിയോളം പേര്‍ രാജ്യത്ത് നിലവില്‍ പണിയെടുക്കുന്നുണ്ട്. തുകലെടുക്കല്‍, സോപ്പു മുതല്‍ ശസ്ത്രക്രിയക്ക് ശേഷം തുന്നിക്കെട്ടാന്‍ ഉപയോഗിക്കുന്ന നൂലുകള്‍ വരെയുള്ളവയുടെ ഉത്പാദനത്തിനായി മാടുകളുടെ ആന്തരാവയവങ്ങള്‍ എടുത്തുനല്‍കല്‍ തുടങ്ങിയ മേഖലകളില്‍ പണിയെടുക്കുന്നവരായുമുണ്ട് ലക്ഷങ്ങള്‍. അവരില്‍ ഭൂരിഭാഗവും മുസ്‌ലിംകളും ദളിതുകളും പിന്നാക്ക വിഭാഗക്കാരുമാണ്. അവരുടെ ഉപജീവനമാര്‍ഗം കശാപ്പ് ചെയ്യപ്പെട്ടേക്കാം. അവരുടെ ഉപജീവനത്തേക്കാള്‍ പ്രധാനമാണ് കോടിക്കണക്കായ ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള മാട്ടിറച്ചി ലഭ്യമാക്കുക എന്നത്. രോഗബാധിതമാണോ അല്ലയോ എന്നതൊന്നും നോക്കാതെ കാലികളെ കശാപ്പുചെയ്യുകയും ഇറച്ചി വില്‍ക്കുകയും ചെയ്തവര്‍ ഇക്കാലമത്രയും ചെയ്തത് രാജ്യത്തെ ജനങ്ങളോടുള്ള കൊടിയ കുറ്റമാണ്. അതിനുള്ള ശിക്ഷയായി, ജോലി നഷ്ടത്തെയും അതുമൂലം അവരും കുടുംബാംഗങ്ങളും നേരിടുന്ന കഷ്ടതകളെയും കണക്കാക്കണം. അതൊരു നീതി നടപ്പാക്കലാണ്.
കന്നുകാലികളും അവയുടെ വിപണനവുമൊക്കെ സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന സംഗതികളാണ്. അതിനെ നിയന്ത്രിക്കാന്‍ പാകത്തിലൊരു നിയമം കൊണ്ടുവരിക തത്കാലം പ്രയാസവും. അതുകൊണ്ടാണല്ലോ രാജ്യത്താകെ ഗോവധ നിരോധം ഏര്‍പ്പെടുത്തണമെന്ന ആര്‍ എസ് എസ് ആവശ്യം നിവര്‍ത്തിച്ചുകൊടുക്കാനാകാത്തത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ള നിയമത്തെ അധികരിച്ച് ചട്ടങ്ങള്‍ തയ്യാറാക്കി, അതൊരു പ്രത്യേക വിജ്ഞാപനമായി പുറത്തിറക്കിയപ്പോള്‍ സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങളെ കശാപ്പ് ചെയ്യാന്‍ പുതിയൊരു വഴി കൂടി തുറക്കുകയായിരുന്നു.

അല്ലെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ഇത്രയും അധികാരത്തിന്റെയൊന്നും ആവശ്യമേയില്ല. രാജ്യമൊരൊറ്റ യൂണിറ്റാകണം. അതിനെ ഭരിക്കാനുള്ള നിയമങ്ങള്‍ ഏകീകൃതവുമാകണം. ഭാഷ, വേഷം, മതം, ജാതി തുടങ്ങിയ വ്യത്യാസങ്ങളെ സാംസ്‌കാരിക വൈവിധ്യമെന്നൊക്കെ വിശേഷിപ്പിച്ച്, രാജ്യത്തിന്റെ മഹദ് പാരമ്പര്യമെന്ന് ഉദ്‌ഘോഷിക്കുന്ന പതിവൊക്കെ അവസാനിക്കണം. അതൊക്കെ സാധിക്കണമെങ്കില്‍ അധികാരാവകാശങ്ങള്‍ കേന്ദ്രീകരിക്കപ്പെടണം. അതിന് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഇല്ലാതാക്കുക എന്നത് ഒരു വഴിയാണ്. അതിലും പ്രധാനമാണ് തങ്ങളുടെ ദൈനംദിന ജീവിതത്തെ നിര്‍ണയിക്കുന്ന തീരുമാനങ്ങളെടുക്കുന്നത് ആര്‍ എസ് എസ് ആസ്ഥാനത്താണെന്നും അത് നടപ്പാക്കാനുള്ളതാണ് കേന്ദ്രത്തിലെ സര്‍ക്കാറെന്നും രാജ്യത്തെ ജനങ്ങളെയാകെ ബോധ്യപ്പെടുത്തുക എന്നത്. തീന്‍മേശ ആക്രമിച്ച് കീഴടക്കുക എന്നതാണ് ഏറ്റം എളുപ്പവഴി. ജനമെന്ത് കഴിക്കണമെന്ന് വരെ തീരുമാനിക്കുന്നത് ആര്‍ എസ് എസ്സാണെന്നും അത് എങ്ങനെയും നടപ്പാക്കിയെടുക്കാന്‍ പാകത്തിലുള്ള ഭരണകൂടമുണ്ടെന്നും തോന്നല്‍ സ്ഥാപിച്ചെടുക്കുക. സംസ്ഥാന സര്‍ക്കാറുകളൊക്കെ അപ്രസക്തമാണെന്ന ബോധം സൃഷ്ടിച്ചെടുക്കാന്‍ ഇതിലും നല്ല വഴിയില്ല. സംഘ്പരിവാരം ഇന്ന് പറയുന്നത് നാളെ രാജ്യത്തെ ചട്ടമാണെന്ന് ജനം മനസ്സിലാക്കും. കേരളമോ കര്‍ണാടകമോ ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോ ഉയര്‍ത്തുന്ന പ്രതിരോധം, ഇതര ദേശങ്ങളിലെ മൗനത്തില്‍ മുങ്ങി ഇല്ലാതാകും. അതങ്ങനെ സാധ്യമായാല്‍ ഹിന്ദി നിര്‍ബന്ധമാക്കാം, പാഠ്യപദ്ധതിയുടെയും ചരിത്രത്തിന്റെയും കാവിവത്കരണം വേഗത്തിലാക്കാം, ഏകീകൃത ഘടനയിലേക്ക് വേഗത്തില്‍ ചരിക്കാം. പണ്ഡിതോചിതമായ മൗനം തുടരുന്ന ഉത്തരദേശത്തെ കോണ്‍ഗ്രസും ജനതാ പരിവാരവും ഏത് നിമിഷവും കളംമാറുമെന്ന പ്രതീതി നിലനിര്‍ത്തുന്ന വികസന വിജിഗീഷു നിതീഷ് കുമാറുമൊക്കെ ഈ യാത്രക്ക് വേണ്ട സഹായം ചെയ്യുന്നുമുണ്ട്.

കാലിച്ചന്തക്കേര്‍പ്പെടുത്തിയ നിയന്ത്രണത്തെത്തുടര്‍ന്ന് തൊഴില്‍ നഷ്ടമുണ്ടായവര്‍ അതൃപ്തരമാകുമെന്നുറപ്പ്. അത് സാമൂഹിക പ്രശ്‌നമായി വളരാനുള്ള സാധ്യത ഏറെയാണ്. അത്തരമൊന്നുണ്ടായാല്‍ ഗുജറാത്ത് മാതൃകയിലൊരു വംശഹത്യാ ശ്രമത്തിന്റെ സാധ്യത തുറന്നു കിടക്കുന്നു. ഉത്തര്‍ പ്രദേശടക്കമുള്ളിടങ്ങളില്‍ പലവഴിക്ക് ശ്രമിച്ചിട്ടും ഉദ്ദിഷ്ടഫലത്തിലേക്ക് എത്താതിരുന്ന സംഗതി നടപ്പാക്കിയെടുക്കാന്‍ ഇതൊരുവഴിയായാല്‍ അതും നേട്ടം. നിലവില്‍ തന്നെ സൃഷ്ടിക്കപ്പെട്ട ഭീതിയുടെ മേഘങ്ങള്‍ക്ക് കൂടുതല്‍ കനമേറും. എപ്പോഴും പെയ്തിറങ്ങാവുന്ന തീമഴയെ ഭയന്ന് ജനം വിധേയരായി നില്‍ക്കും. ഠാക്കൂറുമാരെക്കൊണ്ട് ദളിതുകളെ തല്ലിച്ച്, സംഘ്പരിവാരത്തിനൊപ്പം നിന്നാലേ രക്ഷയുള്ളൂവെന്ന തോന്നല്‍ (അവിടെയും വിതക്കുന്നത് ഭീതിയാണ്) ദളിതുകളില്‍ ജനിപ്പിക്കുന്നതുപോലുള്ള സോഷ്യല്‍ എന്‍ജിനീയറിംഗ് വേറെയുമുണ്ട്. അത് തരാതരം പോലെ പ്രയോഗിക്കുക കൂടിയാകുമ്പോള്‍ സര്‍വം ശുഭം. സംഘ്‌സര്‍വാധിപത്യത്തിന് കീഴിലുള്ള ചന്ത ഒരുങ്ങുകയാണ്. അവിടെ ജനാധിപത്യത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ, അവകാശത്തിന്റെ കശാപ്പിന് നിരോധമുണ്ടാകില്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest