പ്രത്യേക തൊഴില്‍ദാന പദ്ധതിയിലെ അംഗങ്ങള്‍ക്ക് ജൂണ്‍ മുതല്‍ പെന്‍ഷന്‍

Posted on: May 26, 2017 1:39 pm | Last updated: May 26, 2017 at 1:39 pm

തിരുവനന്തപുരം: പ്രത്യേക തൊഴില്‍ദാന പദ്ധതിയിലെ അംഗങ്ങള്‍ക്ക് അറുപതു വയസ് പൂര്‍ത്തിയാകുന്ന മുറക്ക് അടുത്തമാസം (ജൂണ്‍) മുതല്‍ പെന്‍ഷന്‍തുക നല്‍കി ത്തുടങ്ങുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2014 മുതല്‍ ഈ പദ്ധതിയിലെ അംഗങ്ങള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാകാന്‍ തുടങ്ങിയിരുന്നു. എങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ പെന്‍ഷന്‍ കാര്യത്തില്‍ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയായിരുന്നു.

ഇപ്പോള്‍ 921 പേര്‍ 60 വയസ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പദ്ധതിയിലെ അംഗങ്ങളുടെ പരാതികള്‍ പരിശോധിക്കുകയും സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പ്രകാരം പ്രതിമാസം 1000 രൂപവീതം പെന്‍ഷന്‍ നല്‍കുന്നതിന് തീരുമാനിക്കുകയും ചെയ്തു. ഇതു കൂടാതെ 30,000രൂപ ഗ്രാറ്റുവിറ്റിയും നല്‍കും. ഒരുലക്ഷം യുവജനങ്ങള്‍ക്കുള്ള പ്രത്യേക തൊഴില്‍ദാന പദ്ധതി 1994ല്‍ നടപ്പാക്കിയതാണ്. ഈ പദ്ധതിയില്‍ 97,849 പേരാണ് അംഗങ്ങളായി ചേര്‍ന്നിട്ടുള്ളത്. മറ്റു തൊഴിലുകള്‍ തേടിപ്പോയവര്‍, മരണപ്പെട്ടവര്‍, സ്വയം പിരിഞ്ഞു പോയവര്‍ എന്നിങ്ങനെയുള്ളവരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയ ശേഷം 85,217 പേര്‍ അംഗങ്ങളായി പദ്ധതിയിലുണ്ട്. മന്ത്രി നിയമസഭയെ അറിയിച്ചു.