അബുദാബിയില്‍ യാചകര്‍ക്കെതിരെ ബോധവത്കരണം തുടങ്ങി; കണ്ടെത്തുന്നവര്‍ വിവരം നല്‍കണമെന്ന് പോലീസ്

Posted on: May 25, 2017 7:50 pm | Last updated: May 25, 2017 at 7:50 pm
മേജര്‍ ജനറല്‍ അമീര്‍ മുഹമ്മദ് അല്‍ മുഹൈരി

അബുദാബി: റമസാനിന്റെ പവിത്രത ചൂഷണം ചെയ്യാന്‍ നഗരത്തില്‍ എത്തുന്ന യാചകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് ഒരുങ്ങി. യാചകരെ കാണുന്നവര്‍ പോലീസില്‍ വിവരം അറിയിക്കുവാന്‍ മടിക്കരുതെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. യാചകരെ കുറിച്ച് വിവരം ലഭിക്കുന്ന പൗരന്മാരും താമസക്കാരും അബുദാബി പോലീസിന്റെ അടിയന്തര ഫോണ്‍ നമ്പറായ 999ല്‍ വിവരം അറിയിക്കണമെന്ന് അബുദാബി പോലീസ് ഓപറേഷന്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ അമീര്‍ മുഹമ്മദ് അല്‍ മുഹൈരി അറിയിച്ചു.

റമസാനിന്റെ മറവില്‍ രാജ്യത്തെത്തി നിയമ ലംഘനം നടത്തി അനധികൃതമായി യാചന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭിക്ഷാടനം കുറ്റകരമാണ്. ഭിക്ഷാടനത്തിന്റെ മറവില്‍ ക്രിമിനല്‍ സംഘങ്ങളും പിടിമുറുക്കുന്നുണ്ട്. വിശ്വാസികളുടെ ദീനാനുകമ്പയെ ചൂഷണം ചെയ്യാന്‍ നഗരത്തിലിറങ്ങുന്ന യാചക സംഘങ്ങള്‍ക്കെതിരെ സര്‍ക്കാരിന്റെയും പ്രാദേശിക അധികാരികളുടെയും സഹകരണത്തോടെ വ്യാപക പട്രോളിംഗ് നടത്തും.
യാചകര്‍ കൂടുതലായി തമ്പടിക്കാന്‍ ശ്രമിക്കുന്ന മാര്‍ക്കറ്റുകള്‍, താമസ കേന്ദ്രങ്ങള്‍, പള്ളികള്‍, കാര്‍ പാര്‍കിംഗ് ഏരിയ, റമസാന്‍ ടെന്റുകള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സിവിലിയന്‍ പട്രോള്‍ സംഘങ്ങളെ വിന്യസിക്കും.

ജനങ്ങളുടെ സന്‍മനസിനെ മുതലെടുക്കാന്‍ ശ്രമിക്കുന്ന യാചന അംഗീകരിക്കാനാവില്ലെന്നും പൊതുസ്ഥലങ്ങളിലും തെരുവുകളിലും നടത്തുന്ന ഭിക്ഷാടനം രാജ്യത്ത് നിരോധിതമാണെന്നും പോലീസ് അറിയിച്ചു. യാചന ഇല്ലാതാക്കാന്‍ ഇസ്‌ലാമികകാര്യ വിഭാഗം, താമസ കുടിയേറ്റ കാര്യ ഡയറക്ടറേറ്റ്, നഗരസഭ എന്നിവയുടെ സഹകരണത്തോടെ ശ്രമങ്ങള്‍ നടത്തി വരികയാണ്.
ആവശ്യക്കാരെന്ന് ബോധ്യപ്പെട്ടവര്‍ക്ക് സഹായം നല്‍കാന്‍ ജീവകാരുണ്യ സംഘടനകളും വ്യക്തികളും മടി കാണിക്കാറില്ല. സഹായം ആവശ്യമുള്ളവരെക്കുറിച്ച് വിവരങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അംഗീകൃതമായ സംഘടനകളുമായി ബന്ധപ്പെടാന്‍ നിര്‍ദേശിക്കണമെന്ന് പോലീസ് പൊതുജനങ്ങളെ ഉത്‌ബോധിപ്പിച്ചു.