Connect with us

Gulf

റമസാന്‍ പ്രഭാഷണം: ഹകീം അസ്ഹരിയും സമദാനിയും എത്തും

Published

|

Last Updated

അബുദാബി: വിശുദ്ധ റമസാന്‍ മാസത്തില്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമസാന്‍ അതിഥികളായി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയും അബ്ദുസ്സസമദ് സമദാനിയും വെള്ളിയാഴ്ച യു എ ഇയിലെത്തും. ഔഖാഫ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ റമസാന്‍ ഒന്ന് മുതല്‍ 21 വരെ വിവിധ എമിറേറ്റുകളിലെ മസ്ജിദുകളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി ഇവര്‍ പ്രഭാഷണം നടത്തും.

യു എ ഇയുടെ രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ച റമസാന്‍ പ്രഭാഷണ പരമ്പരക്ക് എത്തിച്ചേരുന്ന പണ്ഡിതര്‍ക്ക് എല്ലാ സൗകര്യങ്ങളും മന്ത്രാലയം ഏര്‍പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
യുവ പണ്ഡിതന്‍, വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന അബ്ദുല്‍ ഹകീം അസ്ഹരി ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്നും വിദ്യാഭ്യാസം നേടിയിട്ടുണ്ട്. നിരവധി പുസ്തകങ്ങളും ആനുകാലികങ്ങളുടെ രചയിതാവാണ് അസ്ഹരി. കാരന്തൂര്‍ മര്‍കസിന്റെ ഡയറക്ടര്‍ കൂടിയാണ്. ഡോ. ബി ആര്‍ അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

പണ്ഡിതന്‍, പ്രഭാഷകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ഖ്യാതി നേടിയ വ്യക്തിത്വമാണ് സമദാനി. രാജ്യസഭാംഗമായും എം എല്‍ എ യായും പ്രവര്‍ത്തിച്ച സമദാനി കേരള ഹജ്ജ് കമ്മിറ്റി, കേരള സാഹിത്യ അക്കാദമി, വഖഫ് ബോര്‍ഡ് എന്നിവയുടെ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിയുടെ ശ്രമഫലമായാണ് എല്ലാവര്‍ഷവും ഔഖാഫ് മന്ത്രാലയവുമായി ബന്ധപ്പെട്ട് റമസാന്‍ പ്രഭാഷണ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി കേരളത്തില്‍ നിന്നും രണ്ട് പ്രമുഖ പണ്ഡിതര്‍ യു എ ഇയിലെത്തുന്നത്.

Latest