Connect with us

Articles

മിത്രങ്ങളെ തിരിച്ചറിയാത്ത ന്യൂനപക്ഷ രാഷ്ട്രീയം

Published

|

Last Updated

ഇന്ത്യയില്‍ സ്വാതന്ത്ര്യാനന്തരം ന്യൂനപക്ഷം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് പ്രധാനമായും മുസ്‌ലിംസമുദായത്തേയും തൊട്ടുപിറകെയായി ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പെട്ടവരെയുമാണ്. കാലം കുറച്ചുകൂടി മുന്നോട്ടുപോയതിനു ശേഷമാണ് ദളിത്, ആദിവാസി വിഭാഗങ്ങളെയൊക്കെ ഈ ഗണത്തിലേക്ക് ചേര്‍ക്കപ്പെട്ട് ചര്‍ച്ചകള്‍ക്ക് വിധേയമാക്കിത്തുടങ്ങിയത്. മുസ്‌ലിംകളെ ഇതില്‍ പ്രഥമസ്ഥാനത്തു നിറുത്താന്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്നാമത്തെ പക്ഷമായ ഹൈന്ദവര്‍ക്ക് തൊട്ടുപിറകിലായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നവര്‍ എന്ന പരിഗണന. രണ്ടാമത്തെ കാര്യം സ്വാതന്ത്ര്യത്തോടൊപ്പം ഇന്ത്യ വിഭജിക്കപ്പെട്ട് രാജ്യമായത് ഹിന്ദു, മുസ്‌ലിം എന്നീ മതങ്ങളെ അടിസ്ഥാനമാക്കി ആയതിനാല്‍ ഇന്ത്യയില്‍ നിലയുറപ്പിച്ച മുസ്‌ലിം വിഭാഗത്തെ സ്വാഭാവികമായും ന്യൂനപക്ഷസമുദായമായി കണക്കാക്കി അവര്‍ക്ക് ലഭിക്കേണ്ട ഭരണഘടനാനുസൃതമായ അവകാശങ്ങള്‍ നല്‍കാനും ഭരണകൂടങ്ങള്‍ നിര്‍ബന്ധിതമായി.

അതുകൊണ്ട് ന്യൂനപക്ഷ പ്രശ്‌നം എന്നാല്‍ അത് കാര്യമായും മുസ്‌ലിംകളെ ബാധിക്കുന്ന പ്രശ്‌നമായിത്തന്നെയാണ് ചര്‍ച്ചകളില്‍ കൊഴുത്തുവരിക. വിഭജനാനന്തരം ഇന്ത്യയില്‍ ജനാധിപത്യ രീതിയിലുള്ള ഭരണം അതിന്റെ ആരംഭത്തില്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന് വലിയ പ്രതിസന്ധിഘട്ടമൊന്നും അല്ലായിരുന്നു. ജനാധിപത്യ ഭാരതത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രി പോലും അബുല്‍ കലാം ആസാദ് എന്ന മുസ്‌ലിം വിഭാഗത്തില്‍ പെട്ട ആളായി. തികഞ്ഞ മതേതരവാദിയും ഒപ്പം കര്‍മങ്ങള്‍ കൊണ്ടുനടക്കുന്ന മതവിശ്വാസിയും ആയിട്ടും അബുല്‍ കലാം ആസാദ് ഇന്ത്യയിലെ എല്ലാ ജനവിഭാഗത്തിനും സ്വീകാര്യനായി. അതിന്റെ പ്രധാന കാരണം അന്നത്തെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ തലപ്പത്തുണ്ടായിരുന്നത് ലോകം അംഗീകരിച്ച മതേതരവാദിയായ ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു എന്നതായിരുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ ആ കാലത്തുതന്നെ ഹിന്ദു വര്‍ഗീയ ചായ്‌വുള്ള ഒരു വിഭാഗമുണ്ടായിരുന്നെങ്കിലും നെഹ്‌റുവിന്റെ വിട്ടുവീഴ്ചയില്ലാത്ത മതേതര മനസ്സിനു മുമ്പില്‍ അതൊന്നും വിലപ്പോവില്ലായിരുന്നു. നെഹ്‌റുവിന്റെ മരണം വരെ ഏതാണ്ടീ അവസ്ഥ തുടര്‍ന്നു.
കോണ്‍ഗ്രസിലെ നെഹ്‌റുവിയന്‍ കാലഘട്ടം അവസാനിക്കുകയും ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ ഒരു വിഭാഗം മതേതര മുസ്‌ലിം കാഴ്ച്ചപ്പാടില്‍ നിന്നും മാറി കുറച്ച് വൈകാരിക പശ്ചാത്തലത്തിലേക്ക് ചിന്തിക്കുകയും ചെയ്തുകൊണ്ടിരുന്ന ഒരു കാലം നാമ്പെടുത്തു തുടങ്ങി. ഇപ്പോഴത്തെ ബി ജെ പിയുടെയും ആര്‍ എസ് എസ്സിന്റെയും പൂര്‍വരൂപമായ ജനസംഘത്തിന്റെ വിചാരധാരകള്‍ അന്നത്തെ കോണ്‍ഗ്രസിലെ ചിലരെ വല്ലാതെ സ്വാധീനിക്കുന്ന ഒരവസ്ഥ സംജാതമായപ്പോഴാണ് മതേതര മുസ്‌ലിംകളിലും ഒരു വഴിമാറി ചിന്തിക്കലിനു തുടക്കമാവുന്നത്. ബാബരി മസ്ജിദിന്റെ തകര്‍ച്ച, ആഗോളതലത്തില്‍ സാമ്രാജ്യത്വം പടച്ചുണ്ടാക്കിയ ഇസ്‌ലാം ഭീതിയുടെ പ്രതിഫലനമായി ഇന്ത്യയിലും വൈകാരിക മുസ്‌ലിം എന്ന ഒരു വിഭാഗം വളര്‍ന്നു വരികയായിരുന്നു. ഇന്ത്യയിലെ സവര്‍ണഫാസിസം ആഗ്രഹിച്ചതും ഇതായിരുന്നു. എന്തെന്നാല്‍ അവര്‍ക്ക് പിടിമുറുക്കാന്‍ വലിയൊരു പിടിവള്ളി തന്നെയായി ഒരു ചെറിയ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുണ്ടായ അപക്വമായ വൈകാരിക ചിന്തകള്‍.

അങ്ങനെ വിഭജനത്തിനു ശേഷം ഹിന്ദു മുസ്‌ലിം മനസ്സുകളില്‍ വലിയ അകല്‍ച്ചകള്‍ക്ക് ഹേതുവായ ഒരു വര്‍ഗീയാന്തരീക്ഷം വളര്‍ന്നുവരുന്നതില്‍ നെഹ്‌റുവിന് ശേഷമുള്ള കോണ്‍ഗ്രസ്പാര്‍ട്ടിയിലെ ചില നേതാക്കളുടെ മൃദുഹിന്ദുത്വ സമീപനം കാരണമായിട്ടുണ്ട്. ഇതു വേണ്ട സമയത്ത് തിരിച്ചറിയാതെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വോട്ടു ബേങ്കുകള്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടിലേക്ക് തന്നെയായിരുന്നു നിക്ഷേപിച്ചിരുന്നത്. കോണ്‍ഗ്രസിനാണെങ്കില്‍ മുസ്‌ലിം വോട്ടുകള്‍ നഷ്ടപ്പെടുകയുമരുത്, അതേസമയം മൃദുഹിന്ദുത്വത്തിലേക്ക് ചുവടുമാറി ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ നേടുകയും വേണം എന്ന തരത്തിലുള്ള ചില പ്രീണനങ്ങളും അവരുടെ അജന്‍ഡയില്‍ സ്ഥാനം പിടിക്കുകയുണ്ടായി. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്തൊക്കെ ഏതാണ്ട് പയറ്റി വിജയിപ്പിച്ച ഈ തന്ത്രം നരസിംഹ റാവുവിന്റെ അധികാരാരോഹണത്തോടെ പൊളിയുന്ന കാഴ്ചയാണ് കണ്ടത്. മതേതരപ്രസ്ഥാനമായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലേക്ക് സവര്‍ണ ഹൈന്ദവതയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ആവാഹിച്ച് കുടിയിരുത്തുന്നതില്‍ ഏറ്റവുംവലിയ പങ്കുവഹിച്ച നേതാവാണ് നരസിംഹ റാവു.
റാവുവിന്റെ ഭരണം അവസാനിക്കുന്നതിനു മുമ്പുതന്നെ കേരളമൊഴിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിം ന്യൂനപക്ഷം കോണ്‍ഗ്രസിനെ കൈയൊഴിയാനും തുടങ്ങി. കേരളത്തില്‍ മുസ്‌ലിംകള്‍ക്ക് മറ്റിടങ്ങളിലെപ്പോലെ നേരിട്ടുള്ള ദുരനുഭവങ്ങള്‍ വന്നുഭവിക്കാത്തതിനാല്‍ മുസ്‌ലിം സംഘടനകള്‍ വല്ലാതെ മാറിച്ചിന്തിക്കാന്‍ തയ്യാറായില്ല. തന്നെയുമല്ല, ഇവിടുത്തെ പ്രബലമായ മുസ്‌ലിം രാഷ്ട്രീയശക്തിഎന്നത് മുസ്‌ലിം ലീഗായതിനാല്‍ അവരുടെ അധികാരമുറപ്പിക്കലിന്റെ ഭാഗമായുള്ള കോണ്‍ഗ്രസ് ബന്ധം അവരെ ഇത്തരം വിഷയങ്ങളില്‍ എന്നും പിറകോട്ട് വലിയാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോലും അന്നത്തെ ലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷനായ ഇബ്‌റാഹീം സുലൈമാന്‍ സേട്ടിനു പോലും കോണ്‍ഗ്രസുമായി വേര്‍പിരിയേണ്ടിവന്നു എന്നോര്‍ക്കണം. ഇപ്പോഴും ആ അവസ്ഥക്ക് മാറ്റമൊന്നുമില്ല. ചില മുസ്‌ലിം സംഘങ്ങളാവട്ടെ തീവ്രവര്‍ഗീയതയുടെ മുഖപടമണിഞ്ഞ് കൂടുതല്‍ വലത്തോട്ട് ചായുകയാണുണ്ടായത്. ഏറ്റവും അവസാനം നടന്ന മലപ്പുറം ഉപതിരഞ്ഞെടുപ്പിലടക്കം മുസ്‌ലിം ലീഗിനും വലതുപക്ഷത്തിനും സഹായമാകുന്ന നയസമീപനങ്ങളാണ് ചില മുസ്‌ലിം സംഘടനകള്‍ സ്വീകരിച്ചത്. ബി ജെ പിക്കും ആര്‍ എസ് എസ്സിനും ആജന്മശത്രുക്കളായ സി പി എമ്മും ഇടതുപക്ഷവും ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ വക്താക്കള്‍ക്കും മുഖ്യശത്രുക്കളാകുന്ന വിരോധാഭാസമാണ് കേരളത്തിലെങ്കിലും ഏതുകാലത്തും നിലനില്‍ക്കുന്നത്.

സത്യത്തില്‍ കേരളത്തിലെ ആദ്യമന്ത്രിസഭ തന്നെ ന്യൂനപക്ഷങ്ങള്‍ക്ക് മാന്യമായ പരിഗണന നല്‍കിയിട്ടുണ്ട്. പള്ളികളും മദ്‌റസകളും ആഗ്രഹിക്കുന്നിടത്തൊക്കെ പണിയാനുള്ള സ്വാതന്ത്ര്യം, സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് ഗുണകരമായേക്കാവുന്ന ഭൂമിയിലെ ഉടമസ്ഥാവകാശം ലക്ഷ്യമാക്കിയുള്ള നിയമനിര്‍മാണങ്ങള്‍ കൊണ്ടുവന്നത്, വിദ്യാഭ്യാസത്തെ പൊതു ഉടമയിലും സമൂഹത്തിലെ അടിത്തട്ടിലുള്ളവര്‍ക്കു ലഭ്യമാക്കുന്ന വിധത്തിലും സംവിധാനിക്കാന്‍ മുണ്ടശ്ശേരിമാഷിനെ പോലുള്ള ഒരു വിദ്യാഭ്യാസമന്ത്രി മുന്നോട്ട് വന്നത് തുടങ്ങിയ കാര്യങ്ങള്‍ ഓര്‍ക്കുക. അതിന്റെയൊക്കെ ഗുണഫലം ശരിക്കും ലഭിക്കുമായിരുന്ന ന്യൂനപക്ഷ സമുദായങ്ങളിലെ പാവപ്പെട്ടവരെ ആ മന്ത്രിസഭക്കെതിരെ വിമോചനസമരത്തിന് അണിനിരത്തുകയാണ് മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ നേതൃത്വങ്ങള്‍ ചെയ്തത്. ഏതാണ്ടിപ്പോഴും സ്ഥിതി ഇങ്ങനെയൊക്കെത്തന്നെയാണ്.
എന്നാല്‍, മുസ്‌ലിം ലീഗിന്റെ കോണ്‍ഗ്രസ് ഭക്തിയില്‍ നിന്നു മാറിചിന്തിക്കാനും വലതുപക്ഷത്തെ ആത്യന്തികമായി സഹായിക്കുന്ന മതരാഷ്ട്രവാദ, തീവ്രവൈകാരിക സമീപനങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കാനും ഫാസിസത്തിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ ആര്‍ജവമുള്ള നിലപാടുകളെ പിന്തുണക്കാനും മുസ്‌ലിം ന്യൂനപക്ഷത്തില്‍ നിന്നു ചിലരെങ്കിലും മുന്നോട്ടുവരുന്നുണ്ട്. പക്ഷേ, കേരളത്തിലെ കത്തോലിക്കാസഭ അവരുടെ പാരമ്പര്യ ഇടതുപക്ഷവിരോധത്തില്‍നിന്നു മാറാന്‍ കൂട്ടാക്കിയതുമില്ല. അവര്‍ തിരഞ്ഞെടുപ്പ് കാലം വന്നാല്‍ ഇടതുപക്ഷത്തിനെതിരെ ഇടയലേഖനങ്ങള്‍ ഇറക്കുന്ന സമ്പ്രദായത്തില്‍ നിന്നു മാറിച്ചിന്തിക്കുന്നുമില്ല.

അതിന് അവര്‍ കണ്ടെത്തുന്ന ന്യായം കമ്യൂണിസ്റ്റുകള്‍ മതവിരോധികളാണെന്ന മുതലാളിത്തത്തിന്റെ പഴയ പ്രചാരണായുധം പൊടിതട്ടിയെടുക്കലായിരിക്കും. സവര്‍ണ ഫാസിസം പിടിമുറുക്കുന്ന കാലത്തും അതിനെ പ്രതിരോധിക്കാന്‍ മുന്നോട്ടുവരുന്ന ഇടതുപക്ഷ രാഷ്ട്രീയത്തെ സഹായിക്കാന്‍ ബാധ്യതപ്പെട്ട മുസ്‌ലിം രാഷ്ട്രീയ സംഘടനകള്‍ അതുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നില്ല എന്നത് ഇവിടത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ദൗര്‍ബല്യമായിത്തന്നെ കരുതണം. മതവിശ്വാസി അല്ലാതിരുന്ന നെഹ്‌റുവിനെ ഉള്‍ക്കൊണ്ടിരുന്ന ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് എന്തുകൊണ്ട് ആഗോളാടിസ്ഥാനത്തില്‍ തന്നെ ഫാസിസത്തിനും വര്‍ഗീയതക്കും എതിരെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇടതുപക്ഷങ്ങളെ ഉള്‍ക്കൊള്ളാനാവുന്നില്ല എന്നത് പരിശോധിക്കേണ്ട ഒന്നാണ്.
ഇങ്ങനെ പറയുമ്പോള്‍ കമ്യൂണിസ്റ്റുകളും മറ്റ് ഇടതുപക്ഷങ്ങളും മാത്രമാണ് രാഷ്ട്രീയ ശരി എന്നല്ല അര്‍ഥ മാക്കുന്നത്. തീര്‍ച്ചയായും ഇവരുയര്‍ത്തി പ്പിടിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെ പ്രായോഗിക തലത്തിലെ പരാജയങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. ജാതിക്കും മതത്തിനും അതീതമായ മാനവികതയേയും വര്‍ഗീയവിരുദ്ധതയേയും ഉയര്‍ത്തിപ്പിടിക്കുന്ന കാര്യത്തില്‍ വലതുപക്ഷത്തെക്കാള്‍ രാഷ്ട്രീയ സത്യസന്ധത പുലര്‍ത്തുന്നവര്‍ ഇടതുപക്ഷങ്ങള്‍ തന്നെയാവും എന്ന യാഥാര്‍ഥ്യബോധമാണ് ന്യൂനപക്ഷങ്ങള്‍ക്കുണ്ടാവേണ്ടത്. അതില്ലാത്തിടത്തോളം ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും ന്യൂനപക്ഷ രാഷ്ട്രീയ കക്ഷികള്‍ അവരുടെ മിത്രങ്ങളെ തിരിച്ചറിയുന്നതില്‍ വലിയ പരാജയമാണെന്ന് സമ്മതിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

Latest