അയാക്‌സ് തിരിച്ചു വന്നിരിക്കുന്നു, ക്രൈഫിന്റെ ഭൂതകാലവും !!

Posted on: May 24, 2017 11:02 am | Last updated: May 24, 2017 at 12:43 pm

ഗ്രീക്ക് ഇതിഹാസം അയാക്‌സ് ഡച്ചുകാരുടെ സിരകളില്‍ പടര്‍ന്നിരിക്കുന്നത് ആംസ്റ്റര്‍ഡമിലെ ഫുട്‌ബോള്‍ ക്ലബ്ബിന്റെ രൂപത്തിലും ഭാവത്തിലും വികാരത്തിലുമൊക്കെയാണ്. ആംസ്റ്റര്‍ഡം ഫുട്‌ബോള്‍ ക്ലബ്ബ് അയാക്‌സ് അഥവാ എ എഫ് സി അയാക്‌സ് !!
ഗ്രീക്ക് ഹീറോയെ പോലെ അയാക്‌സ് ക്ലബ്ബിനും പല കാലങ്ങളില്‍ പല ഹീറോസ് വന്ന് പോയി. പക്ഷേ, ചരിത്രത്തില്‍ ഒരു ഹീറോയുടെ സ്‌ക്വാഡ് നമ്പര്‍ മാത്രമേ അയാക്‌സ് ഇനിയാരും ധരിക്കേണ്ടതെന്ന് നിശ്ചയിച്ചുറപ്പിച്ചിട്ടുള്ളൂ. യൊഹാന്‍ ക്രൈഫിന്റെ
പതിനാലാം നമ്പര്‍ !

അയാക്‌സെന്നാല്‍ ടോട്ടല്‍ ഫുട്‌ബോളിന്റെ സൗന്ദര്യം. ആ സൗന്ദര്യത്തിന് നിറം ചാര്‍ത്തിയത് റൈനസ് എന്ന കോച്ചിന്റെയും ക്രൈഫിന്റെയും
തലച്ചോറുള്ള കളിയായിരുന്നു. 1959 മുതല്‍ 1973 വരെയായിരുന്നു അയാക്‌സില്‍ ക്രൈഫിന്റെ സുവര്‍ണകാലം. ഈ കാലഘട്ടത്തില്‍ 1966, 1967, 1968 വര്‍ഷങ്ങളില്‍ അയാക്‌സ് തുടരെ ഡച്ച് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായി. ഇതില്‍ 196667 സീസണില്‍ അയാക്‌സ് അടിച്ച് കൂട്ടിയ 122 ഗോളുകള്‍ റെക്കോര്‍ഡായി. ഡച്ച് എറെഡിവിസെയും കെഎന്‍വിബി കപ്പും നേടിയ അയാക്‌സ് ഹോളണ്ടില്‍ മഹാസംഭവമായതും ഇതേസീസണില്‍. 1969 ല്‍ യൂറോപ്യന്‍ കപ്പ് ഫൈനലില്‍ എ സി മിലാനോട് പരാജയപ്പെട്ടത് മാത്രമായിരുന്നു നിറം കെട്ട സംഭവം.

യൂറോപ്പ് കീഴടക്കുക എന്നതായിരുന്നു ക്രൈഫിന്റെ
മനസ് നിറയെ. എഴുപതുകള്‍ ആരംഭിക്കുന്ന സീസണില്‍ അയാക്‌സ് കൂടുതല്‍ കരുത്താര്‍ജിച്ചു. കെഎന്‍വിബി കപ്പ് നിലനിര്‍ത്തിയ അയാക്‌സ് 1971 യൂറോപ്യന്‍ കപ്പ് ഫൈനലില്‍ പ്രവേശിച്ചു. മുമ്പ് എ സി മിലാന് മുന്നില്‍ ഫൈനല്‍ തോറ്റതാണ്. ഇത്തവണ ഗ്രീക്ക് ക്ലബ്ബ് പനതിനായികോസാണ് എതിരാളി. ഡിക്ക് വാന്‍ ഡിക്കും ഏരി ഹാനും നേടിയ ഗോളുകള്‍ക്ക് അയാക്‌സ് ആദ്യമായി യൂറോപ്പ് കീഴടക്കി. യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ക്രൈഫിനായിരുന്നു.

കോച്ച് റൈനസ് മിഷേലും സൂപ്പര്‍ താര പദവിയിലെത്തി. അയാക്‌സില്‍ കൈവരിച്ച നേട്ടം റൈനസിനെ ബാഴ്‌സലോണയിലെത്തിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം റൈനസ് തന്റെ ബാഴ്‌സയിലേക്ക് യൊഹാന്‍ ക്രൈഫിനെ ക്ഷണിച്ചു കൊണ്ടു വന്നു. അന്നത്തെ ലോക ട്രാന്‍സ്ഫര്‍ റെക്കോര്‍ഡിലായിരുന്നു ഈ നീക്കം. ഏഴരവര്‍ഷത്തോളം കാറ്റലന്‍ ക്ലബ്ബില്‍ നിറഞ്ഞു നിന്ന ക്രൈഫ്‌ എണ്‍പതുകളുടെ തുടക്കത്തില്‍ തന്നെ തന്റെ കൗമാരകാലത്തെ ക്ലബ്ബിലേക്ക് തിരിച്ചുവന്നു. അപ്പോഴേക്കും പുതിയ താരോദയങ്ങളുണ്ടായി. മാര്‍കോ വാന്‍ ബാസ്റ്റനും ഫ്രാങ്ക് റെയ്കാര്‍ഡും. പരിചയ സമ്പന്നനായ ക്രൈഫ്‌ ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ അയാക്‌സിനെ പിടിച്ചാല്‍ കിട്ടാതായി. 1982 ലും 1983 ലും ടീം തുടരെ ലീഗ് ചാമ്പ്യന്‍മാരായി. പക്ഷേ, ക്രൈഫിന്റെ നല്ല നാളുകളിലെ ഹാട്രിക്ക് കിരീടം സാധ്യമായില്ല.

ബൂട്ടഴിക്കുന്നു,ക്രൈഫ് കോച്ചാകുന്നു..

വാന്‍ ബാസ്റ്റന്‍ അയാക്‌സിന്റെ സൂപ്പര്‍ താരമായി മാറിയതിന് പിന്നാലെ 83ല്‍ യൊഹാന്‍ ക്രൈഫ്‌ ക്ലബ്ബ് വിട്ടു. അയാക്‌സിന്റെ നേരെ എതിരുള്ള ഫെയനൂര്‍ദിലേക്കായിരുന്നു െ്രെകഫ് പോയത്. എന്നാല്‍, അധികം താമസിയാതെ ക്രൈഫ് അയാക്‌സിലേക്ക് തന്നെ തിരിച്ചെത്തി. ഇത്തവണ കോച്ചിന്റെ റോളിലായിരുന്നുവെന്ന് മാത്രം. ഡച്ച് ലീഗില്‍ ആദ്യ സീസണില്‍ തന്നെ ക്രൈഫിന്റെ
34 മത്സരങ്ങളില്‍ നിന്ന് 120 ഗോളുകള്‍ അടിച്ച് കൂട്ടി. പക്ഷേ, പി എസ് വി ഐന്തോവനായിരുന്നു ചാമ്പ്യന്‍മാരായത്. അടുത്ത സീസണിലും പി എസ് വിക്ക് പിറകിലായി അയാക്‌സ്. പക്ഷേ, യൂറോപ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പ് സ്വന്തമാക്കി ക്രൈഫിന്റെ അയാക്‌സ് വലിയ മേല്‍വിലാസമുണ്ടാക്കി. ഇത് പക്ഷേ അയാക്‌സിന് അപകടം ചെയ്തു. എഴുപത്തൊന്നില്‍ യൂറോപ്യന്‍ ഫുട്‌ബോളറായി മാറിയ ക്രൈഫിനെ ബാഴ്‌സലോണ റാഞ്ചിയത് പോലെ യൂറോപ്പിലെ മികച്ച കോച്ചായി മാറിയ ക്രൈഫിനെയും കാറ്റലന്‍ ക്ലബ്ബ് തട്ടിയെടുത്തു. ക്രൈഫ് പോയതിന് പിന്നാലെ അയാക്‌സ് റൈക്കാര്‍ഡിനെ സ്‌പോര്‍ട്ടിംഗിനും വാന്‍ ബാസ്റ്റനെ എ സി മിലാനും വിറ്റു. ഇതൊക്കെയായിട്ടും അടുത്ത സീസണിലും അയാക്‌സ് യൂറോപ്യന്‍ കപ്പിന്റെ
ഫൈനലില്‍ ഇടം പിടിച്ചു. കപ്പ് നേടാനായില്ലെന്ന് മാത്രം ക്രൈഫ
കണ്ടെത്തിയ യുവതാരം ഡെന്നിസ് ബെര്‍ഗാംപ് അപ്പോഴേക്കും അയാക്‌സിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നിരുന്നു. 1989-90 ല്‍ഡച്ച് എറെഡിവിസെ അയാക്‌സിന് നേടിക്കൊടുത്ത ബെര്‍ഗാംപ് പിന്നീട് തുടരെ മൂന്ന് സീസണില്‍ ഡച്ച് ലീഗിലെ ടോപ് സ്‌കോററായി. ലൂയിസ് വാന്‍ ഗാലായിരുന്നു അയാക്‌സിന്റെ പരിശീലകന്‍. 1992 ല്‍ അയാക്‌സ് യൂവേഫ കപ്പ് നേടിയത് ചരിത്രമായി. യുവെന്റസിന് ശേഷം യൂറോപ്പിലെ മൂന്ന് മേജര്‍ കിരീടങ്ങളും സ്വന്തമാക്കുന്ന ടീമായി അയാക്‌സ് റെക്കോര്‍ഡിട്ടു.

വാന്‍ ഗാലിന്റെ യുവനിര…

പ്രശസ്തിയുടെ ഉത്തുംഗതയില്‍ നില്‍ക്കവെ െ്രെകഫിനെ പോലെ ഡെന്നിസ് ബെര്‍ഗാംപും ക്ലബ്ബില്‍ നിന്ന് ചാടി. ഇറ്റലിയിലെ ഇന്റര്‍മിലാനായിരുന്നു വന്‍ ഓഫറുമായി ബെര്‍ഗാംപിനെ റാഞ്ചിയത്. വാന്‍ ഗാല്‍ പരിചയ സമ്പന്നനായ ഫ്രാങ്ക് റൈക്കാര്‍ഡിനെ വീണ്ടും ടീമിലേക്ക് തിരിച്ചു കൊണ്ടു വന്നാണ് ഈ വിടവ് നികത്തിയത്. യൂത്ത് അക്കാദമിയിലെ സുവര്‍ണനിരയുണ്ടായിരുന്നു വാന്‍ ഗാലിന്റെ ടീമിന് കരുത്തായിട്ട്. ഫ്രാങ്ക് ഡിബൂയര്‍, റൊനള്‍ഡ് ഡിബൂയര്‍, വാന്‍ഡെര്‍ സര്‍, ക്ലാരന്‍് സീഡോര്‍ഫ്, എഡ്ഗാര്‍ഡേവിഡ്‌സ്, മിഷേല്‍ റെസിഗെര്‍, വിന്‍സ്റ്റന്‍ ബൊഗ്രേഡ് എന്ന് ഡച്ച് താരങ്ങള്‍. ഫിനിദി ജോര്‍ജ്, നുവാന്‍കോ കാനു, യാറി ലിറ്റ്മാനെന്‍ എന്നീ എണ്ണം പറഞ്ഞ വിദേശ താരങ്ങളും. വെറ്ററന്‍ ക്യാപ്റ്റന്‍ ഡാനി ബ്ലിന്‍ഡിന്റെ പരിചയ സമ്പന്നതയും കൂടി ചേര്‍ന്നതോടെ അയാക്‌സ് പ്രതാപകാലത്തേക്ക് പതിയെ തിരിച്ചെത്തി.1993 മുതല്‍ക്ക് 1995 സീസണ്‍ വരെ തുടരെ മൂുന്ന് ലീഗ് കിരീടങ്ങള്‍. ഇത് ക്രൈഫിന്റെ സുവര്‍ണകാലത്തിന് ശേഷം നേടുന്ന ആദ്യ ഹാട്രിക്ക് കിരീടമാണെന്നോര്‍ക്കണം.

വാന്‍ ഗാലിന്റെ ടീമില്‍ ക്രൈഫില്ലായിരുന്നു
പക്ഷേ, മത്സരം പൊരുതി നേടിയെടുക്കാന്‍ മിടുക്കുള്ള മികച്ചൊരു സംഘമുണ്ടായിരുന്നു. 1994-95 ഡച്ച് ലീഗ് സീസണില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ അയാക്‌സ് ചാമ്പ്യന്‍മാരായതാണ് കോച്ചെന്ന നിലയില്‍ ലൂയിസ് വാന്‍ ഗാലിന്റെ പരമോന്നതി. എഴുപതുകളിലെ യൂറോപ്യന്‍ പ്രതാപം വീണ്ടെടുത്തതും ഇക്കാലയളവിലായിരുന്നു. 1995 യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എ സി മിലാനെ കീഴടക്കി അയാക്‌സ് ചാമ്പ്യന്‍മാരായി. പാട്രിക് ക്ലൈവര്‍ട് എന്ന പതിനെട്ട് വയസുള്ള പയ്യന്റെ ഗോളിലായിരുന്നു അയാക്‌സിന്റെ കിരീട ജയം. തൊട്ടടുത്ത വര്‍ഷവും അയാക്‌സ് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയെങ്കിലും യുവെന്റസിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു.

യൂറോപ്പിലെ തൊഴില്‍മേഖലയിലേക്ക് ബൊസ്മാന്‍ റൂളിംഗ് വരുന്നു….

ചാമ്പ്യന്‍സ് ലീഗ് തോല്‍വിയേക്കാളും അയാക്‌സിനെ വേട്ടിയാടിയത് ക്ലബ്ബ് നേരിട്ട വിരമിക്കലും കൊഴിഞ്ഞു പോക്കുമായിരുന്നു.
ഇതിനെല്ലാം കാരണം 1995ല്‍ യൂറോപ്പിലെ തൊഴില്‍ നിയമത്തില്‍ സുപ്രധാന വിധിയുണ്ടായതാണ്. ബെല്‍ജിയന്‍ ഫുട്‌ബോളര്‍ യീന്‍ മാര്‍ക് ബൊസ്മാന്‍ ബെല്‍ജിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായും ആര്‍ എഫ് സി ഡി ലീഗെ ക്ലബ്ബുമായും യുവേഫയുമായും പ്രത്യേകം നടത്തിയ കേസുകളിലായിരുന്നു യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ ചരിത്രപരമായ വിധി വന്നത്. തൊഴിലാളികള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട തൊഴിലിടങ്ങളിലേക്ക് മാറുവാനുള്ള അനുമതി നല്‍കുന്നതായിരുന്നു വിധി.
ഇതോടെ, യൂറോപ്പിലെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഫ്രീ ട്രാന്‍സ്ഫര്‍ എന്ന സമ്പ്രദായം ഉടലെടുത്തു. കരാര്‍ കാലാവധി പൂര്‍ത്തിയായാല്‍ മറ്റൊരുക്ലബ്ബിലേക്ക് സ്വതന്ത്രമായ കരാറുണ്ടാക്കി കളിക്കാര്‍ക്ക് പോകാവുന്ന രീതി. മുമ്പ് അവസരം നല്‍കിയ ക്ലബ്ബിന് പ്രത്യേക തുക നല്‍കാതെ തന്നെ കളിക്കാര്‍ക്ക് മികച്ച അവസരം തേടി പോകുവാനുള്ള സ്വാതന്ത്രം. ഇത് ഫുട്‌ബോളില്‍ വലിയ വിപ്ലവം സൃഷ്ടിച്ചു. അതൊരു കെടുതിയായിട്ടാണ് അയാക്‌സിന് അനുഭവത്തില്‍ വന്നതെന്ന് മാത്രം. 1995 ലെ ബോസ്മാന്‍ വിധിന്യായം വന്ന ഉടനെ തന്നെ ഡച്ച് മിഡ്ഫീല്‍ഡര്‍ ക്ലാരന്‍സീഡോര്‍ഫ് ഇറ്റാലിയന്‍ക്ലബ്ബ് സാംഡോറിയയിലേക്ക് ചേക്കേറി. അടുത്ത വര്‍ഷം മിഷേല്‍ റെസിഗറും എഡ്ഗാര്‍ ഡേവിഡ്‌സും എ സി മിലാനിലേക്ക് ചേക്കേറി. ഫിനിദി ജോര്‍ജ് സ്‌പെയ്‌നിലെ റയല്‍ ബെറ്റിസിലേക്കും 1997 ല്‍ മാര്‍ക് ഓവര്‍മാര്‍സ് ആഴ്‌സണലിലേക്കും ചുവട് മാറ്റി. അതേ വര്‍ഷം വിന്‍സ്റ്റന്‍ ബൊഗ്രാഡും പാട്രിക് ക്ലൈവര്‍ട്ടും എ സി മിലാന്റെ കൂടാരത്തിലെത്തി.

1999ല്‍ യാരി ലിറ്റ്മാനും റൊനാള്‍ഡ് ഡിബൂയറും ബാഴ്‌സലോണയുടെ ജഴ്‌സിയണിഞ്ഞു. ഗോള്‍ കീപ്പര്‍ വാന്‍ഡെര്‍ സര്‍ യുവെന്റസിന്റെ പാളയത്തിലെത്തി. ഇതിനിടെ ഫ്രാങ്ക് റൈക്കാര്‍ഡും ഡാനി ബ്ലിന്‍ഡും വിരമിച്ചു.
അയാക്‌സിന്റെ സുവര്‍ണ കാലം അവിടെ അവസാനിച്ചു.
ബൊസ്മാന്റെ കേസ് യൂറോപ്യന്‍ കോടതിയില്‍ വാദിച്ചത് ലൂയിസ് ഡുപോന്റായിരുന്നു. ചെറിയൊരു കേസാണെന്നാണ് ലൂയിസ് കരുതിയത്്. വിധി വന്നപ്പോഴാണ് യൂറോപ്യന്‍ ഫുട്‌ബോളിലെ ചരിത്രപരമായ വിജയമാണ് ബൊസ്മാന്‍ കേസിലൂടെ താന്‍ നേടിയെടുത്തതെന്ന് ലൂയിസ് തിരിച്ചറിഞ്ഞത്. യൂറോപ്പ് അടക്കി വാണിരുന്ന അയാക്‌സ് എന്ന ക്ലബ്ബ് വിസ്മൃതിയിലാണ്ടു പോയില്ലേ ബൊസ്മാന്‍ റൂളിംഗ് എന്ന ചരിത്രപ്രധാനമായ തൊഴിലവകാശത്തിലൂടെ.
1996 ല്‍ അയാക്‌സ് പുതിയ സ്‌റ്റേഡിയം പടുത്തുയര്‍ത്തിയപ്പോഴേക്കും വാര്‍ത്തെടുത്ത കളിസംഘം ഇല്ലായായിപ്പോയിരുന്നു. വലിയൊരു മൂകതയായിരുന്നു ആ ക്ലബ്ബിനെ ചുറ്റിപ്പറ്റി വര്‍ഷങ്ങളോളം നിലനിന്നത്. ഇതിഹാസ താരം യൊഹാന്‍ ക്രൈഫ്
പില്‍ക്കാലത്ത് അയാക്‌സിന്റെ ഗതികേടില്‍ നിരാശപ്രകടിപ്പിച്ചിരുന്നു. പുതിയൊരു യുവനിരയുമായി അയാക്‌സിന് യൂറോപ്പ് തിരിച്ചുപിടിക്കാന്‍ കെല്‍പ്പില്ലാതെ പോയി.
ഇന്ന് യൊഹാന്‍ ക്രൈഫ്  ജീവിച്ചിരിപ്പില്ല. പക്ഷേ, അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന സ്‌റ്റേഡിയം അയാക്‌സിനുണ്ട്. കാലചക്രത്തിന്റെ കാവ്യനീതിയാകാം അയാക്‌സ് വീണ്ടും യൂറോപ്യന്‍ ഫൈനലില്‍ ഇടം പിടിച്ചിരിക്കുന്നു. ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ യുവേഫയുടെ രണ്ടാമത്തെ പ്രധാനപ്പെട്ട ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പായ യൂറോപ ലീഗയില്‍. ഇന്ന് (മെയ് 24ന്) അയാക്‌സ് ഫൈനല്‍ കളിക്കാനിറങ്ങും. എതിരാളി ഇംഗ്ലണ്ട് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്.

പീറ്റര്‍ ബോസ് എന്ന പരിശീലകന്‍…

റൈനസ് മിഷേലും യൊഹാന്‍ െ്രെകഫും ലൂയിസ് വാന്‍ ഗാലും വെട്ടിത്തെളിച്ച വഴിയിലൂടെ അയാക്‌സിനെ മുന്നോട്ട് നയിക്കുന്നത് അമ്പത്തിമൂന്ന് വയസുള്ള പീറ്റര്‍ ബോസാണ്. കരിയറില്‍ ഒരുകിരീട ജയം പോലുമില്ലാത്ത കളിക്കാരന്‍. അയാക്‌സില്‍ ഒരിക്കല്‍ പോലും കളിച്ചിട്ടില്ല. ബൂട്ടുകെട്ടിയത് ഫെയനൂര്‍ദിന്റെ പാളയത്തില്‍.
പീറ്റര്‍ ബോസിന്റെ വരവിന് മുമ്പ് 2011 ല്‍ ക്രൈഫ് ഉള്‍പ്പടെയുള്ളവരുടെ നിര്‍ദേശ പ്രകാരം ക്ലബ്ബിന്റെ മുന്‍കാല സൂപ്പര്‍ താരങ്ങളുടെ നേതൃത്വത്തില്‍ ഒരു ശ്രമം നടത്താന്‍ അയാക്‌സ് തീരുമാനിച്ചു. മാര്‍ക് ഓവര്‍മാര്‍സ് ടെക്‌നിക്കല്‍ഡയറക്ടര്‍, എഡ്വിന്‍ വാന്‍ഡെര്‍ സര്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍, ഫ്രാങ്ക് ഡി ബോയര്‍ കോച്ച്, ഡെന്നിസ് ബെര്‍ഗാംപ് യൂത്ത് ടീം കോച്ച്. ഇത് വര്‍ക്കൗട്ടായത് യൂത്ത് അക്കാദമിയുടെ കാര്യത്തിലാണ്. ഡി ബോയറിനും പിന്നീട് ഓവര്‍മാര്‍സിനും പരിശീലകര്‍ എന്ന നിലയില്‍ ക്രൈഫാകാന്‍ സാധിച്ചില്ല.

ഡച്ച് ഫുട്‌ബോളില്‍ ക്രൈഫിയന്‍ സ്‌റ്റൈല്‍ പടര്‍ന്ന് പിടിക്കുന്ന കാലവുംക്രൈഫിന്റെ ശിഷ്യന്‍ പെപ് ഗോര്‍ഡിയോളയുടെ ബാഴ്‌സയിലെ സുവര്‍ണകാലഘട്ടവുമൊക്കെ ശരിക്കും അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരുന്ന പീറ്റര്‍ ബോസിലേക്ക് അയാക്‌സെത്തിയപ്പോള്‍ എത്ര പെട്ടെന്നാണ് മാറ്റം സംഭവിച്ചത്.
എഴുപതുകളില്‍ റൈനസിന്റെ അയാക്‌സ് പയറ്റിയ പ്രസ്സിംഗ്, അഥവാ ഡച്ചുകാര്‍ വിശേഷിപ്പിക്കുന്ന ഹണ്ടിംഗ്് സ്‌റ്റൈല്‍ പീറ്റര്‍ ബോസ് തിരിച്ചു കൊണ്ടു വന്നു. 2008-12 കാലഘട്ടത്തില്‍ ഗോര്‍ഡിയോള ബാഴ്‌സലോണയില്‍ നടപ്പിലാക്കിയത് ഹണ്ടിംഗിന്റെ വകഭേദമായിരുന്നു. ഫൈവ് സെക്കന്‍ഡ് റൂള്‍ എന്നായിരുന്നു പെപ് ഇതിന് പേരിട്ടത്. പന്ത് കാലില്‍ നിന്ന് നഷ്ടമായാല്‍ അഞ്ച് സെക്കന്‍ഡിനുള്ളില്‍ തിരിച്ചുപിടിക്കുക. ഇതാണ് ഫൈവ് സെക്കന്‍ഡ് റൂള്‍.

യൂറോപ ലീഗ് ഫൈനലില്‍ എത്തി നില്‍ക്കുന്ന പീറ്റര്‍ബോസിന്റെ അയാക്‌സ് വേട്ടയാടിപ്പിടിക്കാന്‍ ബെസ്റ്റാണ്. അതിനൊത്ത യൗവ്വനം അവര്‍ക്കുണ്ട്. പത്തൊമ്പതുകാരന്‍ ഡാന്‍ കാസ്പര്‍ ഡോള്‍ബെര്‍ഗ്, ബെര്‍ട്രന്‍ഡ് ട്രോറെ, പാട്രിക്ക് ക്ലൈവര്‍ട്ടിന്റെ മകന്‍ ജസ്റ്റിന്‍ ക്ലൈവര്‍ട്ട്, ബ്രസീലിയന്‍ ഡേവിഡ് നെറെസ്, മിഡ്ഫീല്‍ഡ്‌
നിയന്ത്രിക്കുന്ന ഡാവി ക്ലാസെന്‍, ലെഫ്റ്റ് വിംഗില്‍ കുതിച്ച്കയറുന്ന ജര്‍മനിയുടെ അമിന്‍ യൂനെസ്, കാമറൂണ്‍ ഗോളി ആന്ദ്രെ ഒനാന ഇങ്ങനെ നീളുന്ന അയാക്‌സിന്റെ യുവനിര.

യൂറോപ്യന്‍ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നിര എന്ന റെക്കോര്‍ഡ് പീറ്റര്‍ ബോസിന്റെ അയാക്‌സിനാണ്. 1995ല്‍ വാന്‍ ഗാലിന്റെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ അയാക്‌സ് ടീമിനും പ്രായം കുറവായിരുന്നു. പക്ഷേ, ബോസിന്റെ ടീമിനേക്കാള്‍ പരിചയ സമ്പന്നത ആ ടീമിനുണ്ടായിരുന്നു. ഇപ്പോഴത്തെ ടീമിലെ സീനിയര്‍ താരം മുപ്പത് വയസുള്ള ലാസെ ഷോനാണ്. അടുത്ത സീസണില്‍ ഷോനെ ടീമില്‍ കാണില്ല. ആ സ്ഥാനത്തേക്ക് ഇരുപത് വയസുള്ള ഡോനി വാന്‍ ഡെ ബീക് വരുന്നു. മെയ് പതിനൊന്നിന് ലിയോണിനെതിരായ രണ്ടാം പാദ സെമി കളിച്ച അയാക്‌സ് ടീമിന്റെ ശരാശരി പ്രായം ഇരുപതര വയസാണ്.
ഈ കുട്ടികളോടാണ് ഹൊസെ മൗറിഞ്ഞോ എന്ന ചാണക്യന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കളിക്കാനിറങ്ങുന്നത്. ഒന്നുറപ്പാണ്, തോറ്റാലും ജയിച്ചാലും അയാക്‌സ് തന്നെയാകും ലോകഫുട്‌ബോളിലെ ചര്‍ച്ചാവിഷയം.
കാരണം, ക്രൈഫിന്റെ ഭൂതകാലം തിരിച്ചുവരികയാണ് അയാക്‌സിലൂടെ..!!