Connect with us

Gulf

ദുബൈ പോലീസ് സേവനത്തിന് ഇനി റോബോട്ടും

Published

|

Last Updated

ദുബൈ: സുരക്ഷ ശക്തമാക്കുന്നതിന് അത്യാധുനിക സംവിധാനവുമായി ദുബൈ പോലീസ്. ലോകത്തുതന്നെ ആദ്യമായിട്ടാണ് പോലീസ് സേവനങ്ങള്‍ക്ക് റോബോട്ടിക് വിദ്യയെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈയില്‍ ആരംഭിച്ച നാലാമത് ഗള്‍ഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എക്‌സ്‌പോ ആന്‍ഡ് കോണ്‍ഫറന്‍സിലെത്തിയ (ജി ഐ എസ് ഇ സി ) അതിഥികളെ ആദ്യമായി റോബോട്ട് സ്വീകരിച്ചു. സ്വയം പ്രവര്‍ത്തനശേഷിയുള്ള റോബോട്ടിന് 170 സെന്റീമീറ്റര്‍ ഉയരവും 100 കിലോ ഗ്രാം ഭാരവുമുണ്ടാകും.1.5 മീറ്റര്‍ ചുറ്റളവിലുള്ളവരുടെ മുദ്രകളും കൈ കൊണ്ടുള്ള ചേഷ്ടകളും മനസ്സിലാക്കാന്‍ കഴിയുന്നതോടൊപ്പം മനുഷ്യരുടെ മുഖത്തെ ഭാവമാറ്റങ്ങളടക്കം കണ്ടെത്താന്‍ കഴിവുള്ളതാണ്. ഇതിനായി പ്രത്യേക ഡിറ്റക്ടര്‍ റോബോട്ടില്‍ ഘടിപ്പിച്ചിട്ടുണ്ട്.
മനുഷ്യന്റെ ഭാവമാറ്റങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാനുള്ള കഴിവ് റോബോട്ടിനുണ്ട് എന്നതാണ് ഇതിന്റെ സവിശേഷത. സംഭവങ്ങളെ ഒപ്പിയെടുത്തു ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്റര്‍നെറ്റ് ശൃംഖലയിലേക്ക് സന്നിവേശിപ്പിക്കല്‍, കൃത്രിമമായ ബുദ്ധിവൈഭവം, അത്യാധുനിക സ്മാര്‍ട് സാങ്കേതിക വിദ്യകള്‍, മുഖഭാവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്ന റോബോട്ടിലെ പ്രത്യേക സോഫ്റ്റ്‌വെയര്‍ എന്നിവ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദൗത്യനിര്‍വഹണത്തിനിടെ കുറ്റവാളികളെ പിടികൂടുന്നതിന് എളുപ്പത്തില്‍ സഹായിക്കുന്നതാണ്. സംഭവങ്ങളെ റെക്കോര്‍ഡ് ചെയ്തു തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനും റോബോട്ടില്‍ സംവിധാനമുണ്ട്.

ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കി ജനജീവിതം സുഗമമാക്കുന്നതിന് കൂടുതല്‍ സ്മാര്‍ട് ഉപകരണങ്ങള്‍ പോലീസ് സേനയുടെ ഭാഗമാക്കുന്നതിനാണ് റോബോട്ട് ഒരുക്കിയിട്ടുള്ളത്. മാളുകള്‍, നിരത്തുകള്‍ എന്നിവിടങ്ങളില്‍ ജനങ്ങളെ സഹായിക്കാനും കുറ്റകൃത്യങ്ങളെ തടയുവാനും റോബോട്ട് വരുംദിനങ്ങളില്‍ പ്രവര്‍ത്തന സജ്ജമാകും. ദുബൈ പോലീസ് സ്മാര്‍ട് സര്‍വീസ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖാലിദ് നാസര്‍ അല്‍ റസൂഖി പറഞ്ഞു.

കെട്ടിടങ്ങള്‍ക്കുള്ളില്‍ സ്വയം സഞ്ചാര പാത തിരഞ്ഞെടുക്കുന്നതിനും ഇടങ്ങള്‍ കണ്ടെത്തുന്നതിനും റോബോര്‍ട്ടിനുള്ളില്‍ സ്വയം നിയന്ത്രിത സംവിധാനമുണ്ട്. റോബോട്ടിനകത്ത് ടാബ്ലറ്റ് ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ പോലീസുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സേവനങ്ങളും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമൊടുക്കുന്നതിനും സൗകര്യമുണ്ട്. ഇംഗ്ലീഷ്, അറബിക് എന്നിവ ഉള്‍പെടെ ആറു ഭാഷകളില്‍ സേവനങ്ങള്‍ ഉപയോഗിക്കാനുള്ള സൗകര്യവും റോബോട്ടിലുണ്ട്. പോലീസ് ആസ്ഥാനവുമായി ചാറ്റിംഗ് സംവിധാനത്തിലൂടെ ബന്ധപ്പെടുന്നതിനും റോബോട്ട് പൊതുജനങ്ങളെ സഹായിക്കും. ഹസ്തദാനം, സൈനിക രീതിയിലുള്ള സല്യൂട്ട് എന്നിവയും നല്‍കി റോബോട്ട് പൊതുജനങ്ങളെ അമ്പരപ്പിക്കും.

 

Latest