ട്രംപിന്റെ കന്നിയാത്ര അവശേഷിപ്പിക്കുന്നത്

ഹഡൊണാള്‍ഡ് ട്രംപ് എന്ന കൗശലക്കാരനായ ബിസിനസ്സുകാരനെ തന്നെയാണ് മധ്യപൗരസ്ത്യ, അറബ് ദേശത്ത് കണ്ടത്. സൗഹൃദത്തിന്റെ രാഷ്ട്രീയം അദ്ദേഹം പുറത്തെടുക്കുന്നു. പറഞ്ഞത് പലതും വിഴുങ്ങുന്നു. കാര്‍ക്കശ്യമല്ല അനുനയവും തനിക്ക് അറിയാമെന്ന് വരുത്തിത്തീര്‍ക്കുന്നു. തന്റെ പക്ഷവും മുന്‍ഗണനയും പ്രഖ്യാപിച്ചിരിക്കുന്നു. ഈ ഗുണകാംക്ഷ ആത്യന്തികമായി എന്ത് ഫലമാണ് ഉണ്ടാക്കുകയെന്ന ചോദ്യമുയരുമ്പോഴും ആശ്വാസ നിശ്വാസത്തിനുള്ള അവസരം ട്രംപ് നല്‍കിയിരിക്കുന്നു. അതിന് പക്ഷേ, അദ്ദേഹം ഒന്നും നഷ്ടപ്പെടുത്തുന്നില്ല. ഒരു പാട് നേടുന്നുണ്ട് താനും.
ലോക വിശേഷം
Posted on: May 28, 2017 6:22 am | Last updated: May 28, 2017 at 3:56 pm

മധ്യപൗരസ്ത്യ ദേശത്തിനും അറബ് ലോകത്തിനും സംഭവബഹുലമായ ദിനങ്ങളാണ് കടന്ന് പോയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം തന്നെയാണ് അതിന് കാരണം. അങ്ങേയറ്റം മുസ്‌ലിം വിരുദ്ധവും കുടിയേറ്റവിരുദ്ധവുമായ ആശയഗതികള്‍ തുറന്ന് പറയുകയും മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ ആട്ടിയോടിക്കുകയും ചെയ്ത ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷമുള്ള തന്റെ ആദ്യ വിദേശ യാത്രക്ക് സഊദി അറേബ്യയെ തിരഞ്ഞെടുത്തു എന്നത് തന്നെയായിരുന്നു ആ യാത്രയുടെ വാര്‍ത്താ മൂല്യം. തന്റെ മുന്‍ഗാമി ബരാക് ഒബാമ ചില ഘട്ടങ്ങളില്‍ അറബ് ഭരണാധികാരികളുമായി നടത്തിയിട്ടുള്ള ഊഷ്മളമായ സംഭാഷണങ്ങളെയും കൂടിക്കാഴ്ചകളെയും ഈജിപ്തിലടക്കം അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളെയും ക്രൂരമായി വിമര്‍ശിച്ചയാളാണ് ട്രംപ്. അതേ ട്രംപ് സഊദി രാജാവിന് മുന്നില്‍ വണങ്ങി നില്‍ക്കുകയും ആഘോഷപൂര്‍വം അറബ് ആതിഥ്യം സ്വീകരിക്കുകയും ചെയ്യുന്നത് കൗതുകക്കാഴ്ചയാകുന്നത് അത്‌കൊണ്ടാണ്. സഊദിയിലും ഇസ്‌റഈലിലും വത്തിക്കാനിലും സന്ദര്‍ശനം നടത്തുക വഴി സെമറ്റിക് മത കേന്ദ്രങ്ങളെ തന്റെ ആദ്യ വിദേശയാത്രയില്‍ കോര്‍ത്തിണക്കുന്നുവെന്ന പ്രതീതിയുണ്ടാക്കാനാണ് ട്രംപ് ശ്രമിച്ചത്. ആഴത്തില്‍ സമീപന മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും പ്രചാരണ ഘട്ടത്തിലും പ്രസിഡന്റ്പദമേറ്റയുടനെയും ട്രംപ് നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങളില്‍ നിന്ന് മെല്ലെ പിന്നോട്ട് പോകുന്നതിന്റെ സൂചനയായി സഊദി സന്ദര്‍ശനത്തെ കാണാവുന്നതാണ്. ബരാക് ഒബാമയുടെ അവസാന കാലത്ത് അറബ് മേഖലയില്‍ ചില ആശങ്കകള്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇറാനുമായി ബന്ധപ്പെട്ട് തന്നെ. ഇറാനുമായി യു എസ് ആണവ കരാറിലെത്തുകയും അവര്‍ക്കുള്ള ആയുധ ഉപരോധമടക്കമുള്ളവ നീക്കാന്‍ നടപടികള്‍ തുടങ്ങുകയും ചെയ്തത് ശാക്തിക ബലാബലത്തില്‍ വലിയ അട്ടിമറിയാണ് ഉണ്ടാക്കിയത്. അറബ് മേഖലയില്‍ ഇറാന്‍പേടി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. ഹൂത്തികളുടെ കാര്യത്തിലും ബഹ്‌റൈനിലും സമീപകാലത്തും ചരിത്രത്തിലുടനീളവും ഇറാന്‍ നടത്തിയിട്ടുള്ള എടുത്തു ചാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ഈ പേടി ന്യായമാണ് താനും. ഇറാന്‍- അമേരിക്ക ബാന്ധവം അപകടകരമാകുമെന്ന് സഊദിയടക്കമുള്ളവര്‍ ഭയപ്പെടുന്നത് മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. അറബ് വസന്തമെന്ന് ആഘോഷിക്കപ്പെട്ട പ്രക്ഷോഭങ്ങളെയും ഭരണമാറ്റങ്ങളെയും ബരാക് ഒബാമ പിന്തുണച്ചുവെന്നതും അറബ് മേഖലയിലെ അതൃപ്തിക്ക് കാരണമായിരുന്നു. ബശര്‍ അല്‍ അസദിനെ നിലക്ക് നിര്‍ത്തി സിറിയയിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം നിറവേറ്റാന്‍ അമേരിക്ക വലിയ ഔത്സുക്യം കാണിച്ചില്ലെന്ന പരാതിയും അറബ് ലോകത്തിനുണ്ടായിരുന്നു. ഈ അതൃപ്തികള്‍ ആകെ നിലനില്‍ക്കുന്ന ഘട്ടത്തിലാണ് മുസ്‌ലിം സമൂഹത്തെ സംശയത്തിന്റെ നിഴലില്‍ തളച്ചിടുന്ന ആക്രോശങ്ങളുമായി ട്രംപ് വരുന്നത്.

അതൃപ്തിയുടെയും അകല്‍ച്ചയുടെയും ഈ സാഹചര്യം മാറ്റേണ്ടത് അമേരിക്കക്കും അറബ് മേഖലയിലെ നേതൃരാഷ്ട്രമെന്ന നിലയില്‍ സഊദിക്കും അനിവാര്യമായിരുന്നു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടത്തിയ നയതന്ത്ര ശ്രമങ്ങള്‍ ഈ അനിവാര്യത തിരിച്ചറിഞ്ഞ നീക്കമായിരുന്നു. ആ നീക്കങ്ങളാണ് ട്രംപിന്റെ സഊദി സന്ദര്‍ശനത്തോടെ വിജയത്തിലെത്തിയിരിക്കുന്നത്. അറബ് ലോകത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കുന്ന തരത്തില്‍ തന്നെയാണ് ട്രംപ് സംസാരിച്ചത്. ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അദ്ദേഹം അംഗീകരിച്ചു. ആണവ കരാര്‍ ഇന്നത്തെ നിലയില്‍ നടപ്പാക്കില്ലെന്ന് സൂചിപ്പിച്ചു. തീവ്രവാദത്തെ മതവുമായി ബന്ധിപ്പിക്കാനാകില്ലെന്ന് വ്യക്തമായി പ്രഖ്യാപിച്ചു. സഊദിയുമായി കൂറ്റന്‍ ആയുധ കരാറില്‍ ഒപ്പു വെക്കുകയും ചെയ്തു. ഭ്രാന്തന്‍ നയങ്ങളുടെ പിറകേ പോകാന്‍ അധികാരം സിദ്ധിച്ച് കഴിഞ്ഞാല്‍ ട്രംപിന് സാധിക്കില്ലെന്നും പ്രായോഗികവാദിയാകാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുമെന്നും നിരവധി വിദഗ്ധര്‍ വിലയിരുത്തിയതാണ്. ഇതാണ് സഊദിയില്‍ കണ്ടത്. കൗശലപൂര്‍വം അദ്ദേഹം ചില തിരുത്തലുകള്‍ വരുത്തിയിരിക്കുന്നു. പക്ഷം പിടിച്ചിരിക്കുന്നു. തന്റെ മുന്‍ഗണന പ്രഖ്യാപിച്ചിരിക്കുന്നു. ഈ ഗുണകാംക്ഷ ആത്യന്തികമായി എന്ത് ഫലമാണ് ഉണ്ടാക്കുകയെന്ന ചോദ്യമുയരുമ്പോഴും ആശ്വാസ നിശ്വാസത്തിനുള്ള അവസരം ട്രംപ് നല്‍കിയിരിക്കുന്നു. അതിന് പക്ഷേ, അദ്ദേഹം ഒന്നും നഷ്ടപ്പെടുത്തുന്നില്ല. ഒരു പാട് നേടുന്നുണ്ട് താനും.

ഇറാനില്‍ ഹസന്‍ റൂഹാനി ഒരു ഊഴം കൂടി പ്രസിഡന്റ്പദത്തിലെത്തുന്നതും ട്രംപ് സഊദിയിലെത്തുന്നതും ഒരേ ദിനമാണ്. ഇറാന്‍ ചരിത്രത്തിലെ ഏറ്റവും അവേശകരമായ തിരഞ്ഞെടുപ്പിനൊടുവിലാണ് റൂഹാനി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. മിതവാദത്തിന്റെയും പ്രായോഗികതയുടെയും വിജയമായാണ് റൂഹാനിയുടെ രണ്ടാമൂഴം വിലയിരുത്തപ്പെടുന്നത്. ധീരമായ സാമ്രാജ്യത്വവിരുദ്ധ സമീപനത്തിന്റെ പരിവേഷം ഉണ്ടായിരുന്നുവെങ്കിലും അഹ്മദി നജാദിന്റെ കാലം ഇറാന്‍ ജനതയിലെ മധ്യവര്‍ഗ സമൂഹത്തിന് അതൃപ്തിയുടേതായിരുന്നു. ഈ അവസ്ഥക്ക് വലിയ മാറ്റം വരുത്താന്‍ ഹസന്‍ റൂഹാനിക്ക് സാധിച്ചു. അദ്ദേഹത്തിന്റെ വിട്ടുവീഴ്ചാ മനോഭാവം അമേരിക്കയോടുള്ള ആണവ കരാര്‍ സാധ്യമാക്കി. ഇറാനിലെ മധ്യവര്‍ഗ, ഉപരി വര്‍ഗ സമൂഹത്തിന്റെ മനസ്സിലിരിപ്പാണ് റൂഹാനി നടപ്പാക്കിയതെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

എന്നാല്‍ റൂഹാനിക്ക് ഈ നയത്തിന്റെ തുടര്‍ച്ച സാധ്യമാകില്ലെന്ന് ട്രംപിന്റെ സഊദി സന്ദര്‍ശനം വിളിച്ചോതുന്നു. ബരാക് ഒബാമ കൊണ്ടുവന്ന ആണവ കരാര്‍ അപ്പടി നടപ്പാകില്ലെന്ന് ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു. എന്നുവെച്ചാല്‍ ഉപരോധങ്ങളില്‍ നിന്ന് സ്വതന്ത്രമാകുകയെന്ന റൂഹാനിയുടെ കണക്കുകൂട്ടല്‍ പിഴക്കുമെന്ന് തന്നെ. ഇത് അദ്ദേഹത്തിന്റെ എതിരാളികളായ പരമോന്നത കൗണ്‍സിനും ആയത്തുല്ല ഖാംനഈക്കും ആയുധം നല്‍കും. പരിഷ്‌കരണവാദവും യാഥാസ്ഥികവാദവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മേല്‍ക്കൈ നേടാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സിനെപ്പോലും ഉപയോഗിച്ച ചരിത്രം ഇറാനുണ്ട്. അത്‌കൊണ്ട്, റൂഹാനിയുടെ രണ്ടാമൂഴത്തില്‍ ആഭ്യന്തര കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്ന ഇറാനെയാകും കാണുകയെന്ന് വിശ്വസിക്കാന്‍ സാധ്യമല്ല. യാഥാസ്ഥിതിക പരമോന്നത നേതൃത്വത്തിന്റെയും റവല്യൂഷനറി ഗാര്‍ഡിന്റെയും താത്പര്യങ്ങള്‍ക്ക് റൂഹാനി വഴങ്ങുകയും മേഖലയില്‍ കൂടുതല്‍ അലോസരങ്ങള്‍ സൃഷ്ടിക്കുകയുമാകും ഫലം. ഇത് മുന്നില്‍ കാണിച്ച് കൊണ്ട് തന്നെയാണ് അമേരിക്ക സഊദിക്ക് കൂടുതല്‍ ആയുധം വില്‍ക്കുന്നത്.
ഇനി ട്രംപിന്റെ ഇസ്‌റാഈല്‍ സന്ദര്‍ശനം നോക്കാം. ജറൂസലമില്‍ ചെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിനെയും അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ബെത്‌ലഹേമില്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും ട്രംപ് കണ്ടു. കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നിശ്ചയിച്ച പല പരിപാടികളും അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു. ജൂത രാഷ്ട്രത്തിന് അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടയാളാണ് ട്രംപ്. ജൂത ലോബി കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്ന യു എസ് പ്രസിഡന്റുമാരുടെ മുന്തിയ പകര്‍പ്പാണ് ഈ ബിസിനസ്സുകാരന്‍. പ്രസിഡന്റ് വേഷത്തില്‍ തന്റെ ആദ്യ ഇസ്‌റാഈല്‍ സന്ദര്‍ശനത്തില്‍ തന്നെ അദ്ദേഹം അത് ഭംഗിയായി തെളിയിച്ചു. ജൂതരാഷ്ട്രവും ഫലസ്തീനും തമ്മില്‍ സമാധാനം സാധ്യമാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് മാത്രമാണ് ട്രംപ് പറഞ്ഞത്. ഫലസ്തീന്‍ രാഷ്ട്രമെന്ന ഒരു വാക്കു പോലും അദ്ദേഹം ഉച്ചരിച്ചില്ല. സഹവര്‍തിത്വം, സമാധാനം, ചര്‍ച്ച തുടങ്ങിയ പദങ്ങള്‍ നിരയൊപ്പിച്ച് വെക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. നിരര്‍ഥകമായ വാക്കുകള്‍ തുപ്പുക മാത്രമാണ് ട്രംപ് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന അനുഭവങ്ങള്‍ തേടി ഏറെ ദൂരം പോകേണ്ടതില്ല. കഴിഞ്ഞ ജനുവരി മുതലുള്ള സംഭവവികാസങ്ങള്‍ മാത്രമെടുത്താല്‍ മതി. ജനുവരി തുടക്കത്തില്‍ യു എന്‍ രക്ഷാ സമിതി പാസ്സാക്കിയ 2334ാം പ്രമേയം ഫലസ്തീന് അവകാശപ്പെട്ട പ്രദേശങ്ങളില്‍ ഇസ്‌റാഈല്‍ നിര്‍മിക്കുന്ന ജൂത കുടിയേറ്റ ഭവനങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു. ഇത്തരമൊരു പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇത്തവണ യു എസ് വിട്ടു നിന്നു. പ്രമേയം പാസ്സായി. സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒബാമ നടത്തിയ ഇടപെടലാണ് റസല്യൂഷന്‍ 2334ന് വഴിയൊരുക്കിയത്. എന്നാല്‍ ജനുവരി 20ന് അധികാരമേറ്റ ട്രംപ് രണ്ട് നീക്കങ്ങള്‍ നടത്തിയാണ് ഈ പ്രമേയത്തെ പൊളിച്ചത്. ഒന്ന്, ഫെബ്രുവരി ഏഴിന് ഇസ്‌റാഈല്‍ പാര്‍ലിമെന്റായ നെസ്സറ്റ് ‘റഗുലേഷന്‍ ബില്‍’ പാസ്സാക്കിയെന്നത് തന്നെ. 1948 മുതല്‍ 1967 വരെയുള്ള യുദ്ധങ്ങളില്‍ പിടിച്ചടക്കിയ മുഴുവന്‍ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ജൂത കുടിയേറ്റ സമുച്ചയങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതാണ് ഈ ബില്ല്. യു എന്‍ രക്ഷാസമിതി പ്രമേയത്തിന്റെ നേര്‍ വിപരീതം. ഇസ്‌റാഈലിലെ യു എസ് എംബസി ജറൂസലമിലേക്ക് മാറ്റാന്‍ തീരുമാനിച്ചുവെന്നതാണ് രണ്ടാമത്തെ കാര്യം. നിര്‍ദിഷ്ട ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനത്തേക്കാണ് എംബസി പറിച്ചു നടുന്നത്. കിഴക്കന്‍ ജറൂസലം ഒരിക്കലും ഫലസ്തീന് തിരികെ നല്‍കില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഇതുവഴി ട്രംപ് ഭരണകൂടം ചെയ്തിരിക്കുന്നത്. 1967ന് മുമ്പുള്ള അതിര്‍ത്തികളിലേക്ക് ഇസ്‌റാഈല്‍ പിന്‍മാറണമെന്നും കിഴക്കന്‍ ജറൂസലം തലസ്ഥാനമായി രാഷ്ട്രം വേണമെന്നുമാണ് ഫലസ്തീന്‍ ജനത ആവശ്യപ്പെടുന്നത്. അത് എല്ലാ അന്താരാഷ്ട്ര സമിതികളും അംഗീകരിച്ചതുമാണ്. അവിടെ നിന്നാണ് ചര്‍ച്ച തുടങ്ങേണ്ടത്. അല്ലാത്തിടത്തോളം കാലം എല്ലാ ചര്‍ച്ചകളും പ്രഹസനം മാത്രമായിരിക്കും.
ചുരുക്കത്തില്‍ ഡൊണാള്‍ഡ് ട്രംപ് എന്ന കൗശലക്കാരനായ ബിസിനസ്സുകാരനെ തന്നെയാണ് മധ്യപൗരസ്ത്യ, അറബ് ദേശത്ത് കണ്ടത്. സൗഹൃദത്തിന്റെ രാഷ്ട്രീയം അദ്ദേഹം പുറത്തെടുക്കുന്നു. പറഞ്ഞത് പലതും വിഴുങ്ങുന്നു. കാര്‍ക്കശ്യമല്ല അനുനയവും തനിക്ക് അറിയാമെന്ന് വരുത്തി തീര്‍ക്കുന്നു. ശാക്തിക ബലാബലത്തില്‍ യു എസ് തങ്ങളോടൊപ്പം തന്നെയാണെന്ന് സഊദിക്ക് ആശ്വസിക്കാം. ആ ആത്മവിശ്വാസം മേഖലയില്‍ കൂടുതല്‍ ശാന്തത കൊണ്ടുവരുമെന്ന് പ്രത്യാശിക്കാം.