ഇല്ലാത്ത സാമ്പത്തിക സഹായത്തിനായി നെട്ടോട്ടം

Posted on: May 26, 2017 11:45 am | Last updated: May 26, 2017 at 11:14 am

റാണാഘട്ട്: ബേട്ടി ബചാവോ ബേട്ടി പഠാവോ (പെണ്‍കുട്ടിയെ രക്ഷിക്കൂ പെണ്‍കുട്ടിയെ പഠിപ്പിക്കൂ- ബി ബി ബി പി) എന്ന കേന്ദ്ര പദ്ധതി വഴി സാമ്പത്തിക സഹായം നല്‍കുന്നുവെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ ജനം പരക്കം പാഞ്ഞു.
ബി ബി ബി പി പദ്ധതി വഴി പണം ലഭിക്കാനുള്ള വ്യാജ അപേക്ഷാ ഫോറം പൂരിപ്പിച്ച് നാദിയ ജില്ലയിലാണ് ജനം പോസ്റ്റ് ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയത്. സമാന സംഭവത്തില്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ള സാഹര്യത്തിലാണ് വീണ്ടും കബളിപ്പിക്കല്‍ നടന്നത്. ബി ബി ബി പി വഴി സാമ്പത്തിക സഹായത്തിന് വ്യവസ്ഥകള്‍ ഇല്ലെന്നിരിക്കെ, തങ്ങള്‍ക്ക് ലഭിച്ച വ്യാജ അപേക്ഷാ ഫോറം പൂരിപ്പിച്ച് സ്ത്രീകള്‍ നാദിയയിലെ റാണാഘട്ട് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ ബഹളം വെ ച്ചു.
ബുധനാഴ്ച മുതല്‍ തന്നെ പോസ്റ്റ് ഓഫീസിന് മുന്നില്‍ തിരക്ക് വര്‍ധിച്ചിരുന്നു. ഇന്നലെയോടെ ഇത് ക്രമാതീതമായി കൂടുകയും ക്രമസമാധാനം സംരക്ഷിക്കുന്നതിന് പോലീസിനെ നിയോഗിക്കേണ്ടിവരികയും ചെയ്തു.
തപാല്‍ വഴിയും പൂരിപ്പിച്ച അപേക്ഷകള്‍ പോസ്റ്റ് ഓഫീസില്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. മറ്റ് ചിലരാകട്ടെ പൂരിപ്പിച്ച അപേക്ഷാ ഫോറം പോസ്റ്റ് ഓഫീസിലെ പെട്ടിയില്‍ നിക്ഷേപിച്ച് മടങ്ങുകയും ചെയ്തു. ചില ഫോട്ടോസ്റ്റാറ്റ് കടകളില്‍ നിന്ന് ലഭിച്ച ഫോറമാണ് എല്ലാവരും ഉപയോഗിച്ചത്. ആറ് മുതല്‍ 20 രൂപ വരെയാണ് ഫോമിന് ഇവര്‍ വില ഈടാക്കിയിരുന്നത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ 18നും 25നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ പഠനത്തിനായി രണ്ട് ലക്ഷം രൂപ നല്‍കുന്നുവെന്ന് ആരോ പറഞ്ഞറിഞ്ഞതനുസരിച്ചാണ് അപേക്ഷാ ഫോറം പൂരിപ്പിച്ച് താന്‍ ഇവിടെയെത്തിയതെന്ന് ഒരു സ്ത്രീ പ്രതികരിച്ചു. മറ്റ് ചിലര്‍ക്ക് തെറ്റായ വിവരം ലഭിച്ചത് ഇന്റര്‍നെറ്റിലൂടെയായിരുന്നു. വ്യാജ അപേക്ഷാ ഫോറം വിതരണം ചെയ്ത കടകളില്‍ അധികൃതര്‍ പരിശോധന നടത്തി. നിരവധി കടകള്‍ അടപ്പിക്കുകയും ചെയ്തു.
ഹരിയാന, ഉത്തരാഖണ്ഡ്, ബിഹാര്‍, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നേരത്തെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് സി ബി ഐ അന്വേഷിക്കുമെന്ന് കഴിഞ്ഞ മാസം ആറിന് കേന്ദ്ര വനിത- ശിശുക്ഷേമ സഹമന്ത്രി കൃഷ്ണ രാജ രാജ്യസഭയെ അറിയിച്ചിരുന്നു.