ജി എസ് ടിയും കേരളവും

ഇന്ത്യയില്‍ ജി എസ് ടിയിലേക്ക് നടന്നടുക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുന്ന സാഹചര്യം സൃഷ്ടിച്ച രാഷ്ട്രീയ, ഉദ്യോഗസ്ഥ ഇച്ഛാശക്തിയും കച്ചവടക്കാരുടെ സഹകരണവും അഭിനന്ദനീയമാണ്. 2005 ഏപ്രില്‍ ഒന്നിന് വാറ്റ് നടപ്പില്‍ വരുന്നതിനു മുമ്പ് തുടര്‍ച്ചയായി മൂന്ന് ദിവസം കടകള്‍ അടച്ച് സമരം ചെയ്ത കച്ചവടക്കാരും 10 ശതമാനം പോലും കമ്പ്യൂട്ടര്‍ ഏര്‍പ്പെടുത്താന്‍ സാധിക്കാതെ ഇരുട്ടില്‍ തപ്പിയ സര്‍ക്കാര്‍ സംവിധാനവും ഈ സാഹചര്യത്തില്‍ നാം ഓര്‍മിക്കേണ്ടതുണ്ട്.
Posted on: May 26, 2017 6:00 am | Last updated: June 3, 2017 at 5:48 pm

പരോക്ഷ നികുതി പിരിവ് കൂടുതല്‍ ഫലപ്രദവും സുതാര്യവുമാക്കാനായി ഇന്ത്യയൊട്ടാകെ 2017 ജൂലൈ ഒന്ന് മുതല്‍ ചരക്ക് സേവന നികുതി(ജി എസ് ടി) സമ്പ്രദായം നടപ്പിലാക്കുകയാണ്. ‘കേരള വില്‍പ്പന നികുതി നിയമം 1963’ അനുസരിച്ച് നടത്തിയ പരോക്ഷ നികുതി സമാഹരണം പോരായ്മകളുള്ളതും കാലാനുസൃതവുമല്ലെന്ന കണ്ടെത്തല്‍ കാരണം 42 വര്‍ഷങ്ങള്‍ക്ക് ശേഷം 2005 ഏപ്രില്‍ ഒന്ന് മുതല്‍ കേരള മൂല്യവര്‍ധിത നിയമം 2003 നടപ്പിലാക്കുകയുണ്ടായി. എന്നാല്‍, കേവലം 12 വര്‍ഷത്തിനകം പ്രസ്തുത നിയമവും സുതാര്യവും സമഗ്രവും കുറ്റമറ്റതുമല്ലെന്ന നിഗമനത്തില്‍ എത്തിയ സാഹചര്യത്തില്‍ ചരക്കു സേവന നികുതി നിയമം നടപ്പിലാക്കാന്‍ പോകുന്നു.

ഇന്ത്യയെ ഒറ്റക്കമ്പോളമാക്കി മാറ്റി സാധനങ്ങളും സേവനങ്ങളും ക്രയവിക്രയം (സപ്ലൈ) നടത്തുക എന്നത് ജി എസ് ടി യുടെ പ്രധാന ഉദ്ദേശ്യമാണ്. ചെക്ക് പോസ്റ്റുകള്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളായി മാറ്റാനാണ് ധാരണ. നികുതിനിരക്ക് ഏകീകരണം, (എല്ലാ സംസ്ഥാനങ്ങളിലും) കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൂടുതല്‍ നികുതി വിഭവസമാഹരണം, വിലക്കയറ്റം തടയല്‍, ഇന്ത്യയില്‍ ദേശീയ അന്തര്‍ദേശീയ മൂലധനനിക്ഷേപം ഉയര്‍ത്തല്‍, ഉയര്‍ന്ന ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് (G D P Increase) ഇവയൊക്കെ ജി എസ് ടി വഴി ലക്ഷ്യമിടുന്നുണ്ട്. കൂടാതെ വിവരസാങ്കേതിക വിദ്യയിലൂടെ നികുതി വ്യവസ്ഥ സുതാര്യ മാകുന്നതു വഴി നികുതി അടവ് (tax compliance) കൂടാന്‍ സാധ്യതയുണ്ട്.
ഇന്ത്യയില്‍ ലക്ഷ്യസ്ഥാനാധിഷ്ഠിതമായ ദ്വിവിധ നികുതിയാണ് (Dual GST) നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഫെഡറല്‍ സമ്പ്രദായത്തില്‍ ഇതുവരെ ഭാരതത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും പ്രത്യേകം പ്രത്യേകം നിയമ നിര്‍മാണം നടത്തിയും പരസ്പരം മറികടക്കാതെയും ഭരണഘടനാനുസൃതമായി നടത്തിവന്നിരുന്ന നികുതി പിരിവ്, 101-ാം ഭരണഘടന ഭേദഗതിനിയമം അനുസരിച്ച് മാറ്റം വരുത്തി ആര്‍ട്ടിക്കിള്‍ 246 എ പ്രകാരം എല്ലാ സാധനങ്ങള്‍ക്കും ചരക്കുകള്‍ക്കും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഒരേസമയം നികുതി ചുമത്താന്‍ അധികാരം നല്‍കിയെന്നതാണ് ജി എസ് ടി നിയമത്തിന്റെ കാതലായ വശം.
കേന്ദ്ര ജി എസ് ടി (CGST), സംസ്ഥാന ജി എസ് ടി (SGST), സംയോജന ജി എസ് ടി (IGST) എന്നീ മൂന്ന് നികുതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതായത് കേന്ദ്രപരോക്ഷ നികുതികളായ കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി (Central excise), കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി (മരുന്നും ശൗചാലയ നിര്‍മിതികള്‍ക്കും ഉള്ളവ), അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി (Goods of Special importance), അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി (തുണിത്തരങ്ങള്‍ക്ക്), കൗണ്ടര്‍ വെയിലിംഗ് ഡ്യട്ടി (CVD), സ്‌പെഷ്യല്‍ അഡീഷണല്‍ ഡ്യൂട്ടി (SAD), സേവന നികുതി (Service Tax), സാധനങ്ങളുടെയും സേവനങ്ങളുടെയും സപ്ലൈയുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ചാര്‍ജുകളും സെസ്സുകളും (Central Cesses & Surcharges) ലയിപ്പിച്ച് കേന്ദ്ര ജി എസ് ടിയും; സംസ്ഥാന നികുതികളായ സംസ്ഥാന മൂല്യവര്‍ധിത നികുതി (State VAT), കേന്ദ്ര വില്‍പ്പന നികുതി (CST), ആഡംബര നികുതി (Luxury Tax), പ്രവേശന നികുതി (Entry Tax), വിനോദ നികുതി (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചുമത്തുന്നവ ഒഴിച്ച് (Entertainment Tax), പരസ്യ നികുതി (Advertisement Tax), വാങ്ങല്‍ നികുതി (Purchase Tax), ലോട്ടറി തുടങ്ങിയ ചൂതാട്ടങ്ങളു ടെമേല്‍ ചുമത്തുന്ന നികുതി (Lottery Tax, Betting and Gambling), സംസ്ഥാന സെസ്സുകളും സര്‍ചാര്‍ജുകളും (State Cess and Surcharges) ലയിപ്പിച്ച് സംസ്ഥാന ജി എസ് ടിയും ആകാന്‍ പോകുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, എട്ട് വിവിധ കേന്ദ്രപരോക്ഷ നികുതിയും ഒന്‍പത് സംസ്ഥാന പരോക്ഷ നികുതിയും ജി എസ് ടി നടപ്പിലാക്കുമ്പോള്‍ ഇല്ലാതാകും.

ഇന്ത്യയെ ഒറ്റക്കമ്പോളമാക്കി സാധനങ്ങളും സേവനങ്ങളും സപ്ലൈ നടത്തുക, നികുതി നിരക്ക് ഏകീകരണം, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൂടുതല്‍ നികുതി വിഭവസമാഹരണം, വിലക്കയറ്റം തടയല്‍, ദേശീയ അന്തര്‍ദേശീയ മൂലധനനിക്ഷേപം ഉയര്‍ത്തല്‍, ഉയര്‍ന്ന ജി ഡി പി നികുതിയുടെ മേല്‍ നികുതി ഒഴിവാക്കല്‍, ഇന്ത്യന്‍ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ മത്സരിക്കാന്‍ സാധ്യമാക്കുക, നികുതി അടവ് വിവര സാങ്കേതിക വിദ്യയിലൂടെ സുതാര്യമാക്കി വര്‍ധിപ്പിക്കുക എന്നിവയാണ്.
മനുഷ്യ ഉപഭോഗത്തിനായുള്ള മദ്യം, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവ ജി എസ് ടി ബാധകമല്ലാത്ത ചരക്കുകളാണ്. ചരക്കുകളുടെ തരംതിരിക്കല്‍ എങ്ങനെയെന്ന് നോക്കാം. എച്ച് എസ് എന്‍ കോഡ് അനുസരിച്ച് 1.5 കോടി രൂപ മുതല്‍ അഞ്ച് കോടി വരെയുള്ളവര്‍ രണ്ടക്ക കോഡും 5 കോടിയുടെ മുകളിലുള്ള വര്‍ നാലക്ക കോഡും ഉപയോഗിച്ച് ബില്ലുകള്‍ തയ്യാറാക്കണം. 1.5 കോടി രൂപയുടെ താഴെയുള്ളവര്‍ക്ക് ഈ നിബന്ധന ഉണ്ടായിരിക്കുന്നതല്ല.
20 ലക്ഷം രൂപയുടെ മുകളില്‍ വിറ്റുവരവുള്ള (നിബന്ധനകള്‍ക്ക് വിധേയമായി) സപ്ലൈ നടത്തുന്നവര്‍ രജിസ്‌ട്രേഷന്‍ നേടേണ്ടതും നികുതി അടക്കേണ്ടതുമാണ്. കോമ്പന്‍സേഷന്‍ സ്‌കീം അനുസരിച്ച് 50 ലക്ഷത്തില്‍ താഴെയുള്ള ചെറുകിട നികുതിദായകര്‍ക്ക് ഒരു ശതമാനം നികുതി രീതി തിരഞ്ഞെടുക്കാവുതാണ്. ആദായനികുതി വകുപ്പ് നല്‍കുന്ന പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചായിരിക്കും രജിസ്‌ട്രേഷന്‍ നല്‍കുന്നതും മറ്റ് ഇടപാടുകള്‍ നിര്‍ബന്ധമായും ഉണ്ടാവുകയും ചെയ്യുക.
വിവിധതരം റിട്ടേണുകളാണ് ജി എസ് ടിയില്‍ സമര്‍പ്പിക്കേണ്ടത്. (മാറ്റങ്ങള്‍ക്ക് വിധേയമായി) ഇവ അടുത്തമാസം 10-ാം തീയതി മുതല്‍ 20-ാം തീയതി വരെയും ത്രൈമാസ റിട്ടേ നല്‍കേണ്ടവര്‍ 18-ാം തീയതിയും നല്‍കേണ്ടിവരും.
കേന്ദ്ര ധന മന്ത്രി ചെയര്‍മാനും കേന്ദ്ര റവന്യൂ മന്ത്രി, സംസ്ഥാന ധനകാര്യമന്ത്രിമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട കൗണ്‍സില്‍ ജി എസ് ടി സംബന്ധിച്ച എല്ലാ കാര്യങ്ങളും തീരുമാനിക്കും. നിയമനിര്‍മാണം, തര്‍ക്കവിഷയങ്ങള്‍, സംസ്ഥാനങ്ങള്‍ക്കുണ്ടാകാവുന്ന സാമ്പത്തിക നഷ്ടം നികത്താനുള്ള അധികാരം എന്നിവയില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള അന്തിമ അധികാരിയായി ഈ കൗണ്‍സില്‍ പ്രവര്‍ത്തിക്കും. സംസ്ഥാന ധനകാര്യമന്ത്രിമാരുടെ ശക്തമായ കൂട്ടായ്മയും അഭിപ്രായങ്ങളും എതിര്‍പ്പും ഉണ്ടാകുന്നതില്‍ വീഴ്ച വരുന്നപക്ഷം നികുതിസമാഹരണത്തില്‍ ഫെഡറല്‍ സംവിധാനത്തിന് കോട്ടം സംഭവിക്കാം. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന നികുതി നിരക്ക് 5, 12, 18, 28 ശതമാനമായിരിക്കും. ഏതെല്ലാം ചരക്കുകള്‍ ഏത് നിരക്കില്‍ വരുമെന്ന ഷെഡ്യൂള്‍ അംഗീകരിച്ച് കഴിഞ്ഞിട്ടില്ല.
ഇന്ത്യയിലെ എല്ലാ ധനമന്ത്രിമാരും ഡോ. തോമസ് ഐസക്കില്‍ പരിപൂര്‍ണ വിശ്വാസമര്‍പ്പിക്കുകയും അദ്ദേഹത്തെ പിന്തുണക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു. ഇങ്ങനെ സംസ്ഥാനങ്ങളുടെ താത്പര്യം നിലനിര്‍ത്തുന്നതിനായി മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര ധനമന്ത്രി തയ്യാറായത് ആശാവഹമായ മാറ്റവും കേരളത്തിന് അഭിമാനവുമാണ്. ആ മാറ്റങ്ങള്‍ ഇവയാണ്.
1. സാധാരണക്കാര്‍ ഉപയോഗിക്കുന്ന അവശ്യവസ്തുക്കള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും കേന്ദ്രം മുമ്പ് നിര്‍ദേശിച്ച 6 ശതമാനം നികുതി എന്നത് 5 ശതമാനമായി കുറച്ച് തിട്ടപ്പെടുത്താന്‍ സാധിച്ചു.
2. ആഡംബരവസ്തുക്കള്‍ക്കും സാമ്പത്തികമായി മുന്നാക്കം നില്‍ക്കുവര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കും തുലോം കുറഞ്ഞ 26 1/2 ശതമാനം നികുതി നിര്‍ദേശിച്ചത് 28 ശതമാനം ആക്കി മാറ്റാനും സാമ്പത്തികനഷ്ടം ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍വസ്തുക്കളിന്‍മേല്‍ അധിക സെസ്സ് ഏര്‍പ്പെടുത്താനും ധാരണയായി.
3. 1.5 കോടിയുടെ താഴെ വിറ്റുവരവുള്ള 90 ശതമാനം നികുതിദായകരെയും സംസ്ഥാന സര്‍ക്കാര്‍ നികുതിനിര്‍ണയം നടത്തുന്നതായിരിക്കും. ബാക്കി 10 ശതമാനം നറുക്കെടു പ്പ് വഴി ബന്ധപ്പെട്ട കേന്ദ്ര, സംസ്ഥാനങ്ങള്‍ക്ക് നല്‍കും.
4. നികുതിദായകന് ഒരേസമയം രണ്ട് നികുതിനിര്‍ണയ അധികാരി ഉണ്ടാകുമെന്ന അവസ്ഥ ഒഴിവാക്കി.
5. സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഉപഭോക്താവിന്മേല്‍ അധിക ഭാരം ചുമത്തി നികത്താന്‍ നിര്‍ദേശിച്ച വ്യവസ്ഥ ഒഴിവാക്കി, കേന്ദ്രം നേരിട്ട് നല്‍കുമെന്ന് അംഗികരിച്ചു.
സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണം, നിരന്തരവും ആവര്‍ത്തിച്ചുമുള്ള ക്ലാസ്സുകള്‍, ഹെല്‍പ്പ് ഡസ്‌കുകള്‍, പ്രായോഗിക പരിചയ നടപടികള്‍ എന്നിവ വഴി ഇന്ത്യയില്‍ ജി എസ് ടിയിലേക്ക് നടന്നടുക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുന്ന സാഹചര്യം സൃഷ്ടിച്ച രാഷ്ട്രീയ, ഉദ്യോഗസ്ഥ ഇച്ഛാശക്തിയും കച്ചവടക്കാരുടെ സഹകരണവും അഭിനന്ദനീയമാണ്.
2005 ഏപ്രില്‍ ഒന്നിന് വാറ്റ് നടപ്പില്‍ വരുന്നതിനു മുമ്പ് തുടര്‍ച്ചയായി മൂന്ന് ദിവസം കടകള്‍ അടച്ച് സമരം ചെയ്ത കച്ചവടക്കാരും 10 ശതമാനം പോലും കമ്പ്യൂട്ടര്‍ ഏര്‍പ്പെടുത്താന്‍ സാധിക്കാതെ ഇരുട്ടില്‍ തപ്പിയ സര്‍ക്കാര്‍ സംവിധാനവും ഈ സാഹചര്യത്തില്‍ നാം ഓര്‍മിക്കേണ്ടതുണ്ട്. ഏതായാലും ഇപ്പോള്‍ രണ്ട് ഭാഗത്തുനിന്നുമുണ്ടായ സമീപനമാറ്റം വഴി ഉപഭോഗ സംസ്ഥാനമായ കേരളത്തിന്റെ കുതിച്ചുചാട്ടത്തിനും അഭിവൃദ്ധിക്കും നികുതിവെട്ടിപ്പ് തടയുന്നതിനും ജി എസ് ടി കാരണമാകുമെന്ന് പ്രത്യാശിക്കാം.