Connect with us

Editorial

അന്താരാഷ്ട്ര കോടതി വിധി

Published

|

Last Updated

മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാക് സൈനിക കോടതിക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ സി ജെ) ഇന്ത്യ നേടിയ വിജയം അഭിമാനാര്‍ഹമാണ്. കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് ഉത്തരവ്. ജമ്മുകശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ വരാതിരിക്കാന്‍ സാധാരണ ഒരു വിഷയത്തിനും അന്താരാഷ്ട്ര കോടതിയിലെത്താത്ത ഇന്ത്യ കുല്‍ഭൂഷണ്‍ ജാദവിന്റെ കാര്യത്തില്‍ അപ്രതീക്ഷിത നീക്കമാണ് നടത്തിയത്. 1999ല്‍ പാക്കിസ്ഥാന്റെ യുദ്ധവിമാനം കച്ചില്‍ വെടിവെച്ചു വീഴ്ത്തിയ കേസിലും ഐ സി ജെയുടെ ഉത്തരവ് ഇന്ത്യക്ക് അനുകൂലമായിരുന്നു. 16 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക്കിസ്ഥാനാണ് അന്ന് ഐ സി ജെയെ സമീപിച്ചത്.
ഇന്ത്യയുടെ ചാരസംഘടനയായ റോ ഉദ്യോഗസ്ഥനാണെന്നാരോപിച്ചു 2016 മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍നിന്നാണ് പാക്കിസ്താന്‍ കുല്‍ഭൂഷനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പാക് സൈനിക കോടതിയിലെ ഏകപക്ഷീയമായ വിചാരണക്കൊടുവിലാണ് വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ നാവിക സേനയില്‍ സേവനമനുഷ്ഠിച്ചിരുന്ന കുല്‍ഭൂഷന്‍ വിരമിച്ചതിനു ശേഷം ഇറാനില്‍ ജോലി ചെയ്യവെ ചാരവൃത്തി ആരോപിച്ചു പാക് സൈന്യം തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഇന്ത്യ പറയുന്നത്. പാകിസ്ഥാന്‍ സൈനിക കോടതിയുടെ വിചാരണ അപഹാസ്യമാണെന്നും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷണെ കാണാന്‍ അനുമതി നിഷേധിച്ചത് വിയന്ന ഉടമ്പടിയുടെ നഗ്‌നമായ ലംഘനമാണെന്നുമുള്ള ഇന്ത്യയുടെ വാദം ഐ സി ജെയുടെ പതിനൊന്നംഗ ബഞ്ച് അംഗീകരിക്കുകയായിരുന്നു. കുല്‍ഭൂഷന് നിയമസഹായവും അദ്ദേഹത്തിന്റെ അമ്മക്ക് പാക്കിസ്ഥാനിലേക്ക് പോകാനുള്ള വിസയും ഇസ്‌ലമാബാദ് നിഷേധിച്ചിരുന്നു. വധശിക്ഷ വിധിച്ചത് ചാരകുറ്റത്തിനല്ല,

തീവ്രവാദപ്രവര്‍ത്തനത്തിനാണെന്നാണ് പാക് പക്ഷം. പ്രശ്‌നം പാക്കിസ്ഥാന്റെ സുരക്ഷയുമായി ബന്ധപ്പെട്ടതായതിനാല്‍ രാജ്യാന്തര കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്ന് അവര്‍ വാദിച്ചെങ്കിലും കോടതി തള്ളി. ജാദവ് കുറ്റസമ്മതം നടത്തിയതായി അവകാശപ്പെടുന്ന പാക്കിസ്ഥാന്‍, കുറ്റസമ്മത വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ തേടിയ അനുമതിയും കോടതി നിരാകരിച്ചു. സ്വതന്ത്ര കോടതിയിലായിരിക്കണം കുല്‍ഭൂഷന്റെ പുനര്‍വിചാരണയെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മുന്‍വിധിയോടെയായിരുന്നു കുല്‍ഭൂഷണുമായി ബന്ധപ്പെട്ട പാക്കിസ്ഥാന്റെ നീക്കങ്ങളെന്ന് കോടതി അഭിപ്രായപ്പെട്ടു. കുല്‍ഭൂഷണ്‍ ഇന്ത്യന്‍ പൗരനാണെന്നത് ഇന്ത്യയും പാക്കിസ്താനും ഒരുപോലെ അംഗീകരിക്കുന്നുണ്ടെന്നിരിക്കെ അദ്ദേഹത്തിന് നയതന്ത്ര സഹായം ലഭ്യമാക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നാണ് കോടതി നിരീക്ഷണം. അതേസമയം, കോടതി നടപടികള്‍ തുടരാന്‍ അന്താരാഷ്ട്ര കോടതി പാക്കിസ്ഥാന് അനുവാദം നല്‍കിയിട്ടുണ്ട്. കോടതി നടപടിക്രമങ്ങള്‍ ഐ സി ജെയെ അറിയിക്കേണ്ടതുമാണ്.
വധശിക്ഷക്കെതിരെ ഇന്ത്യക്ക് സ്റ്റേ സമ്പാദിക്കാനായെങ്കിലും രാജ്യാന്തര കോടതിയുടെ ഉത്തരവ് അംഗീകരിക്കില്ലെന്നും സൈനിക കോടതി ഉത്തരവുമായി മുന്നോട്ട് പോകുമെന്നുമാണ് പാക് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവുകള്‍ അംഗീകരിക്കാന്‍ പാക്കിസ്ഥാന് ബാധ്യതയില്ല. ഇക്കാര്യം നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. അന്താരാഷ്ട്ര കോടതിയിലെ പരാജയം സൃഷ്ടിച്ച മാനക്കേട് മറച്ചുപിടിക്കാനുള്ള അടവ് എന്നതിലപ്പുറം വധശിക്ഷ നടപ്പാക്കാനുള്ള ആര്‍ജവം പാക്കിസ്ഥാനില്ലെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍. അമേരിക്ക, ചൈന തുടങ്ങിയ രാഷ്ട്രങ്ങള്‍ മുമ്പ് അന്താരാഷ്ട്ര കോടതിയുടെ ഉത്തരവുകള്‍ നിരസിച്ച ചരിത്രമുണ്ടെങ്കിലും പാക്കിസ്ഥാനെ പോലെയുള്ള ഒരു രാജ്യം അതിന് തുനിയുന്നത് കടുത്ത പ്രത്യാഘാതങ്ങള്‍ക്കിടയാക്കിയേക്കും. മാത്രമല്ല, കുല്‍ഭൂഷന്‍ ചാരപ്പണി നടത്തിയെന്ന പാകിസ്ഥാന്റെ ആരോപണം അന്താരാഷ്ട്ര കോടതി നിരാകരിച്ചിട്ടില്ല. വിചാരണയിലുള്‍പ്പെടെ അദ്ദേഹത്തിനെതിരായ നിയമ നടപടികളില്‍ പാകപ്പിഴകള്‍ സംഭവിച്ചതിനാല്‍ താത്കാലികമായി ശിക്ഷ നിര്‍ത്തിവെക്കാന്‍ മാത്രമേ കോടതി നിര്‍ദേശിച്ചിട്ടുള്ളൂ. അതുകൊണ്ട് ഇന്ത്യയുടെ പാക്‌വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തെളിവായി കുല്‍ഭൂഷനെ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളായിരിക്കും അന്താരാഷ്ട്ര വേദികളില്‍ പാക്കിസ്ഥാന്‍ തുടര്‍ന്ന് നടത്തുകയെന്നാണ് കരുതുന്നത്. കുല്‍ഭൂഷണ്‍ ജാദവിനെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്ന നഫീസ് സക്കറിയയുടെ പ്രസ്താവനയുടെ സൂചനയും അതാണ്.

Latest