Connect with us

National

സുപ്രീംകോടതി വിധി റദ്ദാക്കണമെന്നാവശ്യം; കര്‍ണന്റെ അഭിഭാഷകര്‍ രാഷ്ട്രപതിയെ സമീപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചതിനെതിരെ ജസ്റ്റിസ് കര്‍ണന് വേണ്ടി രാഷ്ട്രപതിയെ സമീപിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍ അത്തരമൊരു കാര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് രാഷ്ട്രപതി ഓഫീസ് പ്രതികരിച്ചത്.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 72 അനുസരിച്ച് കര്‍ണന് മാപ്പു നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പരാതി രാഷ്ട്രപതിക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറയുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ചിന്റെ വിധി റദ്ദാക്കണമെന്നാണ് ആവശ്യം. കോടതിശിക്ഷ ഇളവു ചെയ്യുന്നതിന് രാഷ്ട്രപതിക്ക് അവകാശം നല്‍കുന്ന ഭരണഘടനാ വകുപ്പാണ് ആര്‍ട്ടിക്കിള്‍ 72. കര്‍ണനെ ശിക്ഷിക്കുന്നതിലൂടെ പാര്‍ലമെന്റിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണ് കോടതി നടത്തിയിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറ പറഞ്ഞു.

അതേസമയം, കോടതിയലക്ഷ്യ കേസില്‍ കര്‍ണന്‍ മാപ്പ് പറഞ്ഞിട്ടില്ല. വിധി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സമര്‍പ്പിച്ചത്. കര്‍ണന്‍ ജഡ്ജിമാരുടെ വിധികളെ വിമര്‍ശിച്ചിട്ടില്ല. അവരുടെ നടപടികളെയാണ് വിമര്‍ശിച്ചത്. അതിനാല്‍ കോടതിയലക്ഷ്യ നടപടി നിലനില്‍ക്കില്ല. രാഷ്ട്രപതിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പ്രധാനമന്ത്രിക്കും മുഴുവന്‍ എം.പിമാര്‍ക്കും അയച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ അവകാശപ്പെട്ടു.

---- facebook comment plugin here -----

Latest