ആര്‍ എസ് എസിന്റെ കേരള ലക്ഷ്യങ്ങള്‍

Posted on: May 20, 2017 6:06 am | Last updated: May 20, 2017 at 11:06 am

ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനം ആധുനിക ദേശീയതയെയും മതനിരപേക്ഷതയെയും ഫെഡറലിസത്തെയുമൊക്കെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രസങ്കല്‍പം മുന്നോട്ടുവെക്കുകയും പൂര്‍ണ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് 1942-ല്‍ ആസൂത്രിതമായ ലക്ഷ്യങ്ങളോടെ കേരളത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. തന്റെ കമ്മ്യൂണിസ്റ്റ്‌വിരുദ്ധ അജന്‍ഡയുടെ പരീക്ഷണഭൂമി കൂടിയായിട്ടാണ് ഇടതുപക്ഷ സ്വാധീനമുള്ള കേരളത്തിലെ ആര്‍ എസ് എസ് പ്രവര്‍ത്തനങ്ങളെ ഗോള്‍വാള്‍ക്കര്‍ കണ്ടത്.

1921-ലെ മലബാര്‍ കലാപകാലത്ത് ഹിന്ദു മഹാസഭയുടെ മെഡിക്കല്‍ മിഷനിലെ അംഗമായി ഹെഡ്‌ഗേവാര്‍ കോഴിക്കോട് വന്നിരുന്നു. കോണ്‍ഗ്രസ് ഖിലാഫത്ത് മുന്നേറ്റങ്ങള്‍ക്കെതിരെ ഒരു ഹിന്ദു സേനാദളത്തെ രൂപവത്കരിക്കുന്നതിനെക്കുറിച്ച് മലബാറിലെ സന്ദര്‍ശനകാലത്ത് ഹെഡ്‌ഗേവാര്‍ അഭിപ്രായപ്പെട്ടതായി പലരും സൂചിപ്പിക്കുന്നുണ്ട്. ഗോള്‍വാള്‍ക്കറാകട്ടെ കുഞ്ഞാലി മരക്കാരെയും ടിപ്പുവിനെയും ദേശാഭിമാനികളായി കാണുന്ന കേരളചരിത്രത്തെ അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് നേരിട്ടിട്ടുള്ളത്. വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ ഈ അസഹിഷ്ണുത ചരിത്രവിരുദ്ധമായ വിലകുറഞ്ഞ അധിക്ഷേപങ്ങളായി എഴുതിയിട്ടുണ്ട്.

‘തന്റെ ഹിന്ദു രാജാവിനെ തടവിലിട്ട് സിംഹാസനം പിടിച്ചുപറ്റിയ ഹൈദര്‍ക്കും അനവധിപേരെ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയും നിരവധി ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും അനേകം സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്ത പുത്രനായ ടിപ്പുവിനും നാം പ്രതിമകള്‍ നിര്‍മിച്ചുയര്‍ത്തണമെന്ന് പറയുന്നവരുണ്ട്. ഇത്രത്തോളം വങ്കത്തം ഇപ്പോഴും അവശേഷിക്കുന്നു (വിചാരധാര, പേജ് 276).

ബ്രിട്ടീഷ്‌വിരുദ്ധ സൈനിക മുഖങ്ങളില്‍ ജ്വലിച്ചുനിന്ന മൈസൂര്‍ രാജാക്കന്മാരെ ഗോള്‍വാള്‍ക്കര്‍ എതിര്‍ക്കുന്നത് എന്തിന്റെ പേരിലാണ്? രാജഭക്തനായ ഗോള്‍വാള്‍ക്കര്‍ സാമ്രാജ്യത്വവിരുദ്ധ ദേശാഭിമാനികളായ രാജാക്കന്മാരെ അവര്‍ മുസ്‌ലിം നാമധാരികള്‍ കൂടി ആയതുകൊണ്ടാണ് ആക്ഷേപിക്കുന്നതെന്ന കാര്യം എന്താണ് കാണിക്കുന്നത്? ഹിന്ദു രാജ്യാഭിമാനമെന്നത് തരംതാണ വര്‍ഗീയവിരോധമാണെന്നല്ലാതെ മറ്റൊന്നുമല്ലായെന്നാണ്. ടിപ്പുവിന്റെ ബ്രിട്ടീഷ് വിരുദ്ധ പടനീക്കത്തെയും ജന്മി ബ്രാഹ്മണാധികാരത്തിനെതിരായ റവന്യൂ പരിഷ്‌കാരങ്ങളെയുമാണ് ഫ്യൂഡല്‍ രാജഭക്തനായ ഗോള്‍വാള്‍ക്കറെ പ്രകോപിപ്പിച്ചത്.

കൊളോണിയല്‍ അധിനിവേശത്തിന്റെ കഥ തുടങ്ങുന്നത് കോഴിക്കോട് കാപ്പാട് കടപ്പുറത്ത് വാസ്‌കോഡിഗാമ കപ്പലിറങ്ങിയതോടെയാണല്ലോ. അതോടൊപ്പം തന്നെയാണ് സാമ്രാജ്യത്വ ആധിപത്യത്തിനെതിരായി ചരിത്രത്തിന് ധീരദേശാഭിമാനി കുഞ്ഞാലി മരക്കാര്‍ തന്റെ പോരാട്ടങ്ങളിലൂടെ നാന്ദി കുറിക്കുന്നതും. ഗോള്‍വാള്‍ക്കറുടെ വിചാരഗതിയനുസരിച്ച് ഹിന്ദു രാഷ്ട്രാഭിമാനത്തിന്റെ യഥാര്‍ഥ പ്രതിനിധികളാണല്ലോ സാമൂതിരിയും കൊച്ചിത്തമ്പുരാനും തിരുവിതാംകൂര്‍ രാജാവുമെല്ലാം. ഇവര്‍ തമ്മിലുള്ള കിടമത്സരത്തിന്റെ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തിയാണ് പോര്‍ച്ചുഗീസുകാരും ഫ്രഞ്ചുകാരും തുടര്‍ന്ന് ബ്രിട്ടീഷുകാരും ഇന്ത്യയെ കോളനിയാക്കിയതെന്ന കാര്യം ഗോള്‍വാള്‍ക്കറിസ്റ്റുകള്‍ സൗകര്യപൂര്‍വം മറന്നുകളയുകയാണ്. ഇവരുടെ വഞ്ചനയുടെയും കൂട്ടിക്കൊടുപ്പിന്റെയും നീചമായ ചരിത്രവഴികളിലാണ് കൊളോണിയല്‍ അധികാരം നമ്മുടെ നാടിനെ അടിമയാക്കിയത്.

ഗോള്‍വാള്‍ക്കര്‍ ആവേശപൂര്‍വം പുണരുന്ന ഹിന്ദു നാടുവാഴികളുടെ കൊട്ടാരവഴികളിലൂടെയാണ് കേരളത്തിലും ഇന്ത്യയിലും സാമ്രാജ്യത്വം കടന്നുവന്നത്. രാജ്യത്തെതന്നെ ശ്രീപത്മനാഭന് അടിയറവെച്ച തിരുവിതാംകൂര്‍ രാജാക്കന്മാര്‍ തന്നെയാണ് പത്മനാഭനുമേല്‍ റസിഡന്റ് സായിപ്പിനെ വാഴിച്ചത്. പ്ലാസിയിലെ ചതുപ്പ് നിലങ്ങളില്‍ സിറാജ് ദൗളയുടെ തലവെട്ടിയിട്ട് ബ്രിട്ടീഷ് അധികാരത്തിന് തുടക്കം കുറിക്കാന്‍ ഒറ്റുകാരായി നിന്നത് ഹിന്ദു രാഷ്ട്രാഭിമാനികളുടെ ആദര്‍ശപ്രതീകങ്ങള്‍ തന്നെയാണല്ലോ. ഏകപക്ഷീയമായ ചരിത്രവ്യാഖ്യാനങ്ങളിലൂടെ ദേശിയവഞ്ചനയുടെ ചരിത്രം മറച്ചുപിടിച്ചുകൊണ്ടാണ് ഹിന്ദുരാഷ്ട്രാഭിമാനത്തിന്റെ മായാരാക്ഷസന്മാര്‍ ഇന്ന് അഴിഞ്ഞാടുന്നത്. ഇന്ത്യന്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും എതിര്‍ദിശയില്‍ സഞ്ചരിച്ചവര്‍ ഇന്ന് അതിദേശീയത ഇളക്കിവിട്ട് ന്യൂനപക്ഷങ്ങളെയും ദളിതരെയും കമ്മ്യൂണിസ്റ്റുകാരെയും രാജ്യവിരുദ്ധരാക്കി വേട്ടയാടുകയാണ്.

ത്രൈവര്‍ണികര്‍ക്കു താഴെ ശൂദ്രനും ഇതരസമൂഹങ്ങള്‍ക്കും മനുഷ്യരെന്ന പരിഗണന പോലും നല്‍കാത്ത വര്‍ണാശ്രമ ധര്‍മങ്ങളിലധിഷ്ഠിതമാണ് ആര്‍ എസ് എസിന്റെ ദേശീയത. സാമൂഹിക നീതിക്കു വേണ്ടി നിലകൊള്ളുന്ന, ഭൂപരിഷ്‌കരണത്തിലൂടെ ജാതിജന്മിത്വ വര്‍ഗ ബന്ധങ്ങളെ പരിവര്‍ത്തനപ്പെടുത്തണമെന്ന് വാദിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ ആര്‍എസ് എസിന്റെ ബദ്ധശത്രുക്കളാകുന്നത് സ്വാഭാവികമാണ്. സ്ഥിതിസമത്വാശയങ്ങളെ പ്രകൃതിവിരുദ്ധവാദമായിട്ടാണ് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ വിശദീകരിക്കുന്നത്. വിഷമാവസ്ഥ (Disparity) പ്രകൃതിജന്യമാണെന്ന് വാദിക്കാനാണ് ഗോള്‍വാള്‍ക്കര്‍ നിര്‍ബന്ധിക്കുന്നത്. ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ തന്റെ സമത്വാശയങ്ങളോടുള്ള നിശിതമായ വിമര്‍ശനം അവതരിപ്പിക്കുന്നത് നോക്കൂ: നമ്മുടെ തത്വദര്‍ശനമനുസരിച്ച് ഈ പ്രപഞ്ചത്തിന്റെ ഉത്പത്തിതന്നെ അതിന്റെ സ്വത്വം, രജസ്സ്, തമസ്സ് എന്നീ മൂന്ന് ഗുണങ്ങളുടെ സന്തുലിതാവസ്ഥക്കു ഭംഗം വന്നതിനെ തുടര്‍ന്നാണ്. ഇവ മൂന്നും ശരിയായ സന്തുലിതാവസ്ഥയില്‍ വന്നാല്‍ അതായത് ഗുണസാമ്യമുണ്ടായാല്‍ പ്രപഞ്ചം തന്നെ വീണ്ടും അതിന്റെ അവ്യക്തഭാവത്തിലേക്ക് വിലയം പ്രാപിക്കുകയും ചെയ്യും. അതിനാല്‍ അസമത്വം അതായത് വിഷമാവസ്ഥ പ്രകൃതിയുടെ ഒഴിച്ചുകൂടാത്ത സ്വഭാവമാണ്. നാം അതോടൊപ്പം ജീവിച്ചേപറ്റൂ. അതിനെ നിയന്ത്രിച്ചുനിര്‍ത്തി ആ അസമത്വത്തില്‍ നിന്നുളവാകുന്ന നീറ്റല്‍ കളയുവാന്‍ മാത്രമായിരിക്കണം നമ്മുടെ ശ്രമം. എത്ര സമര്‍ഥമായിട്ടാണ് തന്റെ ചൂഷക വര്‍ഗങ്ങള്‍ക്കനുകൂലമായ തത്വദര്‍ശനത്തെ ഗോള്‍വാള്‍ക്കര്‍ പറഞ്ഞുവെച്ചിരിക്കുന്നത്. ദൈവം ദുര്‍ബലര്‍ക്കുള്ളതല്ല എന്ന് വിചാരധാരയില്‍ മറ്റൊരിടത്ത് ഗോള്‍വാള്‍ക്കര്‍ സംശയരഹിതമായി പ്രഖ്യാപിച്ചിട്ടുമുണ്ട് (വിചാരധാരയുടെ അവതാരിക).

ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് നവോത്ഥാനവും തൊഴിലാളി കര്‍ഷക മുന്നേറ്റങ്ങളും മാറ്റിമറിച്ച സമൂഹമാണ് കേരളം. അതുകൊണ്ടുതന്നെ ആര്‍ എസ് എസിന്റെ ആശയങ്ങള്‍ക്ക് ഒരിക്കലും കാര്യമായ സ്വാധീനം കേരളത്തില്‍ ലഭിച്ചിട്ടില്ല. അതിനായുള്ള അവരുടെ കുത്സിത നീക്കങ്ങളെ ആധുനിക ജനാധിപത്യ പ്രസ്ഥാനങ്ങള്‍ എല്ലാതലങ്ങളിലും പ്രതിരോധിച്ചിട്ടുമുണ്ട്. അതവരെ അങ്ങേയറ്റം പ്രകോപിതരുമാക്കുന്നുണ്ട്.