Connect with us

Eranakulam

കാലാവസ്ഥക്ക് അനുയോജ്യമായ യൂനിഫോം: നിര്‍ദേശം പാലിക്കാതെ സ്വകാര്യ സ്‌കൂളുകള്‍

Published

|

Last Updated

കൊച്ചി: സംസ്ഥാനത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ യൂനിഫോം നടപ്പാക്കാന്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് വൈമുഖ്യം . മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും കാലാവസ്ഥാ സൗഹൃദ യൂനിഫോം നടപ്പാക്കിയിട്ടുണ്ടെങ്കിലും മിക്ക സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും പുതിയ അധ്യയന വര്‍ഷത്തേക്കുള്ള യൂനിഫോമും പഴയപടി തന്നെയാണ് നിര്‍ദേശിച്ചിട്ടുള്ളത്. യൂനിഫോം സംബന്ധിച്ച മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുകളും വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങളുമാണ് ഇതോടെ ജലരേഖയാകുന്നത്.

കേരളത്തിന്റെ ഊഷ്മാവ് കൂടിയ അന്തരീക്ഷത്തിനൊത്ത് വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം അനുവദിക്കാത്തത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. രക്തചംക്രമണത്തിന് തടസ്സം വരുന്ന പട്ടയോട് കൂടിയ നൈലോണ്‍, റയോണ്‍ ഷോക്‌സും ഷൂസും വിദ്യാര്‍ഥികള്‍ ധരിക്കണമെന്നാണ് ചില സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതുപ്രകാരം കെ ജി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ദിനംപ്രതി തുടര്‍ച്ചയായി ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഇവ ധരിക്കേണ്ടിവരും. ചെറിയ പ്രായത്തില്‍ തന്നെ സ്‌കൂള്‍ അധ്യയന ദിനങ്ങളില്‍ ധരിക്കുന്ന ഷൂസ് കാലിന്റെ എല്ലുമായി ഉരസി ഇറുക്കവും വേദനയും അനുഭവപ്പെട്ട് രോഗങ്ങളുണ്ടാകാനിടയുണ്ട്. ഇതിനാല്‍ സ്‌കൂളുകളില്‍ ചെരുപ്പ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. മൂന്നാര്‍ പോലെയുള്ള ശീതളമായ സ്ഥലത്ത് അതിനനുയോജ്യമായ മാറ്റം നടപ്പാക്കണമെന്നും നിര്‍ദേശമുണ്ടിയിരുന്നു.
വിദ്യാര്‍ഥികളെ നിര്‍ബന്ധിപ്പിച്ച് ടൈ കെട്ടിപ്പിക്കരുതെന്ന നിര്‍ദേശവും പലേടത്തും ലംഘിക്കുകയാണ്. ശരീരത്തിലേക്കുള്ള കാറ്റോട്ടം തടയുന്ന ടൈ കഴുത്തിലെ പ്രധാന ഞരമ്പായ വേഗാസ് ഞരമ്പിന് മര്‍ദം നല്‍കുന്നതാണ്.

സംസ്ഥാനത്തെ കാലാവസ്ഥക്ക് അനുയോജ്യമായ യൂനിഫോം കൈത്തറിയാണെങ്കിലും കനത്ത ചൂടിലും പോളിസ്റ്റര്‍ യൂനിഫോമാണ് സ്വകാര്യ സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ളത്. കൈത്തറി വസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് സ്വകാര്യ സ്‌കൂളുകളുടെ ഇത്തരം നീക്കം. ശരീരം പുറന്തള്ളുന്ന വിയര്‍പ്പ് അന്തരീക്ഷത്തില്‍ ബാഷ്പീകരിക്കപ്പെടണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. മണിക്കൂറുകളോളം ക്ലാസ് മുറികളില്‍ സഹപാഠികള്‍ക്കൊപ്പം ഇരിക്കേണ്ടിവരുന്ന വിദ്യാര്‍ഥികള്‍ക്ക് വിയര്‍പ്പ് ക്രമാതീതമായി കൂടുതലായിരിക്കും. വിയര്‍പ്പ് വലിച്ചെടുത്ത് ബാഷ്പീകരണ പ്രക്രിയക്ക് കൂടുതല്‍ അവസരമൊരുക്കി ശരീരത്തിന് കുളിര്‍മ പ്രദാനം ചെയ്യുമെന്നത് കൈത്തറി വസ്ത്രങ്ങളുടെ പ്രത്യേകതയാണ്. സര്‍ക്കാര്‍ ഖാദി ഭവനുകളില്‍ 30 ശതമാനം വരെ നികുതിയിളവോട് കൂടിയാണ് കൈത്തറി തുണികള്‍ വില്‍പ്പന നടത്തുന്നത്. അതേസമയം, സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ വിദ്യാഭ്യാസ കച്ചവടം നടത്തുന്നതിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ക്ക് ഷൂവും ടൈയും ഉള്‍പ്പെടെയുള്ള യൂനിഫോം നിര്‍ദേശിക്കുന്നതെന്ന് ആക്ഷേപമുണ്ട്. പൊതു വിപണിയേക്കാള്‍ ഇരട്ടി വിലക്ക് സ്‌കൂളുകള്‍ വഴി അനധികൃത വില്‍പ്പന നടത്തുന്നതിലൂടെ പ്രതി വര്‍ഷം ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ ലാഭമുണ്ടാക്കുന്നത്. കച്ചവടം നിയമപ്രകാരം അല്ലാത്തതിനാല്‍ ഖജനാവിന് നികുതി ഇനത്തിലും വന്‍ നഷ്ടമാണ് ഇതുവഴിയുണ്ടാകുന്നത്. സ്‌കൂളുകള്‍ വഴി കച്ചവടം നടത്തരുതെന്ന സി ബി എസ് ഇ സര്‍ക്കുലറിന് സ്വകാര്യ സ്‌കൂളുകള്‍ വില കല്‍പ്പിക്കുന്നില്ല.

---- facebook comment plugin here -----

Latest