ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ തീവെച്ച് കൊല്ലാന്‍ ശ്രമം; ബന്ധുവായ യുവാവ് കസ്റ്റഡിയില്‍

Posted on: May 24, 2017 10:45 am | Last updated: May 24, 2017 at 10:31 am

കാസര്‍കോട്: കിടക്കയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പെട്രോളൊഴിച്ച് തീവെച്ചുകൊല്ലാന്‍ ശ്രമം. ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഞ്ചേശ്വരം രാഗം കുന്നിലെ അശ്‌റഫിന്റെയും ജുനൈദയുടെയും മകന്‍ അസാന്‍ അഹമ്മദിനാണ് പൊള്ളലേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് അശ്‌റഫിന്റെ ബന്ധുവായ ഖലീലിനെതിരെ വധശ്രമത്തിന് കുമ്പള പോലീസ് കേസെടുത്തു. ഖലീലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശരീരത്തില്‍ 75 ശതമാനവും പൊള്ളലേറ്റ കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വല്യുമ്മ സുബൈദക്കും പൊള്ളലേറ്റു. സുബൈദ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞ് ഉറങ്ങിക്കിടക്കുകയായിരുന്ന കിടക്കക്ക് ഖലീല്‍ തീവെക്കുന്നത് കണ്ട ജുനൈദ നിലവിളിച്ചപ്പോള്‍ അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. കുഞ്ഞിന് സമീപം കിടക്കുകയായിരുന്ന സുബൈദക്കും പൊള്ളലേല്‍ക്കുകയായിരുന്നു. ഇതിനിടെ ഖലീല്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയാണുണ്ടായത്.
ജുനൈദയുടെ സഹോദരിയെ വിവാഹം ചെയ്യാന്‍ ഖലീല്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അശ്‌റഫ് ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് കാരണം.