പാക്കിസ്ഥാന്‍ മറുപടി നല്‍കാന്‍ ഇന്ത്യ തയാറെടുക്കുന്നു: യു എസ് ഇന്റലിജന്‍സ്

Posted on: May 24, 2017 7:50 pm | Last updated: May 24, 2017 at 7:50 pm

വാഷിങ്ടന്‍ : അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ നയന്ത്രതലത്തില്‍ ഒറ്റപ്പെടുത്താനും കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കാനുമാണ് ഇന്ത്യയുടെ നീക്കമെന്ന് മുതിര്‍ന്ന യുഎസ് ഇന്റലിജന്‍സ് മേധാവി. ലോകവ്യാപകമായുള്ള ഭീഷണികളെകുറിച്ച് ചര്‍ച്ച ചെയ്യുന്ന സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇന്റലിജന്‍സ് മേധാവി ലഫ്. ജന. വിന്‍സെന്റ് സ്‌റ്റെവാര്‍ട്ട് ഇന്ത്യയുടെ നീക്കത്തെക്കുറിച്ച് വിശദീകരണം നല്‍കിയത്.

ഭീകരരെ സഹായിക്കുന്ന പാക്കിസ്ഥാന് ചുട്ട മറുപടിയായി ഇന്ത്യ അതിര്‍ത്തിയിലെ പാക്ക് പോസ്റ്റുകള്‍ ആക്രമിച്ചതിന് പിന്നാലെയാണ് യുഎസിന്റെ നിരീക്ഷണമെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യ അവരുടെ സൈന്യത്തെ ആധുനീകവല്‍ക്കരിച്ച് മുന്നോട്ടു പോവുകയാണ്. അതിര്‍ത്തി മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അടുത്തിടെ ഇന്ത്യയിലുണ്ടായ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് പാക്കിസ്ഥാനുമായുള്ള ബന്ധം വളരെ മോശമായ അവസ്ഥയിലാണ്. ഭീകരാക്രമണ ഭീഷണി ഇന്ത്യയ്ക്ക് ഇപ്പോഴുമുണ്ട്. കശ്മീരിലുണ്ടാകുന്ന അക്രമങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ മോശമായി ബാധിച്ചു’ ലഫ്. ജന. വിന്‍സെന്റ് സ്‌റ്റെവാര്‍ട്ട് പറഞ്ഞു.

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഭീകരരുടെ ലോഞ്ച്പാഡുകളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണവും യോഗത്തില്‍ വിശദീകരിച്ചു. 2016ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുകള്‍ അതിര്‍ത്തിയില്‍ ഉണ്ടായെന്നും സ്‌റ്റൊവാര്‍ട്ട് വിശദീകരിച്ചു.