കന്നിയാത്രയില്‍ ‘പരുക്കേറ്റ്’ തേജസ് എക്‌സ്പ്രസ്

Posted on: May 26, 2017 9:11 am | Last updated: May 26, 2017 at 11:12 am

മുംബൈ: മുംബൈയില്‍ നിന്ന് ഗോവയിലേക്ക് കന്നിയാത്ര പുറപ്പെട്ട ആഡംബര ട്രെയിന്‍ തേജസ് തിരിച്ചെത്തിയത് നിറയെ പരുക്കുകളോടെ. ട്രെയിനിലെ എല്‍ സി ഡി സ്‌ക്രീനുകള്‍ തകര്‍ക്കപ്പെടുകയും ഹെഡ്‌ഫോണുകള്‍ മോഷ്ടിക്കപ്പെടുകയും ചെയ്തു. ശുചിമുറികള്‍ വ്യത്തിഹീനമാക്കിയ നിലയിലായിരുന്നു. തേജസ് എക്‌സ്പ്രസ് ആദ്യ യാത്ര പൂര്‍ത്തിയാക്കിയപ്പോള്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഈ കാഴ്ചകള്‍ കണ്ടത്.

ട്രെയിന്‍ കംപാര്‍ട്ട്‌മെന്റുകള്‍ ചവറുകള്‍ കൊണ്ട് നിറഞ്ഞിരുന്നു. ചുരുങ്ങിയത് 12 ഹെഡ്‌ഫോണെങ്കിലും നഷ്ടപ്പെട്ടു. രണ്ട് എല്‍ സി ഡി സ്‌ക്രീനുകള്‍ നശിപ്പിക്കപ്പെട്ടെന്നും ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിനോദ സഞ്ചാര സാധ്യത മുന്നില്‍ക്കണ്ട് ആവിഷ്‌കരിച്ച ഈ ട്രെയിന്‍ സര്‍വീസ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു തിങ്കളാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. കേടുപാടുകള്‍ പരിഹരിച്ച് ഇന്ന് തന്നെ യാത്ര പുനഃരാരംഭിക്കാനാകുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സി സി ടി വി ക്യാമറകള്‍ പരിശോധിച്ച ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു,

എക്‌സിക്യൂട്ടീവ് ക്ലാസ്, ചെയര്‍ കാറുകള്‍ തുടങ്ങിയ 22 പുതിയ സംവിധാനങ്ങളുമായാണ് തേജസ് സര്‍വീസ് നടത്തുന്നത്. സാധാരണ ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി മൂന്നിരട്ടിയാണ് തേജസിലെ ടിക്കറ്റ് നിരക്ക്. ഒന്നാം ക്ലാസ് എ സി യാത്രക്ക് 2,680, ചെയര്‍ സീറ്റുകള്‍ക്ക് 1,680 രൂപ എന്നിങ്ങനെയാണ് കുറഞ്ഞ നിരക്കുകള്‍.