മഞ്ചേരി മെഡിക്കല്‍ കോളജിലെ പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടങ്ങള്‍ നോക്കു കുത്തി

Posted on: May 24, 2017 12:30 pm | Last updated: May 24, 2017 at 12:02 pm

മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും താമസ സൗകര്യം ഒരുക്കുന്നതിനായി സ്ഥാപിച്ച പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടങ്ങള്‍ നോക്കു കുത്തിയാകുന്നു. കോളജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നിലനിര്‍ത്താനായി 2015 ലാണ് സര്‍ക്കാര്‍ ഒന്നരക്കോടി രൂപ ചെലവില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. 2014 ല്‍ നടത്തിയ പരിശോധനയില്‍ കോളജിന് കെട്ടിട സൗകര്യങ്ങള്‍ കുറവാണെന്ന് കണ്ടെത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും താമസ സൗകര്യമില്ലാതിരുന്നത് മുഖ്യ പോരായ്മയായി എംസി ഐ ചൂണ്ടിക്കാട്ടിയിരുന്നു.

ഹോസ്റ്റല്‍ കം ക്വാര്‍ട്ടേഴ്‌സ് സൗകര്യമൊരുക്കാത്തപക്ഷം അംഗീകാരം നല്‍കില്ലെന്നും എം സി ഐ ഉത്തരവിറക്കി. തുടര്‍ന്നാണ് കെട്ടിടങ്ങളുടെ നിര്‍മാണം തുടങ്ങിയത്. തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയ ഗെയിംസിനായി നിര്‍മിച്ച വില്ലകളുടെ പൊളിച്ചുനീക്കിയ ഭാഗങ്ങള്‍ എത്തിച്ചായിരുന്നു കെട്ടിട നിര്‍മാണം. ഇത്തരത്തില്‍ 14 വില്ലകളാണ് നിര്‍മിച്ചത്. അധ്യാപകര്‍ക്കും റസിഡന്റ് ഡോക്ടര്‍മാര്‍ക്കും താമസ സൗകര്യം ഉറപ്പാക്കാനായിരുന്നു യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷം മഴവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് അടിത്തറ തകര്‍ന്ന് നിര്‍മാണത്തിലിരിക്കെ കെട്ടിടങ്ങള്‍ തകര്‍ന്നു. 2015 ബാച്ചിന്റെ പ്രവേശനം നടക്കാനിരിക്കെയാണ് മണ്ണ് ഇടിഞ്ഞ്് കെട്ടിടങ്ങള്‍ തകര്‍ന്നത്. 30 മീറ്ററിലധികം ദൂരത്തില്‍ മണ്ണ് ഒഴുകിപ്പോയി. കിറ്റ്‌കോ ലിമിറ്റഡിനാണ് കെട്ടിടങ്ങളുടെ നിര്‍മാണച്ചുമതല. നിര്‍മാണത്തിലെ അപാകതയാണ് കെട്ടിടങ്ങളുടെ തകര്‍ച്ചക്ക് കാരണമായതെന്നായിരുന്നു പ്രാഥമിക നിഗമനം. മണ്ണിട്ട് ഉയര്‍ത്തിയ ചെങ്കുത്തായ സ്ഥലത്താണ് ഇവ നിര്‍മിച്ചിരുന്നത്. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംരക്ഷണ ഭിത്തി സ്ഥാപിക്കാത്തതും വിനയായി. മഴ വെള്ളപ്പാച്ചിലില്‍ മണ്ണ് ഒലിച്ചു പോയതോടെ ഒരു നിരയിലുള്ള നാല് കെട്ടിടങ്ങളുടെയും താഴെ നിരയിലുള്ള മൂന്ന് കെട്ടിടങ്ങളുടെയും അടിത്തറ തകരുകയായിരുന്നു. സുരക്ഷ ഭീഷണി ചൂണ്ടിക്കാട്ടി കെട്ടിടത്തില്‍ താമസിക്കാനാകില്ലെന്ന് വിദ്യാര്‍ഥികളും അധ്യാപകരും പറഞ്ഞതോടെ കെട്ടിടങ്ങള്‍ ഉപയോഗ ശൂന്യമായി.
ഇതോടെ 120 മുറികളുള്ള ആശുപത്രിയിലെ വാര്‍ഡുകള്‍ കുട്ടികള്‍ക്കുള്ള ഹോസ്റ്റലാക്കി മാറ്റി. തുടക്കത്തില്‍ തന്നെ നിര്‍മാണത്തില്‍ അപാകത ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇത് ഗൗനിക്കാതിരുന്നതാണ് കോടി കണക്കിന് രൂപ നഷ്ടമാവാനിടയാക്കിയത്. 2014- 2015 സാമ്പത്തിക വര്‍ഷം മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിച്ച രണ്ട് പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടങ്ങള്‍ ഓഡിറ്റോറിയവും പരീക്ഷ ഹാളുമായി മാറ്റുകയായിരുന്നു.