ലിംഗഛേദം ചെയ്യപ്പെട്ട സ്വാമി അറസ്റ്റില്‍; യുവതിയുടെ മൊഴി രേഖപ്പെടുത്തി

Posted on: May 20, 2017 7:26 pm | Last updated: May 21, 2017 at 3:29 pm

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ലിംഗഛേദം ചെയ്യപ്പെട്ട കൊല്ലം സ്വദേശി ഗംഗേശാനന്ദ തീര്‍ഥപാദ സ്വാമി എന്ന ശ്രീഹരി അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ അറസ്റ്റ് ശനിയാഴ്ച വൈകീട്ടാണ് രേഖപ്പെടുത്തിയത്. ഇയാളുടെ നിരന്തര പീഡനത്തിന് ഇരായ പേട്ട സ്വദേശിനിയായ 23കാരിയാണ് സ്വാമിയുടെ ലിംഗം ഛേദിച്ചത്. സ്വാമിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്.

അമ്മയുടെ ഒത്താശയോടെ ഇയാള്‍ 17 വയസ്സ് മുതല്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ അമ്മയുടെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, ജനനേന്ദ്രിയം സ്വയം ഛേദിച്ചതാണെന്ന് സ്വാമി മൊഴി നല്‍കി. തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോടാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്.