Connect with us

International

'ട്രംപ് ഇസ്‌റാഈലില്‍: സമാധാന ചര്‍ച്ചകള്‍ക്ക് വഴി തേടും; ആണവ ഇറാനെതിരെ മുന്നറിയിപ്പ്‌

Published

|

Last Updated

ജറൂസലം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്‌റാഈല്‍ സന്ദര്‍ശനം ആരംഭിച്ചു. ഇസ്‌റാഈല്‍ അധികൃതരും ഫലസ്തീന്‍ നേതൃത്വവും തമ്മില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള വഴികള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം ആരായും. എന്നാല്‍, ഇന്നലെ ഇസ്‌റാഈലില്‍ കാല്‍കുത്തിയ ഉടനെ, പശ്ചിമേഷ്യയില്‍ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള സാധ്യത വളരെ കുറവാണെന്ന് വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റായ ശേഷം തന്റെ പ്രഥമ വിദേശ പര്യടനത്തിന്റെ ഭാഗമായി ആദ്യമായി ട്രംപ് എത്തിയത് സഊദിയിലായിരുന്നു. ഇതിന് ശേഷമാണ് ഏറെ പ്രാധാന്യത്തോടെ ലോകം ഉറ്റുനോക്കുന്ന ഇസ്‌റാഈല്‍ സന്ദര്‍ശനം തുടങ്ങിയിരിക്കുന്നത്. ലോകത്തെ ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കള്‍ ഭീകരവാദിത്തിനെതിരെ പോരാടുന്നതില്‍ ഐക്യപ്പെടണമെന്ന് സഊദി സന്ദര്‍ശനത്തിനിടെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഫലസ്തീന്‍ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇതിന് പുറമെ കിഴക്കന്‍ ജറൂസലമിലെ വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും. ഇത് കൂടാതെ ജൂതരുടെ വിശുദ്ധ സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന വെസ്റ്റേണ്‍ വാളിലും ട്രംപ് സന്ദര്‍ശനം നടത്തുമെന്ന് കരുതപ്പെടുന്നു.
അതേസമയം, ഇറാന്‍ ആണവായുധം നേടുകയാണെങ്കില്‍ അതിന്റെ ഭീഷണിയെ കുറിച്ച് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനെ ഒരിക്കലും ആണവായുധം കരസ്ഥമാക്കാന്‍ അനുവദിക്കരുതെന്ന് ഇസ്‌റാഈലില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇസ്‌റാഈല്‍ പ്രസിഡന്റ് റൂവന്‍ റിവ്‌ലിന്റെ സാന്നിധ്യത്തില്‍ വെച്ചായിരുന്നു ഈ മുന്നറിയിപ്പ്.

യു എസ് പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് നടത്തുന്ന ആദ്യ ഇസ്‌റാഈല്‍ സന്ദര്‍ശനം പല കാരണങ്ങള്‍ കൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇസ്‌റാഈലില്‍ എത്തിയ ഉടനെ ട്രംപ് നടത്തിയ പരാമര്‍ശങ്ങളും ശ്രദ്ധേയമാണ്. ഇസ്‌റാഈലും അമേരിക്കയും ദീര്‍ഘകാല സുഹൃത്തുക്കളാണ്
എന്നതിനപ്പുറം, രണ്ട് രാജ്യവും ഏറ്റവും വലിയ സഖ്യരാജ്യങ്ങളാണ്. എല്ലായ്‌പ്പോഴും ഈ രണ്ട് രാജ്യങ്ങളും ഒരുമിച്ചു നില്‍ക്കും. ഫലസ്തീനിലെയും ഇസ്‌റാഈലിലെയും യുവത്വം സുരക്ഷിതത്വത്തില്‍ വളര്‍ന്നുവരേണ്ടതുണ്ട്. അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ മേഖല സംഘര്‍ഷരഹിതമായി മാറണം. ഇത്തരം സംഘര്‍ഷങ്ങള്‍ ഇതിനകം നിരവധി പേരുടെ ജീവനെടുത്തുവെന്നും ട്രംപ് പറഞ്ഞിരുന്നു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയേക്കാള്‍ ഇസ്‌റാഈലിനോട് ഐക്യവും സ്‌നേഹവും പ്രകടിപ്പിക്കുന്ന പ്രസിഡന്റെന്ന നിലയിലാണ് ട്രംപ് വിശേഷിപ്പിക്കപ്പെടുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഇസ്‌റാഈല്‍ നടത്തുന്ന കുടിയേറ്റ നിര്‍മാണ കേന്ദ്രങ്ങളെ സംബന്ധിച്ച് മൃദുവായ സമീപനമാണ് ട്രംപ് സ്വീകരിച്ചുവരുന്നത്.