ഫലസ്തീന്‍ പൗരനെ ജൂത കുടിയേറ്റക്കാരന്‍ വെടിവെച്ചു കൊന്നു; വ്യാപക പ്രക്ഷോഭം

Posted on: May 19, 2017 12:25 am | Last updated: May 18, 2017 at 11:28 pm
വെടിയേറ്റ് നിലത്ത് വീണ ഫലസ്തീന്‍ യുവാവും മാധ്യമ പ്രവര്‍ത്തകനും

വെസ്റ്റ് ബാങ്ക്: നിരാഹാരം കിടക്കുന്ന ഫലസ്തീന്‍ തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന പ്രക്ഷോഭത്തിടെ ഇസ്‌റാഈല്‍ കുടിയേറ്റക്കാരന്റെ വെടിവെപ്പ്. ആക്രമണത്തില്‍ 23കാരനായ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. വെസ്റ്റ് ബേങ്കിന് സമീപത്തെ ഹുവ്വാരയിലെ സൈനിക ചെക്ക്‌പോസ്റ്റിനടത്തുവെച്ചാണ് വെടിവെപ്പ് നടന്നത്. കടുത്ത ഫലസ്തീന്‍വിരുദ്ധനായ ഇസ്‌റാഈല്‍ കുടിയേറ്റക്കാരനാണ് ആക്രമണം നടത്തിയതെന്ന് ഫലസ്തീന്‍ വൃത്തങ്ങളും ദൃക്‌സാക്ഷികളും വ്യക്തമാക്കി. ഇസ്‌റാഈല്‍ സൈന്യത്തിന്റെ അറിവോടെയാണ് ആക്രമണമെന്നും അഭ്യൂഹമുണ്ട്. ആക്രമണം നടന്നതായി ഇസ്‌റാഈല്‍ സൈന്യവും സ്ഥിരീകരിച്ചു.

സൈനിക പോസ്റ്റിന് സമീപത്ത് ഏറ്റുമുട്ടലുണ്ടായതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പ്രക്ഷോഭം നടത്തിയ ഫലസ്തീന്‍ യുവാക്കള്‍ക്ക് നേരെ കാര്‍ ഇടിച്ചുകയറ്റാനുള്ള ശ്രമം നടന്നതാണ് ആക്രമണത്തിന് തുടക്കമായത്. പ്രക്ഷോഭകരെ തടയാന്‍ ശ്രമിച്ച ഇസ്‌റാഈല്‍ കുടിയേറ്റക്കാരന്‍ സൈന്യം നോക്കിനില്‍ക്കെ നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ മുവാതസ് ബിനി ശംസിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്‌റാഈല്‍ സൈന്യത്തിന്റെയും കുടിയേറ്റക്കാരുടെയും ആക്രമണത്തില്‍ ഈ വര്‍ഷം ഏഴ് കുട്ടികളടക്കം 22 പേരാണ് കൊല്ലപ്പെട്ടത്. പ്രമുഖ ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകന്‍ മാജിദി ഇശ്തയയടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
സൈന്യം നോക്കിനില്‍ക്കെ നിയമം കൈയിലെടുത്ത് ഇസ്‌റാഈല്‍ കുടിയേറ്റക്കാരന്‍ നടത്തിയ ആക്രമണത്തെ ഗൗരവമായി എടുക്കുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിനെതിരെ ഫലസ്തീനിലെ സംഘടനകളും പാര്‍ട്ടികളും കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
എന്നാല്‍, അക്രമിയെ ന്യായീകരിച്ച് ഇസ്‌റാഈല്‍ സൈനിക വക്താവ് രംഗത്തെത്തി. കുടിയേറ്റക്കാരന്റെ കാര്‍ തകര്‍ത്തതാണ് തര്‍ക്കത്തിലും പിന്നീട് വെടിവെപ്പിലേക്കും നയിച്ചതെന്നും കൊലയാളിയുടെ പേര് വിവരങ്ങള്‍ നല്‍കാനാകില്ലെന്നും സൈനിക വക്താവ് അല്‍ജസീറയോട് പറഞ്ഞു.
ന്യായമായ ആവശ്യങ്ങളുന്നയിച്ച് ഇസ്‌റാഈല്‍ ജയിലില്‍ നിരാഹാരം കിടക്കുന്ന ഫലസ്തീന്‍ പൗരന്മാര്‍ക്ക് വേണ്ടി രാജ്യവ്യാപകമായി ഐക്യദാര്‍ഢ്യ പ്രക്ഷോഭങ്ങളും നടക്കുകയാണ്. എന്നാല്‍ ഇത്തരം പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ തീരുമാനം. കഴിഞ്ഞയാഴ്ച 20കാരനായ സബ നിദാല്‍ ഉബൈദിയെന്ന യുവാവിനെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചുകൊന്നിരുന്നു.
സൈന്യത്തിന്റെ നിരന്തരമായ ആക്രമണത്തിന് പുറമെ ഇവിടുത്തെ ഇസ്‌റാഈല്‍ കുടിയേറ്റക്കാരും ഫലസ്തീന്‍ പൗരന്മാര്‍ക്ക് നേരെ ആക്രമണം നടത്താറുണ്ട്. അനധികൃതമായി ഭൂമി കൈയ്യേറി താമസിക്കുന്ന ജൂത കുടിയേറ്റക്കാര്‍ രണ്ട് വര്‍ഷത്തിനിടെ 150ഓളം ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് യു എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ കിടക്കുന്ന ഫലസ്തീന്‍ പൗരനെ കുടിയേറ്റക്കാര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചിരുന്നു.