National
കന്നുകാലിയെ കശാപ്പിനായി വില്‍ക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി; രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വില്‍ക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കന്നുകാലികളെ വില്‍ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൃഷി ആവശ്യങ്ങള്‍ക്ക് മാത്രമെ ഇനിമുതല്‍ കന്നുകാലികളെ വില്‍ക്കാനാകു. കന്നുകാലികളെ വില്‍ക്കുന്നത് കശാപ്പിനല്ലെന്ന് ഉറപ്പ് വരുത്തണം. കാള, പശു, പോത്ത്, ഒട്ടകം എന്നിവ നിരോധനത്തിന്റെ പരിധിയില്‍ വരും.
സംസ്ഥാന അതിര്‍ത്തിക്ക് 25 കിലോമീറ്റര്‍ ചുറ്റയളവില്‍ കന്നുകാലി ചന്ത പാടില്ലെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കന്നുകാലികളെ ബലി നല്‍കുന്നതും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ കന്നുകാലി കശാപ്പ് സംസ്ഥാനത്തിന്റെ പരിധിയിലുള്ളതാണെന്നും, കേന്ദ്രനിര്‍ദ്ദേശം അംഗീകരിക്കില്ലെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഭക്ഷ്യസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിത്. നിയമവശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കന്നുകാലി വില്‍പ്പനയിലെ നിയന്ത്രണം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. സംസ്ഥാന അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും മന്ത്രി പറഞ്ഞു.
ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍
- വാങ്ങിയ കന്നുകാലികളെ ആറുമാസത്തിനുള്ളില്‍ വില്‍ക്കാനാകില്ല.
- മൃഗങ്ങളെ ക്രൂരത തടയുന്നതിന് 1960ല്‍ കൊണ്ടുവന്ന നിയമത്തിന് കീഴിലാണ്.
- മൃഗങ്ങളെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുമ്പോള്‍ അതതു സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുവാദം വാങ്ങണം.
- പ്രായം കുറഞ്ഞതോ ശാരീരികാവസ്ഥ മോശമായതോ ആയ കന്നുകാലികളെ വില്‍ക്കരുത്.