സ്വാമിയെ ജൂണ്‍ 3 വരെ റിമാന്റ് ചെയ്തു

Posted on: May 21, 2017 6:50 pm | Last updated: May 21, 2017 at 6:50 pm

തിരുവനന്തപുരം: യുവതിയെ വര്‍ഷങ്ങളായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ശ്രീഹരി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിയെ ജൂണ്‍ മൂന്ന് വരെറിമാന്‍ഡ് ചെയ്തു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതിനാല്‍ ഇന്നലെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. സ്വാമിയെ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റുന്നതിനും നടപടി എടുക്കും. പേട്ട സി.ഐയുടെ നേതൃത്വത്തില്‍ ശനിയാഴ്ചയാണ് ഗംഗേശാനന്ദയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിക്ക് കുറ ച്ചുദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തുടരേണ്ടതിനാല്‍ പോലീസ് നിരീക്ഷണം തുടരും.

അതേസമയം, സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ പേട്ട സ്വദേശിനിയായ യുവതിയുടെ രഹസ്യമൊഴിയെടുത്തു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇപ്പോള്‍ ഇരുപത്തിമൂന്നു വയസ്സുള്ള യുവതിയെ 17 വയസ്സു മുതല്‍ ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണു മൊഴി.ഇയാളുടെ പശ്ചാത്തലം സംബന്ധിച്ച വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതി തങ്ങളില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തുത്തിട്ടുണ്ടെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ ഭൂമി വാങ്ങാനാണെന്ന് പറഞ്ഞാണ് പ്രതി പണം വാങ്ങിയതെന്നാണ് ഇവര്‍ പറയുന്നത്. ഇക്കാര്യവും പോലീസ് പരിശോധിച്ച വരികയാണ്‌