Connect with us

Kozhikode

പുണ്യമാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കോംപ്ലക്‌സ് പള്ളി

Published

|

Last Updated

റമസാനിനെ വരവേല്‍ക്കാന്‍ പുതുമോടിയുമായി മര്‍കസ് കോംപ്ലക്‌സ് മസ്ജിദ്.

കോഴിക്കോട്: വിശുദ്ധ റമസാനിനെ സ്വീകരിക്കാന്‍ വിപുലമായ പദ്ധതികളുമായി കോഴിക്കോട് മര്‍കസ് കോംപ്ലക്‌സ് മസ്ജിദ്. ദിവസവും രണ്ടായിരത്തോളം പേര്‍ക്ക് നോമ്പ്തുറ സൗകര്യം, പ്രഭാഷണങ്ങള്‍, ആത്മീയസദസുകള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, അത്താഴം, വനിതാസംഗമങ്ങള്‍, ഇതര സംസ്ഥാനക്കാര്‍ക്കുള്ള പ്രത്യേക പരിപാടികള്‍ തുടങ്ങി വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നോമ്പ്തുറക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാത്രങ്ങള്‍ അടക്കം ഇത്തവണത്തെ പരിപാടികളെല്ലാം പ്ലാസ്റ്റിക് വിമുക്തമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റമസാന്‍ ക്യാമ്പയിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി നിര്‍വഹിക്കും. സയ്യിദ് മുഹമ്മദ് ബാഫഖി തങ്ങള്‍, സയ്യിദ് മുല്ലക്കോയ തങ്ങള്‍, അബ്ദു റഊഫ് സഖാഫി, മര്‍കസ് നോളജ് സിറ്റി ജനറല്‍ മാനേജര്‍ എം കെ ശൗക്കത്ത് അലി, അബ്ദുന്നാസ്വിര്‍ സഖാഫി സംബന്ധിക്കും. വൈകീട്ട് ഏഴിന് സിറ്റി മഹഌറത്തുല്‍ ബദ്‌രിയ്യ നടക്കും. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി നേതൃത്വം നല്‍കും.
റമസാന്‍ ഒന്ന് മുതല്‍ ഉച്ചക്ക് ഒന്നിന് പ്രഭാഷണങ്ങള്‍ നടക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദു ജലീല്‍ സഖാഫി ചെറുശ്ശോല, സി മുഹമ്മദ് ഫൈസി, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, റഹ്മത്തുല്ല സഖാഫി എളമരം, ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, മസ്ഊദ് സഖാഫി, മുഹമ്മദലി സഖാഫി വള്ള്യാട്, ഫാളില്‍ നൂറാനി, ഹാഫിള് അബൂബക്കര്‍ സഖാഫി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവരാണ് ഈ വര്‍ഷത്തെ റമസാന്‍ പ്രഭാഷകര്‍.

 

Latest